സൊമാറ്റോ (Zomato) സഹസ്ഥാപകൻ ദീപിന്ദർ ഗോയലിന്റെ പുതിയ ബ്രെയിൻ-മോണിറ്ററിങ് വെയറബിൾ ഉപകരണമായ ‘ടെമ്പിളിന്റെ’ (Temple) പ്രീ-ഓർഡർ നവംബർ 1-ന് ആരംഭിക്കും. ലൈഫ് ടൈം സബ്സ്ക്രിപ്ഷൻ ഉൾപ്പെടെ 85,000 രൂപയാണ് ഉപകരണത്തിന്റെ വിലയെന്നാണ് എർലി ആക്സസ് വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കമ്പനി ഔദ്യോഗികമായി വില വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആദ്യ ബാച്ചിൽ വളരെ കുറഞ്ഞ യൂണിറ്റുകൾ മാത്രമാണ് പുറത്തിറക്കുന്നത്. ഉപയോക്താക്കൾ ഓർഡർ ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ ഡെലിവറി ലഭിക്കുമെന്ന് ദീപിന്ദർ ഗോയൽ എക്സിൽ വ്യക്തമാക്കി. ഉൽപ്പന്നത്തിന്റെ ഗുണനിലവാരം പൂർണ്ണമായും ഉറപ്പാക്കുന്നതിനായാണ് ‘ഗ്രോ സ്ലോ’ (Grow slow) നയം സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയാകും ആദ്യ ബാച്ചായ ‘ബാച്ച് 01’ (Batch 01) പുറത്തിറക്കുക.
പ്രധാന സവിശേഷതകൾ
തലച്ചോറിലെ രക്തയോട്ടത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിലൂടെ ശരീരത്തിന് ഏൽക്കുന്ന ശാരീരിക സമ്മർദ്ദം (physiological strain) മനസ്സിലാക്കാൻ സഹായിക്കുന്ന ചെറിയ പിൽ-ആകൃതിയിലുള്ള ഉപകരണമാണിത്. ‘ബ്രെയിൻഫ്ലോ’ (BrainFlow) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഉറക്കം, കഫീൻ, വ്യായാമം, സമ്മർദ്ദം എന്നിവയെ ആശ്രയിച്ച് 1 മുതൽ 250 വരെയുള്ള ‘എൻട്രോപ്പി സ്കോർ’ (Entropy score) ഇത് നൽകും.
‘ഗ്രിപ്സ്’ (Grips) എന്ന് വിളിക്കുന്ന ഡിസ്പോസിബിൾ ഗ്ലൂ ബാൻഡുകൾ ഉപയോഗിച്ച് തലയുടെ വശത്തായിട്ടാണ് ഇത് ഒട്ടിച്ചുവെക്കുന്നത്. ഓടുമ്പോഴും നീന്തുമ്പോഴും കുളിക്കുമ്പോൾ പോലും ഇത് ധരിക്കാം (സ്കൂബ ഡൈവിംഗ് ഒഴികെ). മെഡിക്കൽ രോഗനിർണയത്തിനല്ല, മറിച്ച് വ്യക്തിഗത ആരോഗ്യ നിരീക്ഷണത്തിനും ഗവേഷണത്തിനുമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ട്രൂ ഗോൾഡ്, റോസ് ഗോൾഡ്, ബ്ലാക്ക് മിറർ, റിയൽ ജേഡ്, ഡീപ്പ് ബ്ലൂ, പർപ്പിൾ ഫങ്ക് എന്നീ ആറ് നിറങ്ങളിൽ ഈ വെയറബിൾ ഉപകരണം ലഭ്യമാകും. ഇതിൽ റിയൽ ജേഡ്, ഡീപ്പ് ബ്ലൂ, പർപ്പിൾ ഫങ്ക് എന്നിവ ലിമിറ്റഡ് എഡിഷൻ വേരിയന്റുകളാണ്.
യൂട്യൂബർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ ദീപിന്ദർ ഗോയൽ ഈ ഉപകരണം ധരിച്ച് എത്തിയതോടെയാണ് ഇത് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവും മത്സരവേദികളിൽ ഇത് ധരിച്ചിരുന്നു.
Zomato co-founder Deepinder Goyal’s AI-powered brain-monitoring wearable ‘Temple’ will be available for pre-order starting November 1 at ₹85,000
