രാജ്യത്തെ റെയിൽവേ ഗതാഗതത്തിൽ ഹരിത ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ട്രെയിനിന് പിന്നാലെ ആദ്യ എൽ.എൻ.ജി.-ഡീസൽ ഡെമു (DEMU) ട്രെയിനും ഇന്ത്യയിൽ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെ സബർമതിയിൽ നിന്ന് മഹേസാനയിലേക്കാണ് രാജ്യത്തെ ആദ്യ എൽ.എൻ.ജി. ട്രെയിൻ സർവീസ് തുടങ്ങിയത്. ഈ വർഷം ജൂലൈയിൽ ജിന്ദ്-സോണിപത് റൂട്ടിൽ ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ എൽ.എൻ.ജി. ട്രെയിനും റെയിൽവേ ശൃംഖലയുടെ ഭാഗമാകുന്നത്.

ഈ രണ്ട് ഇതര ഇന്ധന ട്രെയിനുകളുടെയും സാങ്കേതികവിദ്യയും പ്രവർത്തനരീതിയും തികച്ചും വ്യത്യസ്തമാണ്. ഹൈഡ്രജൻ ട്രെയിൻ ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് ഫ്യുവൽ സെൽ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ഉത്പാദിപ്പിച്ചാണ് പ്രവർത്തിക്കുന്നത്, ഇതിൽ ജലബാഷ്പം മാത്രമാണ് ഉപോൽപ്പന്നമായി പുറന്തള്ളുന്നത്. എന്നാൽ എൽ.എൻ.ജി. ട്രെയിൻ ആന്തരിക ജ്വലന എഞ്ചിനിൽ ഡീസലിനൊപ്പം എൽ.എൻ.ജി. കൂടി ഉപയോഗിക്കുന്ന ഇരട്ട ഇന്ധന (Dual-fuel) സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ പരമ്പരാഗത ഡീസൽ ഉപഭോഗത്തിന്റെ ഏകദേശം 40 ശതമാനത്തോളം കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.
ഇന്ധന ഉപഭോഗം, പരിധി, മലിനീകരണം എന്നിവയിലും ഇവയ്ക്ക് പ്രകടമായ വ്യത്യാസങ്ങളുണ്ട്. എൽ.എൻ.ജി. ട്രെയിനിലെ ഒരു പവർ കാറിന് ഏകദേശം 2,200 ലിറ്റർ ശേഷിയുണ്ട്, ഇത് ഒറ്റത്തവണ ഫുൾ ടാങ്ക് ചെയ്യുമ്പോൾ ഏകദേശം 444 കിലോമീറ്റർ സഞ്ചരിക്കാൻ സഹായിക്കുകയും പ്രതിവർഷം ലക്ഷക്കണക്കിന് രൂപയുടെ ഇന്ധനച്ചെലവ് ലാഭിക്കുകയും ചെയ്യുന്നു. മറുവശത്ത് ഹൈഡ്രജൻ ട്രെയിൻ പൂർണ്ണമായും പൂജ്യം മലിനീകരണമുള്ള ഹരിത സാങ്കേതികവിദ്യയാണ് പിന്തുടരുന്നത്. ഇങ്ങനെ സാങ്കേതികവിദ്യയിലും പ്രവർത്തനക്ഷമതയിലും വ്യത്യസ്തമായ രണ്ട് നവീന ട്രെയിൻ സംവിധാനങ്ങളാണ് നിലവിൽ ഇന്ത്യൻ റെയിൽവേയുടെ പക്കലുള്ളത്.
Compare India’s LNG dual-fuel DEMU train and Hydrogen fuel cell train in technology, operational range, fuel savings, and environmental impact as Indian Railways shifts to green energy.
