രാജ്യത്തെ Smartphone വിപണി 2021-ൽ 12% വളർച്ച നേടി,മുന്നേറ്റവുമായി Realme
സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ റെക്കോർഡ്
രാജ്യത്തെ സ്മാർട്ട്‌ഫോൺ വിപണി 2021-ൽ 12 ശതമാനം വളർച്ച കൈവരിച്ചുവെന്നു മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കനാലിസ്. സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 162 ദശലക്ഷം എന്ന റെക്കോർഡ് നേട്ടം കൈവരിച്ചുവെന്നും റിപ്പോർട്ട്. വാക്‌സിനേഷൻ വ്യാപകമായതും വിപണി വീണ്ടും സജീവമായതും, ഡിമാൻഡ് ഉയർന്നതും സ്‌മാർട്ട്‌ഫോൺ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചു. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതും 5G യുടെ കടന്നുവരവും 2022-ലും വളർച്ച തുടരുമെന്ന പ്രതീക്ഷ നൽകുന്നു.
Xiaomi മാർക്കറ്റ് ലീഡർ, Realme കുതിക്കുന്നു
2021 ന്റെ നാലാം പാദത്തിൽ Xiaomi മാർക്കറ്റ് ലീഡറായി തുടരുമ്പോൾ, ബ്രാൻഡിന്റെ വാർഷിക വളർച്ച കുറഞ്ഞു. നാലാം പാദത്തിൽ ബ്രാൻഡിന്റെ മൊത്തത്തിലുള്ള കയറ്റുമതി 9.3 ദശലക്ഷം യൂണിറ്റായിരുന്നു. 21 ശതമാനം വിപണി വിഹിതം നിലനിർത്തുകയും ചെയ്തു. 19 ശതമാനം വിപണി വിഹിതവും 8.5 ദശലക്ഷം യൂണിറ്റുമായി Samsung രണ്ടാം സ്ഥാനത്തെത്തി. 7.6 ദശലക്ഷം കയറ്റുമതിയും 49 ശതമാനം വാർഷിക വളർച്ചയുമായി റിയൽമി ആദ്യമായി ഇന്ത്യയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ അഞ്ചിലിടം പിടിച്ച കമ്പനികളിൽ പോസിറ്റീവ് വളർച്ച രേഖപ്പെടുത്തിയതും Realme ആയിരുന്നു.
Vivo, Oppo എന്നിവയാണ് യഥാക്രമം 5.6 ദശലക്ഷം, 4.9 ദശലക്ഷം യൂണിറ്റുകളുമായി നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. 2021-ൽ മൊത്തത്തിൽ, 25 ശതമാനം വിപണി വിഹിതവുമായി Xiaomi മാർക്കറ്റ് ലീഡറായി തുടർന്നു,എന്നാൽ ബ്രാൻഡിന്റെ വാർഷിക വളർച്ച പൂജ്യത്തിലാണ്. 5 ശതമാനം വളർച്ചയോടെ സാംസങ് രണ്ടാം സ്ഥാനത്താണ്. 2021 ലെ മൊത്തത്തിലുള്ള പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരാൻ വിവോയ്ക്ക് കഴിഞ്ഞപ്പോൾ, അതിന്റെ വളർച്ച 4 ശതമാനം കുറഞ്ഞു.റിയൽമിയും ഓപ്പോയുമാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ. 2021 ലെ മൊത്തത്തിലുള്ള വളർച്ചാനിരക്കുകളിൽ 25 ശതമാനം വാർഷിക വളർച്ച നേടിയ ഏക ബ്രാൻഡ് കൂടിയാണ് Realme.
Jio Phone Next-ന്റെ വരവ്
വിപണിയുടെ ലോ എൻഡ് സെഗ്‌മെന്റിൽ 2021-ലെ പ്രധാന താരോദയം ജിയോഫോൺ നെക്സ്റ്റ് ആയിരുന്നുവെന്ന് കനാലിസിന്റെ ഡാറ്റ കാണിക്കുന്നു. 2G യിൽ നിന്നും 4Gയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാഗ്രിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട ജിയോഫോൺ നെക്സ്റ്റ് ആ ദൗത്യത്തിൽ വിജയിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആമസോണിലും ഫ്ലിപ്കാർട്ടിലുമെല്ലാം നിരവധി ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ജിയോഫോൺ നെക്സ്റ്റ് ശക്തമായ തുടക്കം കുറിച്ചു.
2022-ൽ, ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി തുടർന്നും വളരുമെന്ന് കനാലിസ് പ്രതീക്ഷിക്കുന്നു. തുടരുന്ന പാൻഡമിക് കാലത്ത് സ്മാർട്ട്ഫോണിലേക്ക് കുടിയേറുന്ന പുതിയ ഉപഭോക്താക്കൾ പ്രതീക്ഷയ്ക്ക് വക നൽകുന്നു. 5G, ഈ വർഷം സ്മാർട്ട്‌ഫോൺ വിപണിയുടെ വളർച്ചയിൽ കൂടുതൽ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ നെടുംതൂണായി സ്മാർട്ട്ഫോണുകൾ മാറുന്നതിനാൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പാൻഡമികിലും കൂടുതൽ വളർച്ച നേടുമെന്ന് കനാലിസ് വിലയിരുത്തുന്നു.