ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാർഷിക യാത്രാ ശേഷി 125 മില്യണായി ഉയർത്തുന്നതിനായി 7,000 കോടി രൂപയുടെ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു. ടെർമിനലുകളുടെ വിപുലീകരണവും വിമാന സ്റ്റാൻഡുകളുടെ വർദ്ധനവും അടങ്ങിയ ഈ മാസ്റ്റർ പ്ലാൻ അടുത്ത ദശകത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ടെർമിനൽ 1-ന്റെ വാർഷിക ശേഷി 45 മില്യണായും, ടെർമിനൽ 3-ന്റെ ശേഷി 66 മില്യണായും ഉയർത്തും.

വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന 7.3 കിലോമീറ്റർ ദൂരമുള്ള ‘ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ’ (APM) ആണ് പദ്ധതിയുടെ മറ്റൊരു പ്രധാന പ്രത്യേകത. T1, T3, കാർഗോ ഏരിയ, എയ്റോസിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന ഈ ഡ്രൈവറില്ലാ സംവിധാനം 2030-ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധുവായ ബോർഡിംഗ് പാസുള്ള യാത്രക്കാർക്ക് ഈ എപിഎം സേവനം സൗജന്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
