ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള പ്രധാന ആസ്റ്റ്റോയ്ഡ് ബെൽറ്റിലെ (asteroid belt) ഏഴ് വ്യത്യസ്ത ഛിന്നഗ്രഹങ്ങളെ ലക്ഷ്യമിട്ട് പുതിയ ബഹിരാകാശ ദൗത്യവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. 2028 മാർച്ച് മാസത്തിൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിരിക്കുന്ന ‘എം.ബി.ആർ എക്സ്പ്ലോറർ’ (MBR Explorer) എന്ന പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന പേടകം, സൗരയൂഥത്തിന്റെ വിവിധ ഭാഗങ്ങൾ താണ്ടിയാണ് യാത്ര പൂർത്തിയാക്കുക. 2028 പകുതിയോടെ ശുക്രനെയും 2029ൽ ഭൂമിയെയും കടന്നുപോകുന്ന പേടകം, 2034-ഓടെ അന്തിമ ലക്ഷ്യസ്ഥാനമായ ‘269 ജുസ്തിഷ്യ’ (269 Justitia) എന്ന ഛിന്നഗ്രഹത്തിന് സമീപമെത്തും.
ഏഴ് മാസത്തോളം 269 ജുസ്തിഷ്യയെ വലംവെയ്ക്കുന്ന പേടകം, അതിൻ്റെ ഉപരിതല ഘടന വിശകലനം ചെയ്യുന്നതിനായി ഒരു ലാൻഡറിനെയും ഇറക്കും. നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനപ്പുറമുള്ള കൈപ്പർ ബെൽറ്റിൽ രൂപംകൊണ്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിലൂടെ സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ജലത്തിന്റെയും മറ്റ് ജൈവ വസ്തുക്കളുടെയും വിതരണത്തെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുന്ന യു.എ.ഇ, 2031-ഓടെ ലോകത്തിലെ ഏറ്റവും മികച്ച 10 ബഹിരാകാശ സമ്പദ്വ്യവസ്ഥകളിൽ ഒന്നായി മാറാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് 12 ബില്യൺ ഡോളറിലധികം മൂല്യമുണ്ട്.
