ഇന്ത്യയിൽ പ്രവർത്തനാനുമതി വൈകുന്നതിന് പിന്നിൽ മുകേഷ് അംബാനിയുടെ സ്വാധീനമാണെന്ന ഇലോൺ മസ്കിന്റെ ആരോപണങ്ങൾക്കിടെ, വിദേശ നിയന്ത്രണത്തിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ അധികൃതർ. സ്റ്റാർലിങ്കിന് ലൈസൻസ് നൽകാത്തതിൽ കേന്ദ്ര സർക്കാരിനെയും അംബാനിയെയും ലക്ഷ്യമിട്ട് മസ്ക് നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ട്. സാങ്കേതികവിദ്യക്കോ വിദേശ നിക്ഷേപത്തിനോ ആരും എതിരല്ലെന്നും എന്നാൽ രാജ്യസുരക്ഷയും ഡാറ്റാ സംരക്ഷണവും മുൻനിർത്തി മാത്രമേ തീരുമാനമെടുക്കൂ എന്നും വാർത്താവിനിമയ സാങ്കേതികവിദ്യയ്ക്കായുള്ള പാർലമെന്ററി സമിതി അധ്യക്ഷൻ നിഷികാന്ത് ദുബെ വ്യക്തമാക്കി. ഇന്ത്യ ഒരു വിദേശ സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും ദേശീയ താല്പര്യം മുൻനിർത്തി മാത്രമേ നയരൂപീകരണം നടത്തൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസമാധാന പ്രശ്നങ്ങളോ വർഗീയ സംഘർഷങ്ങളോ ഉണ്ടാകുമ്പോൾ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ പ്രാദേശികമായി ഇന്റർനെറ്റ് വിച്ഛേദിക്കുന്ന രീതിയാണ് സാധാരണ അധികൃതർ സ്വീകരിക്കാറുള്ളത്. എന്നാൽ പൂർണ്ണമായും വിദേശത്ത് നിന്ന് നിയന്ത്രിക്കപ്പെടുന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നിലവിൽ വരുന്നത് ഇത്തരം സാഹചര്യങ്ങളിൽ നിയന്ത്രണം കടുപ്പമാക്കുമെന്ന് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളും രഹസ്യാന്വേഷണ ഏജൻസികളും പാർലമെന്ററി സമിതിക്ക് മുന്നിൽ മുന്നറിയിപ്പ് നൽകി. പൗരന്മാരുടെ സ്വകാര്യതയും വിവര സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം തദ്ദേശീയ കമ്പനികൾക്ക് തുല്യ അവസരം ഉറപ്പാക്കേണ്ടതും അത്യന്താപേക്ഷിതമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ
Indian intelligence and defense ministries warn against foreign-controlled satellite internet services like Starlink over severe national security and data privacy concerns
