വിഴിഞ്ഞം കുറഞ്ഞ ചിലവിൽ കൂടുതൽ വേഗത്തിൽ ലോകത്തിന്റെ വിവിധ സാമ്പത്തിക കോണുകളിലേക്ക് ചരക്കെത്തിക്കാനുള്ള ഹബ്ബായി മാറുമെന്നതിന് തെളിവാണ് കോട്ടയത്ത് നിന്നുള്ള പുതിയ വാർത്തകൾ.

ഇന്ത്യയിൽനിന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് ചരക്ക് കയറ്റുമതി ചെയ്യാൻ സൗകര്യമൊരുങ്ങിയതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്നും കോട്ടയം പോർട്ട് ആന്റ് കണ്ടെയ്നർ ടെർമിനലിൽ നിന്നുളള ആദ്യ ഷിപ്പ്മെന്റിന് കളമൊരുങ്ങുകയാണ്.
കോട്ടയം പോർട്ടിൽനിന്നുള്ള വിഴിഞ്ഞത്തേക്കുള്ള ആദ്യ കണ്ടെയ്നർ പുറപ്പെട്ടു. കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണർ വി ആർ വിജയകുമാർ ആദ്യ ചരക്കുനീക്കം ഫ്ലാഗ് ഓഫ് ചെയ്തു.
കെ പി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിൽ നിന്നും കോട്ടയത്തിൻ്റെ തനത് ഉത്പന്നമായ റബറിൽ നിർമിച്ച മാറ്റുകളാണ് കയറ്റുമതിക്കായി വിഴിഞ്ഞം തുറമുഖത്തേക്ക് അയച്ചത്. കാനഡയിലെ ടൊറൻ്റോ പോർട്ടിലേക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്.
കൊച്ചി പോർട്ടിൽനിന്ന് അയക്കുന്നതിനേക്കാൾ മൂവായിരം ഡോളർ കുറവാണ് വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കത്തിനെന്ന് കെ പി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിസ് വ്യക്തമാക്കി.
ചെലവ് കുറഞ്ഞ രീതിയിൽ കോട്ടയത്തെ കയറ്റുമതി ഇറക്കുമതിക്കാർക്ക് വിഴിഞ്ഞം വഴി സാധനങ്ങൾ കടത്തിവിടാൻ സാധിക്കുമെന്ന് കിൻഫ്ര യുടെ സംയുക്ത സംരംഭമായ കോട്ടയം പോർട്ട് ആന്റ് കണ്ടെയ്നർ ടെർമിനൽ മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ് പറഞ്ഞു. കേരളത്തിൽനിന്ന് മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽനിന്ന് പോലും വരും ദിവസങ്ങളിൽ കയറ്റുമതി ഇറക്കുമതി സേവനങ്ങൾക്കായി കോട്ടയം പോർട്ടിനെ സമീപിച്ചുതുടങ്ങിയെന്ന് ജനറൽ മാനേജർ രൂപേഷ് ബാബു അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ഇൻലാൻഡ് വാട്ടർ പോർട്ടായ കോട്ടയം പോർട്ടിന് വിഴിഞ്ഞം തുറമുഖവുമായുള്ള ബന്ധം വൻ സാമ്പത്തി വളർച്ചക്ക് വഴിയൊരുക്കും.
റബർ ഉത്പന്നങ്ങൾക്ക് പുറമെ സുഗന്ധവ്യഞ്ജനങ്ങൾ, കയർ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും പുതിയ പാത സഹായകമാകും. സമയലാഭത്തിന് പുറമെ ചരക്കുകൂലിയിലുണ്ടാകുന്ന വലിയ കുറവ് വിഴിഞ്ഞത്തിന്റെ സവിശേഷതയായി മാറും.
Kottayam Port has flagged off its first shipment of rubber mats to Toronto, Canada via Vizhinjam International Seaport, offering faster and more cost-effective cargo movement.
