സ്റ്റാർട്ടപ്പുകൾക്ക് 2021 നല്ല വർഷം
ജീവിതത്തിന്റെ സമസ്ത മേഖലകളിലും 2020-21 വർഷങ്ങൾ അടയാളപ്പെടുത്തുന്നത് പാൻഡമികിന്റെ വർഷമായിട്ടായിരുന്നു. എന്നാൽ ആശാവഹമായ മാറ്റമാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ 2021-ൽ കാണാൻ കഴിഞ്ഞത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് വിപണിയായ ഇന്ത്യയിൽ യുണികോണുകൾ സൃഷ്ടിക്കപ്പെടുന്ന നിരക്കിൽ ശ്രദ്ധേയമായ വളർച്ചയാണുണ്ടായത്.
9 സ്റ്റാർട്ടപ്പുകൾ പബ്ലിക് ലിസ്റ്റിംഗിൽ, ഫണ്ടിംഗ് നേടിയതിൽ ഏറെയും ഫിൻടെക്ക്
2021ൽ 9 സ്റ്റാർട്ടപ്പുകളാണ് പബ്ലിക് ലിസ്റ്റിംഗ് നടത്തിയത്. 8.8 ബില്യൺ ഡോളറാണ് ഈ സ്റ്റാർട്ടപ്പുകൾ വിപണിയിൽ നിന്ന് നേടിയത്. ഏറ്റവുമധികം ഫണ്ടിംഗ് നേടിയ സെഗ്മെന്റ് ഫിൻടെക് ആയിരുന്നു. 10.6 ബില്യൺ ഡോളറാണ് ഇന്ത്യൻ ഫിൻടെകുകൾ സമാഹരിച്ചത്. വിവിധ റൗണ്ടുകളിലൂടെ 1.3 ബില്യൺ ഡോളർ ഫണ്ടിംഗ് നേടി മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്ടെക് ബൈജൂസ് ഏറ്റവുമധികം ഫണ്ടിംഗ് നേടിയ ഇന്ത്യൻ സ്റ്റാർട്ടപ്പായി. ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസ് CB ഇൻസൈറ്റ്സിന്റെ ഏറ്റവും പുതിയ യൂണികോൺ ട്രാക്കർ പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യവത്തായ 13-ാമത്തെ സ്റ്റാർട്ടപ്പും കൂടിയാണ്. 2021-ൽ ആദ്യത്തെ ഹെൽത്ത്കെയർ യൂണികോൺ, ക്രിപ്റ്റോ യൂണികോൺ, പ്രോപ്ടെക് യൂണികോൺ എന്നിവയും ഉണ്ടായി. CoinDCX, CoinSwitch Kuber എന്നിവ ഇന്ത്യൻ ക്രിപ്റ്റോ ചരിത്രത്തിലെ യൂണികോണുകളായി. NoBroker യൂണികോൺ ആകുന്ന ആദ്യത്തെ റിയൽ എസ്റ്റേറ്റ് സ്റ്റാർട്ടപ്പായി മാറി. ആദ്യ ക്ലൗഡ് കിച്ചൺ യൂണികോണായത് Rebel Foods ആയിരുന്നു. ഏറ്റവും വേഗത്തിൽ യൂണികോൺ പദവി നേടിയ സ്റ്റാർട്ടപ്പ് Mensa Brands ആണ്. യൂണികോണുകളുടെ എണ്ണത്തിൽ ഇന്ത്യ യുകെയെ മറികടന്ന് മൂന്നാമതെത്തിയതും 2021ലാണ്. യുഎസിനും ചൈനക്കും പിന്നിൽ യൂണികോണുകളുടെ എണ്ണത്തിൽ ഇന്ത്യ മുന്നേറുകയാണ്.
യൂണികോണുകൾ കുതിക്കുന്നു
ഇന്ത്യയിൽ ഇപ്പോൾ ആകെ 81 യൂണികോണുകളാണുളളത്. 2021ൽ മാത്രം 44 യൂണികോണുകൾ ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിലൂടെ 89.17 ബില്യൻ ഡോളർ വാല്യൂവേഷനാണ് കണക്കാക്കുന്നത്. 1 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയെയാണ് യൂണികോൺ എന്ന് വിശേഷിപ്പിക്കുന്നത്. Tracxn ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം 2017 മുതൽ, കൂടുതൽ സ്റ്റാർട്ടപ്പുകൾ ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ എത്തുന്നുവെന്നും, 2021-ൽ രണ്ട് മടങ്ങിലധികം കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നുമാണ്. 2020ൽ 16 യൂണികോണുകൾ മാത്രമാണ് ഉണ്ടായത്. കൂടുതൽ സ്റ്റാർട്ടപ്പുകൾ പബ്ലിക് ലിസ്റ്റിംഗ് നടത്തിയ വർഷവുമാണ് 2021. ഇന്ത്യയിലും വിദേശത്തുമായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ അരങ്ങേറിയ യൂണികോണുകളിൽ Paytm, Zomato, Nykaa, Freshworks, Nazara Technologies, RateGain എന്നിവ ഉൾപ്പെടുന്നു. കമ്പനികളുടെയെല്ലാം മൊത്തം വിപണി മൂലധനം 45.03 ബില്യൺ ഡോളറിനടുത്താണെന്ന് Tracxn ഡാറ്റ കാണിക്കുന്നു. വർഷാവസാന ദിവസങ്ങളിൽ യൂണികോൺ പട്ടികയിൽ ഇടംപിടിച്ച സ്റ്റാർട്ടപ്പുകളാണ് Mamaearth, Globalbees എന്നിവ. 2021-ൽ ഇന്ത്യൻ യൂണികോൺ ക്ലബ്ബിലേക്ക് എത്തിയത് 11 ഇ-കൊമേഴ്സ് കമ്പനികളാണ്. ഓൺലൈൻ കാർ റീട്ടെയിലർമാരായ CarDekho, Droom, Spinny, സോഷ്യൽ കൊമേഴ്സ് കമ്പനിയായ Meesho, D2C ബ്രാൻഡ് Licious, മെൻസ ബ്രാൻഡ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇ-കൊമേഴ്സ്, ഫിൻടെക് മേഖലകൾ 20 യൂണികോണുകൾ വീതമായി ഒന്നാം സ്ഥാനത്തെത്തി. വനിതകൾ നയിച്ച അഞ്ച് സ്റ്റാർട്ടപ്പുകളാണ് യൂണികോണുകളായത്.ഗിരീഷ് മാതൃഭൂതവും ഷാൻ കൃഷ്ണസ്വാമിയും സ്ഥാപിച്ച Freshworks നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ SaaS കമ്പനിയായിരുന്നു. 2010ൽ ഗിരീഷ് മാതൃഭൂതം സുഹൃത്തിനൊപ്പം ചെന്നൈയിൽ തുടങ്ങിയ SaaS സ്റ്റാർട്ടപ്പ് ഫ്രഷ് ഡസ്ക് ആണ് 2017-ൽ Freshworks ആയി റീ ബ്രാൻഡ് ചെയ്തത്. 2021 സെപ്റ്റംബറിലാണ് ഫ്രഷ് വർക്ക്സ് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തത്. 13 ബില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റൽ ലിസ്റ്റിംഗിലൂടെ കമ്പനി നേടി. 2021 അവസാനമാകുമ്പോഴേക്കും 50 യൂണിക്കോണുകൾ രാജ്യത്തുണ്ടാകുമെന്ന് നാസ്ക്കോമിന്റെ ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഇന്ത്യയിലേക്ക് ഫണ്ട് വന്ന വഴികൾ
Tracxn-ൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയ മൂലധനം ഈ വർഷം നാലിരട്ടിയായി ഏകദേശം 39 ബില്യൺ ഡോളറായി ഉയർന്നു. 2020-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ച 11 ബില്യൺ ഡോളറിൽ നിന്ന് വെഞ്ച്വർ, പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപങ്ങൾ ഈ വർഷം മൂന്നിരട്ടിയായി വർധിച്ചതായി യുകെ ആസ്ഥാനമായുള്ള ഇൻവെസ്റ്റ്മെന്റ് ഡാറ്റ പ്ലാറ്റ്ഫോം Preqin കണക്കാക്കുന്നു. 2021ൽ സീഡ്-സ്റ്റേജ് ഡീലുകളുടെ അളവിൽ വർദ്ധനയുണ്ട്. ഏകദേശം 396 ഡീലുകളിലൂടെ സമാഹരിച്ചത് മൊത്തം 705.86 മില്യൺ ഡോളർ. അതേസമയം 166 സീരീസ് എ റൗണ്ട് നിക്ഷേപങ്ങളിലൂടെ നേടാനായത് 1.67 ബില്യൺ ഡോളറാണെന്ന് ഡിസംബർ വരെയുള്ള കണക്കുകൾ കാണിക്കുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗ് നടത്തിയ അന്താരാഷ്ട്ര നിക്ഷേപകരുടെ എണ്ണം 2020ൽ 668 ആയിരുന്നു. അത് 2021-ൽ 990 ആയി ഉയർന്നു. ടൈഗർ ഗ്ലോബൽ, സോഫ്റ്റ് ബാങ്ക്, ഫാൽക്കൺ എഡ്ജ്, സെക്വോയ ക്യാപിറ്റൽ, ആക്സൽ, ബ്ലൂം വെഞ്ചേഴ്സ്, ടെമാസെക് തുടങ്ങിയ ഫണ്ടുകൾ ഈ വർഷം ഏറ്റവും സജീവമായ നിക്ഷേപകരായിരുന്നു. നിക്ഷേപ വലുപ്പത്തിൽ സെക്വോയ ക്യാപിറ്റൽ ഈ വർഷം 60-ലധികം നിക്ഷേപങ്ങൾ നടത്തി.തൊട്ടുപിന്നിൽ ടൈഗർ ഗ്ലോബൽ 50-ൽ ഇടം പിടിച്ചു. ഫ്ലിപ്പ്കാർട്ടിന്റെ 3.6 ബില്യൺ ഡോളർ സീരീസ് J ഫണ്ടിംഗ് റൗണ്ടാണ് ഏറ്റവും വലിയ ഫണ്ടിംഗ് റൗണ്ട്. തുടർന്ന് സ്വിഗ്ഗിയുടെ 1.3 ബില്യൺ ഡോളർ, പേടിഎമ്മിന്റെ 1.1 ബില്യൺ റൗണ്ട് എന്നിവയും മുന്നിട്ട് നിൽക്കുന്നു. ഇക്വിറ്റി ഫണ്ടിംഗിന്റെ കാര്യത്തിൽ, ബെംഗളൂരു മുൻപന്തിയിലെത്തി. 2019-21 സാമ്പത്തിക വർഷം മുതൽ 30.7 ബില്യൺ ഡോളർ സമാഹരണമാണ് ബംഗളൂരു കേന്ദ്രീകരിച്ച സ്റ്റാർട്ടപ്പുകൾ നേടിയത്. ഡൽഹി-NCR സ്റ്റാർട്ടപ്പുകൾ 2019-21 സാമ്പത്തിക വർഷത്തിൽ 18.6 ബില്യൺ ഡോളർ സമാഹരിച്ചു. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾക്ക് ഈ കാലയളവിൽ 8.6 ബില്യൺ ഡോളർ ലഭിച്ചു.
പുതിയ സ്റ്റാർട്ടപ്പുകളുടെ ഉദയം
പുതിയ സ്റ്റാർട്ടപ്പുകളുടെ രൂപീകരണത്തിന്റെ കാര്യത്തിൽ, ഡൽഹി-NCR 34 ശതമാനം വിപണി വിഹിതവുമായി മുൻനിരയിലെന്ന് Tracxn റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആകെ 4520 സ്റ്റാർട്ടപ്പുകൾ 2019-21 സാമ്പത്തിക വർഷത്തിൽ ഡൽഹി-NCR കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ടു. വിപണി വിഹിതത്തിന്റെ 20 ശതമാനം നേടിയ ബെംഗളൂരുവിനു 2656 സ്റ്റാർട്ടപ്പുകളാണുളളത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭകരുടെ പ്രിയപ്പെട്ട സ്ഥലമായി ബെംഗളൂരു തുടരുന്നു, നഗരത്തിൽ 25 യൂണികോണുകൾ സ്ഥിതി ചെയ്യുന്നു. പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിന് മുൻഗണന നൽകുന്ന നഗരങ്ങളുടെ ഗണത്തിൽ ഗുരുഗ്രാമും മുംബൈയും മുന്നേറുന്നു.
ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ സംബന്ധിച്ചിടത്തോളം കണക്കുകളുടെ അടിസ്ഥാനത്തിൽ 2021 ഒരു ശ്രദ്ധേയമായ വർഷമായിരുന്നു എന്നതിൽ സംശയമില്ല. വാങ്ങാനും പഠിക്കാനും സോഷ്യലൈസ് ചെയ്യാനും തുടങ്ങി ഓൺലൈനിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്ത്യക്കാർ കൂടുതൽ പ്രാപ്തരാകുന്നതിന് പാൻഡമിക് വഴി തെളിച്ചു. 2022 സ്റ്റാർട്ടപ്പ് ലോകത്തിന് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. ഈ വർഷത്തെ വേഗത നോക്കുമ്പോൾ 50-ലധികം സ്റ്റാർട്ടപ്പുകൾ 2022-ൽ യൂണികോൺ ക്ലബ്ബിലുണ്ടാകും. അടുത്ത വർഷം യുണികോണുകൾക്ക് പകരം ഡെക്കാകോണുകളുടെ ആഘോഷമായിരിക്കും ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ നയിക്കുകയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.