സൈബർ കുറ്റകൃത്യ അന്വേഷണങ്ങൾ ശക്തമാക്കുന്നതിനായി എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ‘സൈബിളുമായി’ (Cyble) കേരള പൊലീസ് മൂന്ന് വർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സൈബിളിന്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനമായ സൈബിൾ ഇൻഫോസെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് കരാർ നിലവിൽ വന്നത്.

കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിങ്ങിനും സൈബർഡോമിനും ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും റാൻസംവെയർ, ഫിഷിങ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി അന്വേഷിക്കാനും ഈ പങ്കാളിത്തം സഹായമാകും. ഡാർക്ക് വെബിലെ രഹസ്യ വിപണികൾ വഴി വിവരങ്ങൾ ചോർത്തുന്നതും റാൻസംവെയർ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സാങ്കേതിക വിജ്ഞാന കൈമാറ്റത്തിനായി ഇത്തരമൊരു നീക്കം.
ധാരണാപത്രത്തിന്റെ ഭാഗമായി സൈബിളിന്റെ പ്രധാന പ്ലാറ്റ്ഫോമുകൾ വിലയിരുത്താനായി പൊലീസിന് സൗജന്യമായി ലഭ്യമാക്കും. കൂടാതെ, ഓപ്പൺ സോഴ്സ് ഇന്റലിജൻസ് (OSINT), ഡാർക്ക് വെബ് അന്വേഷണങ്ങൾ എന്നിവയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും സാമ്പത്തിക തട്ടിപ്പുകൾ, ഡീപ്പ് ഫേക്ക്, വ്യാജ അക്കൗണ്ട് ശൃംഖലകൾ എന്നിവയെക്കുറിച്ച് സംയുക്ത ഗവേഷണങ്ങൾ നടത്താനും കരാർ ലക്ഷ്യമിടുന്നു.
പരമ്പരാഗത രീതികൾക്കപ്പുറമുള്ള തത്സമയ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് അന്വേഷണ മികവും പൊതുജനങ്ങളുടെ സുരക്ഷയും വർധിപ്പിക്കുമെന്ന് കേരള പൊലീസിനെ പ്രതിനിധീകരിച്ച് സൈബർ ഓപ്പറേഷൻസ് എസ്.പി അങ്കിത് അശോകൻ അഭിപ്രായപ്പെട്ടു. പൊതുജനങ്ങൾക്കിടയിൽ സൈബർ സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഈ പങ്കാളിത്തത്തിന്റെ ഭാഗമായി നടപ്പിലാക്കും. അതിർത്തികൾ കടന്നുനടക്കുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് കൃത്യസമയത്തുള്ള ഇന്റലിജൻസ് വിവരങ്ങൾ അത്യന്താപേക്ഷിതമാണെന്നും സൈബർഡോമിന്റെ മുൻകൈയെടുത്തുള്ള പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുമെന്നും സൈബിൾ സി.ഇ.ഒ ബിനു അറോറ പറഞ്ഞു.
Kerala Police partners with AI-powered cybersecurity firm Cyble under a 3-year MoU to enhance cybercrime investigation, dark web monitoring, and officer training.
