മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള 9 കിലോമീറ്റർ ദൂരം വെറും 15 മിനിറ്റിനുള്ളിൽ പിന്നിടാൻ കഴിയുന്ന ‘സ്കൈ മെട്രോ’ പദ്ധതി നിർദ്ദേശിച്ച് മെട്രോ മാൻ ഇ. ശ്രീധരൻ. സാധാരണ എലിവേറ്റഡ് മെട്രോയ്ക്ക് കിലോമീറ്ററിന് 200 കോടിയിലധികം രൂപ ചെലവ് വരുമ്പോൾ, ഉരുക്ക് ഗർഡറുകളിൽ തൂങ്ങിക്കിടക്കുന്ന പാസഞ്ചർ പോഡുകൾ ഉപയോഗിക്കുന്ന സ്കൈ മെട്രോയ്ക്ക് കിലോമീറ്ററിന് 100 കോടി രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മട്ടാഞ്ചേരി പാലസിന് സമീപം ആരംഭിച്ച് വെണ്ടുരുത്തി പാലം, പെരുമാനൂർ വഴി എറണാകുളം സൗത്തിലെത്തുന്ന പാതയിൽ 10 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

16 പേർക്ക് വീതം സഞ്ചരിക്കാവുന്ന പോഡുകൾക്ക് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും, പ്രതിദിനം 12,000 യാത്രക്കാരെ വഹിക്കാനും സാധിക്കും. അടുത്തിടെ ഷാർജയിൽ നടപ്പിലാക്കിയ സ്കൈ മെട്രോ സംവിധാനം പഠിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി യാഥാർത്ഥ്യമായാൽ സാധാരണ മെട്രോ, വാട്ടർ മെട്രോ എന്നിവയ്ക്ക് പുറമെ സ്കൈ മെട്രോയും സ്വന്തമായുള്ള നഗരമായി കൊച്ചി മാറും.
Metroman E. Sreedharan proposes a 9 km cost-effective ‘Sky Metro’ connecting Mattancherry to Ernakulam South in just 15 minutes. Read details on the project route, budget, and features.

