സിനിമയ്ക്കൊപ്പം കൃഷിയിലും ഏറെ താൽപര്യമുള്ള താരമാണ് ആർ. മാധവൻ. മുംബൈയിലെ വീടിന്റെ ടെറസിൽ വിവിധയിനം പച്ചക്കറികളും പഴവർഗങ്ങളും കൃഷിചെയ്ത് അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. വെണ്ടയ്ക്ക, ബ്രൊക്കോളി, തക്കാളി, മസ്ക് മെലൺ, വെള്ളരിക്ക എന്നിങ്ങനെ പോകുന്നു താരം ജൈവൃഷിയിലൂടെ വികസിപ്പിച്ചിട്ടുള്ള ഫലങ്ങൾ. കർഷകർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ ഓരോരുത്തരും സ്വന്തമായി ഏതെങ്കിലും ഒരു പച്ചക്കറിയെങ്കിലും വളർത്തി നോക്കണമെന്ന് മാധവൻ പറയുന്നു. വീടുകളിൽ സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി അദ്ദേഹം ചില ടിപ്സും പങ്കുവെയ്ക്കുന്നു.

ജൈവ മണ്ണിൽ തുടങ്ങുക
കൃഷി ചെയ്യുന്നതിന് മുൻപ് മണ്ണിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക. താരതമ്യേന ശുദ്ധമായ മണ്ണെടുത്ത് അതിൽ പുഴയോരത്തെ മണ്ണ് കൂടി മിക്സ് ചെയ്ത് ഉപയോഗിക്കാൻ താരം നിർദ്ദേശിക്കുന്നു.
ജൈവ വിത്തുകൾ തിരഞ്ഞെടുക്കുക
ഗുണനിലവാരമുള്ള ജൈവ വിത്തുകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. താൻ ആദ്യമായി യൂറോപ്പിൽ നിന്നാണ് വിത്തുകൾ വാങ്ങിയതെങ്കിലും അവയിൽ പലതും ഇന്ത്യൻ ഇനങ്ങളായിരുന്നു എന്ന് മാധവൻ ഓർക്കുന്നു.
പ്രാദേശിക സ്രോതസ്സുകൾ കണ്ടെത്തുക
ഗ്രാമീണരുടെയും കർഷകരുടെയും പക്കൽ ജൈവ വിത്തുകളുടെ ശേഖരമുണ്ടാകാം. പ്രാദേശികമായി ലഭ്യമല്ലെങ്കിൽ ഓൺലൈനായും നല്ല വിത്തുകൾ കണ്ടെത്താവുന്നതാണ്.
ആവശ്യത്തിന് സൂര്യപ്രകാശം ഉറപ്പാക്കുക
വിത്ത് പാകിക്കഴിഞ്ഞാൽ ചെടികൾക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. സൂര്യപ്രകാശം ലഭിക്കാത്ത ഇടങ്ങളിൽ ചെടികൾ ശരിയായി വളരില്ല.
വായുസഞ്ചാരം ഉറപ്പാക്കുക
ചെടികൾ ആരോഗ്യത്തോടെ വളരാൻ നല്ല വായുസഞ്ചാരം അത്യാവശ്യമാണ്. തിങ്ങിനിറഞ്ഞോ വായുസഞ്ചാരമില്ലാതെയോ ഉള്ള ഇടങ്ങൾ ചെടിയുടെ വളർച്ചയെ തടസ്സപ്പെടുത്തും.
അനാവശ്യമായി വെള്ളം ഒഴിക്കാതിരിക്കുക
കൂടുതൽ വെള്ളം ഒഴിച്ചാൽ ചെടികൾ നന്നായി വളരുമെന്നത് തെറ്റായ ധാരണയാണ്. തുടക്കക്കാർ അമിതമായി വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണം. ചെടികളുടെ യഥാർത്ഥ ആവശ്യകത മനസ്സിലാക്കി മാത്രം വെള്ളം നൽകുക.
ചെടികളെ സംരക്ഷിക്കുക
പുതിയ മുളകൾ വരുന്ന സമയത്ത് ചെടികൾ എലികളുടെയോ മറ്റ് കീടങ്ങളുടെയോ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ട്. അതിനാൽ ചെടികൾ സുരക്ഷിതമായി വളരുന്നതിനായി ആദ്യ ഘട്ടങ്ങളിൽ അവ മൂടിവെച്ച് സംരക്ഷിക്കുക.
വലിയ ഭൂമിയില്ലാതെ തന്നെ വീടിന്റെ ബാൽക്കണിയിലോ ടെറസിലോ ജൈവകൃഷി ആരംഭിക്കാമെന്നും, ഇത് വഴി ആരോഗ്യകരമായ ഭക്ഷണം ലഭിക്കുമെന്നും മാധവന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
Discover actor R. Madhavan’s practical home gardening tips for growing organic vegetables in balconies and terraces, from choosing organic soil to pest protection.
