ചൂട് ചായയുമായി അരികിലേക്ക് പറന്നുവരുന്ന ഡ്രോണ്‍. ഇത് ഒരു സ്വപ്‌നമല്ല. ഇ കൊമേഴ്‌സിലെ അതികായന്‍മാരായ ആമസോണ്‍ പോലും ഡ്രോണ്‍ ഡെലിവറിയില്‍ പരീക്ഷണഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഈ മേഖലയില്‍ ഇന്നവേറ്റീവായ ചുവടുവെയ്പ് നടത്തിയിരിക്കുകയാണ് ടെക് ഈഗിള്‍ എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ചൂട് ചായയുടെ ഡ്രോണ്‍ ഡെലിവറി വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു കാണ്‍പൂര്‍ ഐഐടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 2015 ല്‍ തുടങ്ങിയ ടെക് ഈഗിള്‍.
രണ്ട് ലിറ്റര്‍ ചായ 10 കിലോമീറ്റര്‍ ദൂരത്തില്‍ വരെയെത്തിക്കാവുന്ന ഡ്രോണുകളാണ് വിജയകരമായി പരീക്ഷിച്ചത്. ലക്‌നൗവിലെ ഓണ്‍ലൈന്‍ കാക (Online Kaka) എന്ന ഹോം ഡെലിവറി ഫുഡ് സര്‍വ്വീസുമായി ചേര്‍ന്നാണ് ടെക് ഈഗിള്‍ ഈ പരീക്ഷണം നടത്തിയത്. ജിപിഎസ് ട്രാക്കിംഗ് ഡിവൈസുകളിലൂടെ മോണിട്ടര്‍ ചെയ്യാവുന്ന ഡ്രോണ്‍, കണ്‍ട്രോള്‍ സ്‌റ്റേഷനിലേക്ക് ലൈവ് ഡാറ്റ ട്രാന്‍സ്മിറ്റ് ചെയ്ത് കൃത്യമായ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യും. ചായയോടുളള ഇന്ത്യക്കാരുടെ താല്‍പര്യം വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് ചായ ഡെലിവറിയില്‍ തന്നെ പരീക്ഷണം തുടങ്ങാന്‍ ടെക് ഈഗിള്‍ തയ്യാറായത്.
50 കിലോമീറ്റര്‍ വരെ ഫുഡ് ഡെലിവറിക്കായി സഞ്ചരിക്കുന്ന ഡ്രോണുകളുടെ പരീക്ഷണപ്പുരയിലാണ് ടെക് ഈഗിള്‍. ഐഐടി ഹോസ്റ്റലില്‍ നിന്നുളള പരീക്ഷണങ്ങളാണ് ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് എന്ന ആശയത്തിലേക്ക് ഫൗണ്ടറും സിഇഒയുമായ വിക്രം സിംഗിനെ എത്തിച്ചത്. മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്രദേശങ്ങളിലും പ്രകൃതിദുരന്ത മേഖലകളിലുമൊക്കെ എത്തിക്കാന്‍ ഡ്രോണുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുളള പരീക്ഷണങ്ങള്‍ സജീവമായ ഘട്ടത്തിലാണ് ഇന്ത്യയിലും സമാനമായ ഇന്നവേഷനുകള്‍ വിജയം കാണുന്നത്.
2020 ഓടെ ഡ്രോണ്‍ ഇന്‍ഡസ്ട്രിയുടെ നെറ്റ് വാല്യു 127 ബില്യന്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാവുന്ന ഡ്രോണുകള്‍ ഡെവലപ്പ് ചെയ്യാനുളള തയ്യാറെടുപ്പിലാണ് ലക്‌നൗ ആസ്ഥാനമായുളള ടെക് ഈഗിള്‍. അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്, ഡ്രോണ്‍ ടെക്‌നോളജികളില്‍ യുവതലമുറയെയും സ്റ്റുഡന്റ്‌സിനെയും എക്യുപ്പ്ഡാക്കാന്‍ ട്രെയിനിംഗ് കോഴ്‌സുകളും സംഘടിപ്പിക്കുന്നുണ്ട് ടെക് ഈഗിള്‍.