ഹൗസ് ഓഫ് മസാബയുടെ ഭൂരിപക്ഷ ഓഹരികൾ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് വാങ്ങും
ഹൗസ് ഓഫ് മസാബയുടെ ഓഹരികൾ ആദിത്യ ബിർള ഫാഷൻ വാങ്ങുന്നു
ഫാഷൻ ബ്രാൻഡായ ഹൗസ് ഓഫ് മസാബയുടെ 51 ശതമാനം ഓഹരികൾ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് വാങ്ങും. 90 കോടി രൂപയ്ക്ക് 51 ശതമാനം ഓഹരികൾ വാങ്ങാൻ ബോർഡിൽ നിന്ന് അനുമതി ലഭിച്ചതായി ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് അറിയിച്ചു. 60-90 ദിവസമാണ് കരാർ പൂർത്തിയാക്കാനുള്ള സമയം. നിർദ്ദിഷ്ട ഏറ്റെടുക്കൽ റെഗുലേറ്ററി അംഗീകാരത്തിന് വിധേയമാണ്. ബ്രാൻഡഡ് ബ്യൂട്ടി, പേഴ്‌സണൽ കെയർ സെഗ്‌മെന്റിലേക്കുള്ള ആദിത്യ ബിർള ഫാഷന്റെ ഈ ചുവടുവെപ്പ് യുവാക്കളെയും ഡിജിറ്റൽ ഉപയോക്താക്കളെയും ലക്ഷ്യമിട്ടുളളതാണ്. ബ്രാൻഡ് മസാബ പ്രധാനമായും ഡിജിറ്റൽ ഡയറക്ട്-ടു-കൺസ്യൂമർ ചാനലിലൂടെ സ്കെയിൽ ചെയ്യും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 500 കോടി രൂപ വാർഷിക വരുമാനം കൈവരിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.
യുവാക്കളെ ലക്ഷ്യമിട്ട് ഉല്പന്ന വികസനം
എക്കാലത്തും വികസിച്ചുകൊണ്ടിരിക്കുന്ന Gen Z കൺസ്യൂമർ സെഗ്മെന്റിൽ സൗന്ദര്യവർദ്ധകവസ്തുക്കൾ, വ്യക്തിഗത പരിചരണം, അത്‌ലീഷർ, ഹോം ഡെക്കോർ എന്നിവയിൽ ഒന്നിലധികം ഉൽപ്പന്ന വിപുലീകരണം നടത്തും. എല്ലാ ജീവിതശൈലി വിഭാഗത്തിലും ഇണങ്ങുന്ന നൂതനമായ ഒരു യുവ ബ്രാൻഡ് എന്നാണ് ABFRL മാനേജിംഗ് ഡയറക്ടർ ആശിഷ് ദീക്ഷിത്, ഹൗസ് ഓഫ് മസാബയെ വിശേഷിപ്പിച്ചത്. ശക്തമായ ഡിജിറ്റൽ-ഫസ്റ്റ് സ്ട്രാറ്റജി ഉപയോഗിച്ച് ഹൗസ് ഓഫ് മസാബ ഇതിനകം തന്നെ യുവാക്കൾക്കിടയിൽ ശക്തമായ സാന്നിധ്യമായിട്ടുണ്ട്. ആദിത്യ ബിർള ഫാഷനുമായുള്ള ബന്ധം ബ്രാൻഡിന്റെ ഈ സ്ഥാനം ശക്തിപ്പെടുത്തും, ഭാവിയിലേക്ക് ഗുണം ചെയ്യുമെന്ന് ഹൗസ് ഓഫ് മസാബ സ്ഥാപക മസാബ ഗുപ്ത പറഞ്ഞു.
മസാബയുടെ വിചിത്ര ഫാഷൻ
നടി നീന ഗുപ്തയുടെയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ വിവ് റിച്ചാർഡ്സിന്റെയും മകളാണ് മസാബ. 2009-ലാണ് മസാബ ഗുപ്ത ഹൗസ് ഓഫ് മസാബ സ്ഥാപിച്ചത്. വ്യത്യസ്തവും വിചിത്രമായ പ്രിന്റുകൾക്ക് മസാബ ഫാഷൻ ശ്രദ്ധേയമാണ്. 2017ൽ ഫോർബ്‌സ് അണ്ടർ 30 ലിസ്റ്റിലും അവർ ഇടം നേടിയിരുന്നു. സൗന്ദര്യം, ഫാഷൻ ആഭരണങ്ങൾ, ആക്സസറികൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ, നീന്തൽ വസ്ത്രങ്ങൾ തുടങ്ങി നിരവധി സെഗ്‌മെന്റുകളിലേക്ക് ഹൗസ് ഓഫ് മസാബ കടന്നിട്ടുണ്ട്. ബ്യൂട്ടി ഇ-കൊമേഴ്‌സ് ഭീമനായ നൈകയുമായി സഹകരിച്ച് ബ്യൂട്ടി ഉൽപ്പന്നങ്ങളുടെ ഒരു നിരയും മസാബ ഗുപ്ത അവതരിപ്പിച്ചു. ലൈഫ്‌സ്‌റ്റൈൽ, അപ്പാരൽസ്, ബ്യൂട്ടി, ആക്‌സസറീസ് കമ്പനി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യഥാക്രമം 16 കോടി, 20 കോടി, 14 കോടി രൂപ വരുമാനം നേടി. എന്നിരുന്നാലും 2021 സാമ്പത്തിക വർഷത്തിലെ വരുമാനത്തെ COVID-19 ബാധിച്ചു. 2022 സാമ്പത്തിക വർഷത്തിലെ വരുമാനം 30 കോടി രൂപയിലെത്തുമെന്ന് ഹൗസ് ഓഫ് മസാബ പ്രതീക്ഷിക്കുന്നു.