നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ- ഒരുപാട് ഒച്ചപ്പാട് ഉണ്ടാക്കുന്ന, കേന്ദ്രത്തിന്റെ 6 ലക്ഷം കോടി രൂപ മൂല്യമുളള മെഗാപദ്ധതി എന്താണ്? ടെലികോം, ഖനനം, വ്യോമയാനം, തുറമുഖങ്ങൾ, പ്രകൃതിവാതകം, പെട്രോളിയം ഉൽപന്ന പൈപ്പ്ലൈനുകൾ, വെയർഹൗസുകൾ, സ്റ്റേഡിയങ്ങൾ, റോഡ്, റെയിൽവേ, ഊർജ്ജമേഖലയിലെ ആസ്തികൾ എന്നിങ്ങനെ വിവിധ മേഖലകളെ ധനസമ്പാദനത്തിന് വിനിയോഗിക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. അസറ്റ് മോണിറ്റൈസേഷൻ എന്നത് കൊണ്ട് ആസ്തികൾ വിറ്റഴിക്കുന്നു എന്ന് അർത്ഥമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. NMPക്കു കീഴിൽ, സർക്കാർ ആസ്തികളുടെ സ്വകാര്യവൽക്കരണം അല്ലെങ്കിൽ വിൽപ്പന എന്നതിനുപകരം ഘടനാപരമായ കരാർ പങ്കാളിത്തം വിഭാവനം ചെയ്യുന്നു. ആസ്തികളുടെ പ്രാഥമിക ഉടമസ്ഥാവകാശം സർക്കാർ നിലനിർത്തുന്നത് തുടരും. നിശ്ചിത കാലയളവ് അവസാനിച്ചതിന് ശേഷം ആസ്തികൾ തിരികെ നൽകുന്ന ഒരു ചട്ടക്കൂട് ഉണ്ടാകും.അസറ്റ് മോണിറ്റൈസേഷനുള്ള ഒരു ഘടനയും സുതാര്യമായ സംവിധാനവും വികസിപ്പിക്കുക എന്നതാണ് NMP യുടെ ലക്ഷ്യം.
അസറ്റ് മോണിറ്റൈസേഷൻ പ്രോഗ്രാം നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓഹരി വിറ്റഴിക്കലിലൂടെയോ നോൺ-കോർ അസറ്റുകളുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലൂടെയോ ഉളള ധനസമ്പാദന പദ്ധതികൾ NMP യിൽ ഉൾപ്പെടുന്നില്ല. NMP നിലവിൽ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾക്കും കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങൾക്കും കീഴിലുള്ള ആസ്തികൾ മാത്രമാണ് ഉൾക്കൊള്ളുന്നതെങ്കിലും, സംസ്ഥാനങ്ങളുടെ അസറ്റ് പൈപ്പ്ലൈൻ സംയോജിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള പ്രക്രിയയും നടക്കുന്നു.
ആസ്തികളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമായിരിക്കുമ്പോഴും NMP വഴി 2022 സാമ്പത്തിക വർഷം മുതൽ 2025 വരെയുള്ള നാല് വർഷത്തെ കാലയളവിൽ പ്രധാന ആസ്തികളിലൂടെ 6 ലക്ഷം കോടിയുടെ മൊത്ത ധനസമ്പാദന സാധ്യതകൾ കേന്ദ്രം കണക്കാക്കുന്നു. സ്വകാര്യ മേഖലക്ക് കരാറടിസ്ഥാനത്തിൽ നിയന്ത്രണം നൽകുന്ന ആസ്തികളുടെ ഉടമസ്ഥാവകാശം പൂർണമായും സർക്കാരിന് ആണ് എന്നും കരാർ കാലാവധി കഴിഞ്ഞാൽ ഇത് സർക്കാരിന് കൈമാറണമെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു പദ്ധതി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ നടത്തിപ്പിനോ ആയി ഒരു സ്ഥാപനം പാട്ടത്തിനോ വിലയ്ക്കോ എടുക്കുന്നതാണ്.
ഒരു മോണിറ്റൈസേഷൻ ഇടപാടിൽ സർക്കാർ, മുൻകൂർ പണം, വരുമാന വിഹിതം, ആസ്തികളിലെ നിക്ഷേപ പ്രതിബദ്ധത എന്നിവയ്ക്ക് പകരമായി ഒരു നിശ്ചിത ഇടപാട് കാലയളവിലേക്ക് റവന്യൂ അവകാശങ്ങൾ സ്വകാര്യ കക്ഷികൾക്ക് കൈമാറുകയാണ്.
സ്വകാര്യ നിക്ഷേപം ആകർഷിച്ചുകൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി ഉയർന്ന സാമ്പത്തിക വളർച്ച സാധ്യമാക്കുന്നതിനും ഇത് അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. റൂറൽ-സെമി അർബൻ പ്രദേശങ്ങളെ പൊതുജന ക്ഷേമത്തിനായി വികസിപ്പിക്കുന്നതിനും NMP ആവശ്യമാണെന്ന് ധനമന്ത്രി പറയുന്നു.
കോവിഡിനെ തുടർന്നുള്ള സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ തന്ത്രപരമായ വിഭവ സമാഹരണമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതാണ് ഇത്രവേഗത്തിൽ National Monetisation Pipeline കൊണ്ടുവരുന്നതും