2026-ലെ എം.3.എം ഹൂറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ (M3M Hurun India Rich List 2026) മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഫാമിലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 9.23 ലക്ഷം കോടി രൂപ ആസ്തിയോടെ അദാനി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, മുൻവർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനിയുടെ ആസ്തി 10 ശതമാനം കുറഞ്ഞ് 8.63 ലക്ഷം കോടി രൂപയായി. റോഷ്നി നാടാർ മൽഹോത്രയാണ് രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിത. അതേസമയം, രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം സർവകാല റെക്കോർഡായ 391 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 27 പുതിയ ശതകോടീശ്വരന്മാരാണ് ഇത്തവണ പട്ടികയിൽ പുതുതായി ഇടംനേടിയത്.

പരമ്പരാഗത വ്യവസായങ്ങൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധരംഗം, ഹരിത ഊർജം, നിർമ്മാണം തുടങ്ങിയ മേഖലകൾ രാജ്യത്തെ സമ്പത്ത് രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആദ്യമായി ഒരു പ്രധാന സമ്പത്ത് സൃഷ്ടിക്കുന്ന മേഖലയായി മാറിയത് ഇത്തവണത്തെ പ്രത്യേകതയാണ്; എ.ഐ രംഗത്തുനിന്ന് മാത്രം 19 പേരാണ് പട്ടികയിലുള്ളത്. കൂടാതെ, പട്ടികയിലുള്ളവരുടെ 70 ശതമാനവും (1,266 പേർ) സ്വന്തമായി ബിസിനസ് കെട്ടിപ്പൊക്കിയവരാണെന്നതും എടുത്തുപറയേണ്ട കാര്യമാണ്.
പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലും കാര്യമായ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. ആർസീലർ മിത്തലിന്റെ എൽ.എൻ. മിത്തലും കുടുംബവും ആസ്തി വൻതോതിൽ വർധിപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. രാജ്യത്തിന്റെ സമ്പദ്തലസ്ഥാനമായി മുംബൈ തുടരുമ്പോൾ, പ്രധാന നഗരങ്ങൾക്കു പുറമെ ചെറുകിട നഗരങ്ങളിലും വിദേശത്തുമായി ഇന്ത്യക്കാരായ സമ്പന്നരുടെ സാന്നിധ്യം ശക്തമായിട്ടുണ്ട്. മൊത്തത്തിലുള്ള ആസ്തിയിൽ വലിയൊരു ഭാഗം ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, പുതിയ കാലത്തെ സാങ്കേതികവിദ്യകളും നിർമ്മാണ മേഖലയിലെ വളർച്ചയും രാജ്യത്ത് പുതിയ സമ്പന്നരുടെ നിര വിപുലമാക്കുന്നുണ്ടെന്നാണ് ഈ പട്ടിക വ്യക്തമാക്കുന്നത്.
Gautam Adani overtakes Mukesh Ambani to reclaim the top spot on the 2026 Hurun India Rich List as India’s billionaire count touches a record 391.
