വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് കേരള സർക്കാരിന്റെ ഫിഷറീസ് വകുപ്പ് ഭരണാനുമതി നൽകി. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കാനും മത്സ്യം കയറ്റി ഇറക്കാനും പുതിയ ഹാർബർ ഏറെ സഹായകരമാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.പദ്ധതിയുടെ ഭാഗമായി 235 മീറ്റർ നീളമുള്ള പുലിമുട്ടും (breakwater), 500 മീറ്റർ നീളത്തിൽ എൽ (L) ആകൃതിയിലുള്ള ഫിഷറി ബെർത്തും നിർമ്മിക്കും.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് നിലവിലുള്ള ഹാർബറിന്റെ പ്രവേശന കവാടത്തിലുണ്ടായ തിരമാലകളുടെ വ്യതിയാനം മത്സ്യത്തൊഴിലാളികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (CWPRS) നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാർബറിന്റെ ഘടന പരിഷ്കരിച്ച് പുതിയ നിർമ്മാണത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതിനുപുറമെ ഡ്രെഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഘട്ട പാരിസ്ഥിതിക, കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) അനുമതികളുടെ പ്രത്യേക വ്യവസ്ഥകളുടെ ഭാഗമായാണ് ഈ നിർമ്മാണം നടപ്പിലാക്കുന്നത്. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ (APSEZ) ഉപസ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) ആണ് ഈ ഫിഷിംഗ് ഹാർബർ പദ്ധതിയുടെ കൺസെഷനയർ. സർക്കാരുമായി ഉണ്ടാക്കിയ തുറമുഖ കൺസെഷൻ കരാറിലെ ഫണ്ടഡ് വർക്ക്സ് വ്യവസ്ഥകൾ അനുസരിച്ചായിരിക്കും പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
Kerala government grants administrative approval for a new fishing harbour at Vizhinjam, featuring a 235-metre breakwater and 500-metre fishing berth.
