വിദേശയാത്ര നടത്തുന്ന യാത്രക്കാർക്കായി പുതിയ റോമിങ് സേവനവുമായി എയർ ഇന്ത്യ. ടാറ്റാ കമ്മ്യൂണിക്കേഷൻസുമായി ചേർന്ന് ‘ഈസി റോം’ (EasyRoam) എന്ന പേരിൽ എയർ ഇന്ത്യയുടെ ബ്രാൻഡഡ് ട്രാവൽ സിം കാർഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര യാത്രകളിൽ തടസ്സമില്ലാത്ത വോയ്സ് കോളും ഡാറ്റാ കണക്റ്റിവിറ്റിയും ഉറപ്പാക്കാൻ സഹായിക്കുന്ന ഈ സേവനം ഫിസിക്കൽ സിം ആയും ഇ-സിം (eSIM) ആയും ലഭ്യമാകും.

എയർ ഇന്ത്യയുടെ പ്രത്യേക വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ഇത് സ്വന്തമാക്കാം. തുടക്കത്തിൽ സിം കാർഡ് തികച്ചും സൗജന്യമായാണ് നൽകുന്നത്, എങ്കിലും റോമിങ് പായ്ക്ക് ചാർജുകൾ ബാധകമായിരിക്കും. വടക്കേ അമേരിക്ക, യുകെ ഉൾപ്പെടെയുള്ള യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ് എന്നിങ്ങനെ 30ഓളം രാജ്യങ്ങളിൽ ആദ്യഘട്ടത്തിൽ ഈ സേവനം ലഭ്യമാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Air India partners with Tata Communications to launch ‘EasyRoam’, providing branded physical and eSIM travel cards with free initial issue for international passengers across 30 countries.
