ഇലക്ട്രിക് ബോട്ടുകളുമായി വാട്ടർ മെട്രോ സർവീസുളള ആദ്യ നഗരമായി കൊച്ചി മാറുന്നു
കൊച്ചിയിൽ ഇനി വാട്ടർ മെട്രോയും
വാട്ടർ മെട്രോ സർവീസുളള ആദ്യ നഗരമായി കൊച്ചി മാറുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പുതിയ പദ്ധതി 15 റൂട്ടുകളിൽ ഇലക്ട്രിക് ബോട്ട് സർവീസുമായി ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റമായിരിക്കും. 38 ജെട്ടികളും 76 കിലോമീറ്റർ ദൈർഘ്യവുമുള്ള റൂട്ടുകളുടെ ശൃംഖലയിൽ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്നതായിരിക്കും വാട്ടർ മെട്രോ. ഊർജ്ജ-കാര്യക്ഷമതയുളളതും പരിസ്ഥിതി സൗഹൃദവുമായിരിക്കും വാട്ടർ മെട്രോ. 819 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്.
ബോട്ടുകൾ നിർമിച്ചത് കൊച്ചിൻ ഷിപ്പ്യാർഡിൽ
ജലഗതാഗതത്തില്‍ നിരവധി പുതുമകളുമായാണ് വാട്ടര്‍ മെട്രോയുടെ ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകള്‍ നിര്‍മ്മിച്ചത്. കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമ്മിച്ച, വിശാലമായ ജനാലകളോട് കൂടിയ എയർകണ്ടീഷൻ ചെയ്ത ബോട്ടുകൾ സുഖപ്രദമായ യാത്ര പ്രദാനം ചെയ്യുന്നു. ബാറ്ററിയ്ക്ക് പുറമേ ഡീസല്‍ വഴിയും ജനറേറ്റര്‍ വഴിയും ബോട്ട് പ്രവര്‍ത്തിപ്പിക്കാം. ഒപ്പം ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതു ബോട്ടിന്റെ പ്രത്യേകതയാണ്. വളരെ വേഗം ചാര്‍ജ് ചെയ്യാവുന്ന LTO ബാറ്ററികൾ ഉപയോഗിക്കുന്നു. അതിവേഗ ചാർജിംഗ് ശേഷിയുള്ള ബാറ്ററി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയതാണ്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 10 നോട്ടിക്കല്‍ മൈല്‍ പെര് അവര്‍ ആണ് ബോട്ടിന്റെ വേഗത.
ഈ വർഷം പകുതിയോടെ യാഥാർത്ഥ്യമായേക്കും
ഈവര്‍ഷം പകുതിയോടു കൂടി വാട്ടര്‍ മെട്രോ എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കെഎംആര്‍എല്‍. കൂടുതല്‍ ബോട്ടുകളുടെ നിര്‍മ്മാണവും വൈകാതെ പൂര്‍ത്തിയാകും. നിലവില്‍ വാട്ടര്‍ മെട്രോയുടെ ടെര്‍മിനലുകളുടെയും ഫ്ളോട്ടിംഗ് ജട്ടികളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. 2022 പകുതിയോടു കൂടി സര്‍വ്വീസ് ആരംഭിക്കുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.