രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ബ്രസീലിലെ കടലിൽ നിന്നുള്ള എണ്ണ പര്യവേക്ഷണ പദ്ധതിക്കായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) 3 ബില്യൺ ഡോളറിന്റെ അന്താരാഷ്ട്ര ബോണ്ട് പുറത്തിറക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനിയായ ബി.പി.സി.എൽ, വിവിധ ഘട്ടങ്ങളിലായാണ് ഈ തുക സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. നിക്ഷേപകരുടെ താൽപര്യം വിലയിരുത്തുന്നതിനായി ലണ്ടൻ, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ കമ്പനി റോഡ്ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ബ്രസീലിലെ സമുദ്രാന്തര എണ്ണ-പ്രകൃതിവാതക പദ്ധതിയായ ‘SEAP-I’-ൽ കമ്പനിക്കുള്ള 2.8 ബില്യൺ ഡോളറിന്റെ നിക്ഷേപം കണ്ടെത്താനും, അടുത്ത വർഷം കാലാവധി പൂർത്തിയാകുന്ന കടങ്ങൾ പുനഃക്രമീകരിക്കാനുമാണ് ഈ ബോണ്ട് വഴി ഫണ്ട് സമാഹരിക്കുന്നത്. ബി.പി.സി.എല്ലിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് (BPRL) വഴിയാണ് ബ്രസീലിലെ പദ്ധതികളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുള്ളത്. ബ്രസീലിന്റെ ഔദ്യോഗിക എണ്ണക്കമ്പനിയായ പെട്രോബ്രാസ് (Petrobras) ആണ് ഈ പദ്ധതിയുടെ പ്രധാന നടത്തിപ്പുകാർ. ‘SEAP-I’ പദ്ധതിയിൽ ബി.പി.സി.എല്ലിന് 40 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ആഗോളതലത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറുമതി സുരക്ഷിതമാക്കാനും വിതരണം വൈവിധ്യവത്കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പെട്രോബ്രാസിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതിയിലൂടെ 2030ഓടെ എണ്ണ ഉൽപാദനവും 2031ഓടെ പ്രകൃതിവാതക ഉൽപാദനവും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോള ഊർജ്ജ രംഗത്ത് കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ അന്താരാഷ്ട്ര നിക്ഷേപം ഏറെ സഹായിക്കുമെന്ന് ബി.പി.സി.എൽ വ്യക്തമാക്കി.
BPCL plans to raise $3 billion through international bonds to fund its Brazil oil and gas investments and restructure debt, strengthening India’s energy security.
