കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപിൽ നടപ്പാക്കാനിരുന്ന സീപ്ലെയിൻ സർവീസ് അനിശ്ചിതത്വത്തിൽ. പ്രമുഖ സാമ്പത്തിക മാധ്യമമായ ‘ബിസിനസ് ലൈൻ’ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, എല്ലാ മുൻകൂർ അനുമതികളും വലിയ തയ്യാറെടുപ്പുകളും പൂർത്തിയായ ശേഷം ലക്ഷദ്വീപ് ഭരണകൂടം പെട്ടെന്ന് പിന്തുണ പിൻവലിച്ചതോടെയാണ് ‘സ്കൈഹോപ്പ് ഏവിയേഷൻ’ (SkyHop Aviation) കമ്പനിയുടെ പദ്ധതി പ്രതിസന്ധിയിലായത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (DGCA) മറ്റ് ഉന്നത വകുപ്പുകളുടെയും അനുമതികൾ ലഭിക്കുകയും, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ (AAI) വാട്ടർ എഡ്രോം ഓപ്പറേറ്ററായി നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടർന്ന് അഞ്ച് ദ്വീപുകളിൽ വാട്ടർ ജെട്ടികൾ നിർമ്മിക്കുകയും 40-ലധികം ട്രയൽ സർവീസുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് അഡ്മിനിസ്ട്രേഷന്റെ അപ്രതീക്ഷിത പിന്മാറ്റം. വാട്ടർ എഡ്രോം നടത്തിപ്പിൽ പരിചയക്കുറവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബർ 21-നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ മുൻ തീരുമാനങ്ങൾ പിൻവലിക്കുന്നതായി എയർപോർട്ട് അതോറിറ്റിക്ക് ഇമെയിൽ സന്ദേശം അയച്ചത്.
മൺസൂണിന് ശേഷം സർവീസുകൾ ആരംഭിക്കാമെന്ന ഉറപ്പിൽ കമ്പനി വിമാനങ്ങളും പൈലറ്റുമാരെയും എഞ്ചിനീയർമാരെയും സ്വന്തം ചെലവിൽ നിലനിർത്തുകയും ലക്ഷക്കണക്കിന് രൂപയുടെ മുതൽമുടക്ക് നടത്തുകയും ചെയ്തിരുന്നുവെങ്കിലും, യാതൊരു മുൻകൂർ വ്യക്തതയുമില്ലാതെ പ്രൊജക്റ്റ് തടസ്സപ്പെടുകയായിരുന്നു. ഇത് ഓപ്പറേറ്റർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സംഭവവികാസങ്ങളെ തുടർന്ന് പ്രശ്നത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും, ഉടൻ തന്നെ അനുകൂലമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു
The Lakshadweep seaplane project hits a roadblock after the local administration abruptly withdraws support, prompting intervention from the Ministry of Civil Aviation
