ആഗോള വ്യോമയാന മേഖലയിൽ പുതുയുഗത്തിന് തുടക്കമിട്ടുകൊണ്ട്, പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ 10 ടൺ ക്ലാസ് വാണിജ്യ യാത്രാവിമാനം ചൈന വിജയകരമായി പറത്തി. ‘സി.ഇ-25എ’ (CE-25A) എന്ന് പേരിട്ടിരിക്കുന്ന 19 സീറ്റർ വിമാനത്തിന്റെ ആദ്യ ക്രൂവ്ഡ് പരീക്ഷണപ്പറക്കലാണ് ശനിയാഴ്ച കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ബിൻഷൗവിൽ നടന്നത്. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ്-ടെസ്റ്റ് എഞ്ചിനീയറുമാണ് ചരിത്രപരമായ ഈ യാത്രയിൽ വിമാനത്തിലുണ്ടായിരുന്നത്.

ചൈനയുടെ പൊതുമേഖലാ വിമാന നിർമ്മാതാക്കളായ കോമാക് (COMAC), ബാറ്ററി നിർമ്മാതാക്കളായ സി.എ.ടി.എൽ (CATL), ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല എന്നിവർ സംയുക്തമായാണ് ഈ വിമാനം വികസിപ്പിച്ചെടുത്തത്. നേരത്തെ 19 തവണ ആളില്ലാതെ സ്വയംനിയന്ത്രിത പരീക്ഷണപ്പറക്കലുകൾ വിമാനം പൂർത്തിയാക്കിയിരുന്നു. പരമ്പരാഗത വ്യോമയാന ഇന്ധനത്തെ (ATF) ആശ്രയിക്കുന്നത് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ വിമാനയാത്ര യാഥാർത്ഥ്യമാക്കാനും ചൈനയുടെ ഈ നേട്ടം വലിയ വഴിത്തിരിവാകും.
China successfully conducts the first crewed test flight of CE-25A, the world’s first 10-ton class 19-seater battery-electric passenger aircraft.

