KSRTC-യുടെ തലവര തിരുത്തിക്കുറിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് നിരത്തിലെ താരങ്ങളായ ഡബിൾ ഡെക്കർ സർവീസുകൾ. മൂന്നാറിന് പിന്നാലെ ഇതാ കണ്ണൂരിലും 11 ദിവസം കൊണ്ട് ആറ് ലക്ഷം രൂപയെന്ന വൻ വരുമാന നേട്ടമാണ് ഈ സർവീസുകൾ നേടിക്കൊടുത്തത്. കണ്ണൂർ ദസറയിൽ ഹിറ്റായതു കൊച്ചിയിൽ നിന്നെത്തിച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസാണ്.

മുകൾഭാഗം തുറന്ന ഡബിൾ ഡെക്കർ ബാസ്സ് യാത്രയിൽ ദസറ ആഘോഷത്തിൽ തിളങ്ങി നിൽക്കുന്ന കണ്ണൂ൪ നഗരത്തെ കാണാൻ തിരക്കേറുകയായിരുന്നു. വൈകിട്ട് 5 മുതൽ രാത്രി 10 വരെയായിരുന്നു ആദ്യം സർവീസ് നിശ്ചയിച്ചത്. ബസിൽ കയറാൻ രണ്ട് മണിക്കൂറോളം ആളുകൾ കാത്തുനിന്ന അവസ്ഥയും ഉണ്ടായിരുന്നു. തിക്കിത്തിരക്കി കയറുന്ന സാഹചര്യം ഒഴിവാക്കാൻ ടോക്കൺ സമ്പ്രദായവും കെഎസ്ആർടിസിയ്ക്ക് ഏർപ്പെടുത്തേണ്ടി വന്നു.
കണ്ണൂർ കോർപ്പേറേഷൻ്റെ നേതൃത്വത്തിൽ പത്ത് ദിവസം നീണ്ട ദസറ ആഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമായ നഗരം കാണാൻ എത്തിയവരെല്ലാം ഡബിൾ ഡക്കർ ബസ് പ്രയോജനപ്പെടുത്തുകയായിരുന്നു. ഇതോടെ പ്രതിദിനം 20,000 രൂപ കളക്ഷൻ പ്രതീക്ഷിച്ച കെഎസ്ആർടിസിയ്ക്ക് ശരാശരി 60,000ന് മുകളിലാണ് ദിവസവും ലഭിച്ചത്. 11 ദിവസം കൊണ്ട് 6,01,950 രൂപയാണ് ആകെ വരുമാനം ലഭിച്ചത്. ഒക്ടോബർ 12 മുതൽ 22 വരെയിരുന്നു സർവീസ്. ഏറ്റവും കൂടുതൽ വരുമാനം ആയ 80,250 രൂപ ഒക്ടോബർ 21 ബുധനാഴ്ച നേടി.
താഴത്തെ നിലയിൽ 28 സീറ്റുകളും മുകൾത്തട്ടിൽ 36 സീറ്റുകളുമായി ആകെ 64 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ബസായിരുന്നു സർവീസിന് എത്തിച്ചത് . 40 മിനിറ്റ് യാത്രയ്ക്ക് 100, 50 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക് .പഴയ ബസ് സ്റ്റാൻഡ് – എകെജി ആശുപത്രി – താണ – പ്ലാസ – മുനീശ്വരൻ കോവിൽ – പഴയ ബസ് സ്റ്റാൻഡ് റൂട്ടിലാണ് ബസ് സർവീസ് നടത്തിയത്.
താഴ്ന്നു കിടക്കുന്ന വൈദ്യുതി കമ്പികളും മരച്ചില്ലകളും അടക്കം തടസ്സങ്ങളില്ലാത്ത വഴികളിലൂടെയാണ് ബസ് സർവീസ് നടത്തിയത്., തുടങ്ങിയ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സ്ഥിരം ഡബിൾ ഡക്കർ സർവീസ് നടത്തിയാൽ മികച്ച വരുമാന മാർഗമാകുമെന്ന കണക്കു കൂട്ടലിലാണിപ്പോൾ കണ്ണൂർ കെ എസ് ആർ ടി സി.
Kerala KSRTC’s open-top double-decker bus generated ₹6.01 lakh in revenue over 11 days during Kannur Dasara, exceeding daily collection expectations. The success has prompted plans to explore regular services connecting major tourist attractions in Kannur.
