NBFC സ്ഥാപിക്കാൻ സൊമാറ്റോ; അർബൻപൈപ്പറിലും ആഡ്ഓൺമോയിലും നിക്ഷേപം
സൊമാറ്റോയുടെ NBFC
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി സ്ഥാപിക്കുന്നു. 3 കോടി രൂപ പെയ്ഡ്-അപ്പ് ക്യാപിറ്റലുമായി ഒരു എൻബിഎഫ്സി സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. ബാങ്കിംഗ് ഇതര ഫിനാൻസ് കമ്പനിയായി കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി സ്ഥാപിക്കും. എൻബിഎഫ്സിയുടെ പേര് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമാണെന്ന് കമ്പനി അറിയിച്ചു. എൻബിഎഫ്സി ബിസിനസ്സ് നടത്തുന്നതിന് സബ്സിഡിയറിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയും ആവശ്യമാണ്. സൊമാറ്റോ ബോർഡ് യോഗം നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി സ്ഥാപിക്കുന്നതിന് അനുമതി നൽകിയതായും എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി വ്യക്തമാക്കി.
പുതിയ നിക്ഷേപങ്ങൾ
പുതിയ നീക്കങ്ങൾക്ക് പുറമേ പരസ്യ സാങ്കേതിക കമ്പനിയായ AdOnMo-യിൽ സൊമാറ്റോ 19 ശതമാനം ഓഹരികളും B2B സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമായ UrbanPiper-ൽ 5 ശതമാനം ഓഹരി വാങ്ങിയതായും കമ്പനി അറിയിച്ചു. അർബൻപൈപ്പറിൽ 5 മില്യൺ ഡോളർ നിക്ഷേപിച്ചാണ് 5 ശതമാനം ഓഹരികൾ നേടിയത്. AdOnMo-യിൽ 15 മില്യൺ നിക്ഷേപമാണ് സൊമാറ്റോ നടത്തിയത്. UrbanPiper, AdOnMo എന്നിവ സൊമാറ്റോയുടെ ഫുഡ് ഡെലിവറി ബിസിനസ്സുമായി സഹകരിച്ച് പ്രവർത്തിക്കും. ഫുഡ് ഓർഡറിംഗ്-ഡെലിവറി ഇക്കോസിസ്റ്റത്തിൽ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ പുതിയ ഏറ്റെടുക്കലുകൾ വഴി തെളിക്കുമെന്ന് സൊമാറ്റോ പ്രതീക്ഷിക്കുന്നു.
അർബൻപൈപ്പറും ആഡ്ഓൺമോയും
അർബൻപൈപ്പർ 2015ൽ അനിർബൻ മജുംദാർ, ദേവർഷി ഷാ, സൗരഭ് ഗുപ്ത എന്നിവർ ചേർന്ന് സ്ഥാപിച്ച കമ്പനിയാണ്. റെസ്റ്റോറന്റുകൾ, ഫുഡ് ഓർഡർ -ഡെലിവറി പ്ലാറ്റ്ഫോമുകൾക്കിടയിൽ ഒരു മധ്യവർത്തിയായി പ്രവർത്തിക്കുന്നു. ഒരൊറ്റ ഡിജിറ്റൽ ഇന്റർഫേസിലൂടെ ഒന്നിലധികം പ്ലാറ്റ്ഫോമുകളെ തടസ്സമില്ലാതെ ഒരുമിച്ച് കൊണ്ടുപോകാൻ ഇത് റെസ്റ്റോറന്റുകളെ പ്രാപ്തമാക്കുന്നു.
AdOnMo സന്ദീപ് ബൊമ്മിറെഡ്ഡിയും ശ്രവന്ത് ഗജുലയും ചേർന്ന് 2016-ൽ സ്ഥാപിച്ചു. പരസ്യ-സാങ്കേതിക കമ്പനി, ടാർഗറ്റഡ് ഡിജിറ്റൽ അഡ്വർടൈസിംഗിൽ പ്രമുഖരാണ്. ക്ലൗഡ്-കണക്റ്റഡ് ഡിജിറ്റൽ സ്ക്രീനുകൾ കമ്പനി പ്രവർത്തനക്ഷമമാക്കുന്നു. വ്യക്തിഗത പ്രചാരത്തിനപ്പുറം ഔട്ട്ഡോർ ഡിജിറ്റൽ സ്ക്രീനുകളിലേക്ക് പരസ്യങ്ങളെത്തിക്കുന്നു.