സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (CEPA) ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളർ കടന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി മുംബൈയിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, പ്രതിരോധം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായതായി ഇരുനേതാക്കളും വിലയിരുത്തി. ആഗോളതലത്തിലെ പ്രതിസന്ധികൾക്കിടയിലും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക പങ്കാളിത്തം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്നും, പരസ്പര നിക്ഷേപങ്ങൾ ഇരുസെക്ടറുകളിലെയും വ്യവസായങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

അതേസമയം, ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികളിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ചർച്ചകളും നയതന്ത്ര മാർഗ്ഗങ്ങളും മാത്രമാണ് പോവഴിയെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരം, ഊർജം, വളം എന്നിവയുടെ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഒഴുക്കിന് ഇന്ത്യ നൽകുന്ന പിന്തുണയും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎഇയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ യുഎഇ നേതൃത്വം നൽകിവരുന്ന പിന്തുണയ്ക്ക് ജയശങ്കർ നന്ദി അറിയിക്കുകയും, സന്ദർശനത്തിനായി എത്തിയ യുഎഇ മന്ത്രിയെ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു.
India-UAE bilateral trade crosses $100 billion (₹9.5 lakh crore) following the CEPA agreement, as External Affairs Minister S. Jaishankar meets UAE counterpart in Mumbai.
