അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. നിലവിൽ 240 ബില്യൺ ഡോളറെന്ന റെക്കോർഡ് നേട്ടത്തിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചർച്ചകളുടെ തുടർനടപടിയാണിതെന്ന് മുംബൈയിൽ നടന്ന ‘ഫ്രീഡം 250’ സ്വീകരണ ചടങ്ങിൽ ഗോർ ചൂണ്ടിക്കാട്ടി. സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, ഊർജം, പ്രതിരോധം, സൂപ്പർ ഇന്റലിജൻസ് എന്നീ ഭാവി അധിഷ്ഠിത മേഖലകളിൽ വലിയ സാമ്പത്തിക പങ്കാളിത്തമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ വളർച്ചയിൽ അമേരിക്കയ്ക്കുള്ള വിശ്വാസത്തിന്റെ തെളിവാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ഞൂറിലധികം പ്രമുഖ യു.എസ് കമ്പനികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം മികച്ച ഉയരത്തിലാണെന്ന് ചടങ്ങിൽ സംസാരിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എല്ലാ വിഷയങ്ങളിലും ഇരുരാജ്യങ്ങൾക്കും ഒരേ അഭിപ്രായമായിരിക്കില്ലെങ്കിലും, ഇരുരാജ്യങ്ങളുടെയും അടിസ്ഥാന പരമായ ദേശീയ താല്പര്യങ്ങൾ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയും 150 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയും തമ്മിലുള്ള ഈ പങ്കാളിത്തത്തിന് 21-ാം നൂറ്റാണ്ടിന്റെ ഗതി നിർണ്ണയിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഔഷധ മേഖല തുടങ്ങിയവ ഉൾപ്പെടുത്തി ഇടക്കാല വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും പുരോഗമിക്കുന്നതിനിടെയാണ് യു.എസ് ഉന്നത ഉദ്യോഗസ്ഥരുടെ ഈ നിർണായക പ്രസ്താവനകൾ പുറത്തുവരുന്നത്.
US aims to double India-US bilateral trade to $500 billion over the next three years, focusing on semiconductors, defense, and energy collaboration.
