ഇന്ത്യൻ കര, നാവിക, വ്യോമസേനകളുടെ പോരാട്ടവീര്യവും സാങ്കേതിക തികവും ഉയർത്തുന്നതിനായി ₹2.12 ലക്ഷം കോടിയുടെ വിവിധ ആയുധ ഇടപാടുകൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (DAC) ഈ വൻകിട പദ്ധതികൾക്ക് അനുമതി നൽകിയത്. ‘ആത്മനിർഭർ ഭാരത്’ ആശയത്തിന് ഊന്നൽ നൽകി പ്രഖ്യാപിച്ച ആകെ തുകയുടെ 82 ശതമാനത്തോളം ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ത്യൻ ആഭ്യന്തര നിർമ്മാതാക്കളിൽ നിന്നായിരിക്കും സംഭരിക്കുന്നത്.

കരസേനയ്ക്കായി അത്യാധുനിക ഹൈ-മൊബിലിറ്റി വാഹനങ്ങൾ, സ്വയം നിയന്ത്രിത ട്രാക്ക്ഡ് ഗൺ സിസ്റ്റങ്ങൾ, ഗൺഷോട്ട് റെസ്പോൺസ് സിസ്റ്റങ്ങൾ, ലൈറ്റ് മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ (LMRH), ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റങ്ങൾ (VSHORADS) എന്നിവ വാങ്ങാൻ അനുമതിയായി. കൂടാതെ ആധുനിക യുദ്ധമുറകളിൽ നിർണ്ണായകമായ ലോങ് റേഞ്ച് കാമികാസെ ഡ്രോണുകൾ, നിരീക്ഷണ ഡ്രോണുകൾ, ടാങ്കുകളുടെ സുരക്ഷ ഉറപ്പാക്കുന്ന കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ എന്നിവയും സൈന്യത്തിന് ലഭിക്കും. വർഷങ്ങളായി ഉപയോഗിക്കുന്ന പഴക്കമേറിയ ചേതക്, ചീറ്റ ഹെലികോപ്റ്ററുകൾക്ക് പകരമായി കരസേനയ്ക്കും വ്യോമസേനയ്ക്കുമായി ആകെ 200 ലൈറ്റ് മൾട്ടി-റോൾ ഹെലികോപ്റ്ററുകളാണ് പുറത്തുനിന്ന് എത്തിക്കുന്നത്.
നാവികസേനയ്ക്കായി എതിരാളികളുടെ ആന്റി-ഷിപ്പ് മിസൈലുകളിൽ നിന്ന് യുദ്ധക്കപ്പലുകളെ സംരക്ഷിക്കുന്ന ആക്ടീവ് ഓഫ്ബോർഡ് ഡിസിസ്റ്റവും (AODS) തദ്ദേശീയമായി രൂപകൽപ്പന ചെയ്യുന്ന മറ്റ് പ്രധാന നാവിക പ്ലാറ്റ്ഫോമുകളും നിർമ്മിക്കും. വ്യോമസേനയ്ക്ക് പുതിയ ഹെലികോപ്റ്ററുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മുൻനിര അതിർത്തി മേഖലകളിൽ കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന മൊബൈൽ എക്സ്-ബാൻഡ് ഡോപ്ലർ വെതർ റഡാർ എന്നിവ ലഭ്യമാക്കും. തദ്ദേശീയ പ്രതിരോധ ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിലൂടെ വിദേശ ആശ്രയത്വം കുറയ്ക്കുകയും സൈന്യത്തെ സ്വയംപര്യാപ്തമാക്കുകയുമാണ് ഈ വലിയ നിക്ഷേപത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
India’s Defence Acquisition Council (DAC), chaired by Defence Minister Rajnath Singh, has cleared proposals worth ₹2.12 lakh crore to procure modern weapons, drones, and helicopters, with 82% earmarked for domestic manufacturing.
