രാജ്യത്തി വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ നിർണായക അറസ്റ്റ്. ആപ്പിന്റെ പ്രധാന നടത്തിപ്പുകാരിൽ ഒരാളും സഹസ്ഥാപകനുമായ രവി ഉപ്പലിനെ യുഎഇയിലെ ദുബായിൽ അറസ്റ്റ് ചെയ്തു. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് 46കാരനായ ഉപ്പലിനെ ദുബായ് അധികൃതർ പിടികൂടിയത്.

അനധികൃത ഓൺലൈൻ വാതുവെപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഉപ്പലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആരംഭിച്ചിട്ടുണ്ട്.
കേസിലെ മറ്റൊരു പ്രധാന പ്രതിയും മഹാദേവ് ആപ്പിന്റെ സഹസ്ഥാപകനുമായ സൗരഭ് ചന്ദ്രാകറിനെ നവംബർ ഒന്നിന് ഒമാനിൽനിന്ന് ഇന്ത്യയിലെത്തിച്ചതിന് പിന്നാലെയാണ് രവി ഉപ്പലിന്റെ അറസ്റ്റ്. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് പ്രധാന പ്രതികൾക്കെതിരെയും നിർണായക നടപടികളുണ്ടായത് അന്വേഷണത്തിൽ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
ആരാണ് രവി ഉപ്പൽ?
ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശിയാണ് രവി ഉപ്പൽ. ഇതേ പ്രദേശത്തുനിന്നുള്ള സൗരഭ് ചന്ദ്രാകറുമായി ചേർന്നാണ് മഹാദേവ് ഓൺലൈൻ ബെറ്റിങ് ശൃംഖലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.മഹാദേവ് ആപ്പിന്റെ സാമ്പത്തിക ഇടപാടുകളും ഹവാല ശൃംഖലയും നിയന്ത്രിക്കുന്നതിൽ ഉപ്പലിന് നിർണായക പങ്കുണ്ടായിരുന്നുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.
നൂറുകണക്കിന് കോടി രൂപയുടെ അനധികൃത പണമിടപാടുകൾക്ക് നേതൃത്വം നൽകിയെന്നും രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്തിരുന്നുവെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.2023 ഒക്ടോബറിൽ ഉപ്പലിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേ വർഷം ഡിസംബറിൽ ദുബായിൽ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. തുടർന്ന് അദ്ദേഹം ഇന്ത്യയിലേക്കുള്ള നിയമനടപടികളിൽനിന്ന് ഒഴിഞ്ഞുമാറിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്.ഇപ്പോൾ വീണ്ടും യുഎഇയിൽ പിടിയിലായതോടെ ഉപ്പലിനെ ഇന്ത്യയിൽ എത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
എന്താണ് മഹാദേവ് ബെറ്റിങ് ആപ്പ് കേസ്?
മഹാദേവ് ഓൺലൈൻ ബുക്ക് അഥവാ Mahadev Online Book അനധികൃത ഓൺലൈൻ വാതുവെപ്പ് ശൃംഖലയാണ്. 2019–20 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ആപ്പ് കോവിഡ് കാലത്ത് അതിവേഗം വ്യാപിച്ചതായാണ് സിബിഐയുടെ കണ്ടെത്തൽ.ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ് തുടങ്ങിയ കായിക മത്സരങ്ങളിലും വിവിധ ഓൺലൈൻ ഗെയിമുകളിലും പണം വെച്ച് വാതുവെപ്പ് നടത്തുന്നതിനുള്ള സംവിധാനങ്ങളാണ് ഈ ശൃംഖല വഴി ലഭ്യമാക്കിയിരുന്നതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ഒരു ആപ്പ് മാത്രമായിരുന്നില്ല മഹാദേവ്. നിരവധി വെബ്സൈറ്റുകളും അനുബന്ധ പ്ലാറ്റ്ഫോമുകളും പ്രാദേശിക ഓപ്പറേറ്റർമാരും ഉൾപ്പെട്ട വിപുലമായ സംവിധാനമായിരുന്നു ഇത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏജന്റുമാർ മുഖേന പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും അവർക്ക് പ്രത്യേക യൂസർ ഐഡികൾ നൽകുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണപ്രകാരം മഹാദേവ് ബെറ്റിങ് ശൃംഖലയുടെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് യുഎഇയിൽനിന്നാണ്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ പാനലുകളും ബ്രാഞ്ചുകളും അനുവദിച്ചുകൊണ്ടുള്ള ഫ്രാഞ്ചൈസി മാതൃകയാണ് ശൃംഖല ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിച്ചിരുന്ന പാനലുകളിൽനിന്നുള്ള ലാഭം നിശ്ചിത അനുപാതത്തിൽ പങ്കുവെച്ചിരുന്നുവെന്നും അനധികൃത വരുമാനം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെയും ഹവാല ഇടപാടുകളിലൂടെയും വിദേശത്തേക്ക് മാറ്റിയിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ, വിവിധ ഇടനിലക്കാർ, ഒന്നിലധികം സാമ്പത്തിക ഇടപാട് ഘട്ടങ്ങൾ എന്നിവ ഉപയോഗിച്ച് പണത്തിന്റെ യഥാർത്ഥ ഉറവിടം മറച്ചുവെക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
2019 മുതൽ പ്രവർത്തിച്ചിരുന്ന ശൃംഖലയിലൂടെ ഏകദേശം ₹80,000 കോടി രൂപയുടെ കുറ്റകൃത്യ വരുമാനം ഉണ്ടായിരിക്കാമെന്നാണ് സിബിഐയുടെ ആരോപണം. ശൃംഖലയുടെ മൊത്തം ഇടപാട് മൂല്യം, അനധികൃത വരുമാനം, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട തുക എന്നിവ ഒരേ കണക്കുകളല്ല.ഇത്രയും വലിയ സാമ്പത്തിക ഇടപാടുകൾ എങ്ങനെ നടന്നു, പണം ആരിലേക്കെല്ലാം എത്തി, ഏതൊക്കെ ബാങ്ക് അക്കൗണ്ടുകളും സ്ഥാപനങ്ങളും ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
മഹാദേവ് ആപ്പ് കേസ് ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടാൻ കാരണമായ സംഭവങ്ങളിലൊന്നായിരുന്നു സൗരഭ് ചന്ദ്രാകറിന്റെ യുഎഇയിലെ ആഡംബര വിവാഹം.2023 ഫെബ്രുവരിയിൽ നടന്ന വിവാഹാഘോഷങ്ങൾക്ക് ഏകദേശം ₹200 കോടി രൂപ ചെലവഴിച്ചതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്,അതിഥികളെ യുഎഇയിലെത്തിക്കാൻ സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ചതായും വിനോദപരിപാടികൾക്കായി പ്രമുഖരെ എത്തിച്ചതായും അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു.വിവാഹവുമായി ബന്ധപ്പെട്ട ചില പേയ്മെന്റുകൾ ഹവാല ഇടപാടുകൾ വഴിയാണ് നടത്തിയതെന്നും ഇഡി ആരോപിച്ചു.ഈ സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മഹാദേവ് ശൃംഖലയുടെ വരുമാന സ്രോതസ്സുകളും അന്വേഷണത്തിന്റെ ഭാഗമായി.
മഹാദേവ് കേസിലെ മറ്റൊരു പ്രധാന പ്രതിയായ സൗരഭ് ചന്ദ്രാകറിനെ നവംബർ ഒന്നിനാണ് ഒമാനിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. ഒമാനിലെ കോടതി കൈമാറ്റത്തിന് അനുമതി നൽകിയതിനെ തുടർന്ന് പ്രത്യേക സിബിഐ സംഘമാണ് ചന്ദ്രാകറിനെ ഇന്ത്യയിലെത്തിച്ചത്. തുടർന്ന് ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള പ്രത്യേക സിബിഐ കോടതി അദ്ദേഹത്തെ എട്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ചന്ദ്രാകറിന്റെ ചോദ്യം ചെയ്യലിലൂടെ ബെറ്റിങ് ശൃംഖലയുടെ പ്രവർത്തനം, സാമ്പത്തിക ഇടപാടുകൾ, മറ്റ് പ്രതികളുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ. ഇതിനിടെയാണ് രവി ഉപ്പലും യുഎഇയിൽ പിടിയിലായത്.
രവി ഉപ്പലിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമനടപടികളിലാണ് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. യുഎഇയുമായുള്ള നിയമപരവും നയതന്ത്രപരവുമായ നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ കൈമാറ്റത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല. ഉപ്പലിനെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞാൽ മഹാദേവ് ആപ്പിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ, ഹവാല ഇടപാടുകൾ, വിദേശ അക്കൗണ്ടുകൾ, അനധികൃത വരുമാനത്തിന്റെ ഗുണഭോക്താക്കൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്താനാകും. കേസിൽ രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ഇന്ത്യയിൽനിന്ന് ഉപഭോക്താക്കളെ കണ്ടെത്തി വിദേശത്തുനിന്ന് പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വിവിധ സാമ്പത്തിക സംവിധാനങ്ങളിലൂടെ പണം കൈമാറുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
Ravi Uppal, 46, a key accused and co-founder of the controversial Mahadev online betting app, has been arrested in Dubai following an Interpol Red Notice issued at the request of Indian authorities. His arrest comes shortly after co-accused Saurabh Chandrakar was brought to India from Oman. The CBI and Enforcement Directorate have initiated extradition proceedings against Uppal in connection with alleged illegal betting, money laundering, and hawala transactions. Launched around 2019–20, the betting network reportedly expanded rapidly during the pandemic, facilitating wagers on cricket, football, tennis, and online games.

