ഫോറസ്റ്റ് ഗാർഡുകൾക്ക് പട്രോളിംഗിന് ഇ-ബൈക്ക് നിർമിച്ച് NIT കർണാടകയിലെ വിദ്യാർത്ഥികൾ
VidhYug 4.0 ഇ-ബൈക്ക് നിർമ്മിച്ച് വിദ്യാർത്ഥികൾ
ഫോറസ്റ്റ് ഗാർഡുകളുടെ നിരീക്ഷണ യാത്രകൾക്കായി NIT കർണാടകയിലെ വിദ്യാർത്ഥികൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇ-ബൈക്ക് അവതരിപ്പിച്ചു. സൂറത്ത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സെന്റർ ഫോർ സിസ്റ്റം ഡിസൈനിലെ ഇ-മൊബിലിറ്റി പ്രോജക്ട് മേധാവി പ്രൊഫസർ യു പൃഥ്വിരാജും വിദ്യാർത്ഥി സംഘവുമാണ് ഫോറസ്റ്റ് ഗാർഡുകൾക്ക് പട്രോളിംഗിന് ഉപയോഗിക്കാവുന്ന VidhYug 4.0 ഇ-ബൈക്ക് നിർമ്മിച്ചത്. കുത്തനെയുള്ള ചെരിവുകളും പരുക്കൻ ഭൂപ്രകൃതിയും കയറി ഇറങ്ങാനായി മികച്ച രീതിയിലുളള ഡിസൈനാണ് ബൈക്കിന് നൽകിയിരിക്കുന്നത്.
ശബ്ദമില്ല, അന്തരീക്ഷ മലിനീകരണമില്ല
പട്രോളിംഗിനായി ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിൻ വാഹനങ്ങളിൽ കിലോമീറ്ററുകളോളം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കേണ്ടി വരാറുണ്ട്. ഈ മോട്ടോർബൈക്കുകൾ വളരെയധികം ശബ്ദമുണ്ടാക്കുകയും അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്നു.വിശാലമായ ഷോല വനങ്ങളും സസ്യജന്തുജാലങ്ങളുമുള്ള കുദ്രെമുഖ് വന്യജീവി ഡിവിഷനിൽ കാടിന്റെ പ്രാകൃത സ്വഭാവം കണക്കിലെടുത്ത് ഇ-മൊബിലിറ്റി ഇവിടെ അനുയോജ്യമാകുമെന്ന് കരുതുന്നതായി പ്രൊഫസർ പൃഥ്വിരാജ് പറയുന്നു. വനത്തിൽ പട്രോളിംഗിന് നിശബ്ദത ആവശ്യമാണ്. അങ്ങനെയൊരു ചിന്തയിൽ നിന്നാണ് VidhYug 4.0 പിറവിയെടുക്കുന്നത്.ഇ-ബൈക്ക് രൂപകൽപ്പന ചെയ്യാൻ, ആദ്യം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ സമീപിച്ച് ആവശ്യകതകൾ മനസിലാക്കി. ചെരിവുകളിലും പരുക്കൻ ഭൂപ്രദേശങ്ങളിലും കയറാൻ ആവശ്യമായ പവർ, ടോർക്ക്, വേഗത എന്നിവ കണക്കാക്കി കൺസെപ്റ്റ് ഡിസൈൻ തയ്യാറാക്കി. പ്രോട്ടോടൈപ്പ് തയ്യാറാക്കി കുദ്രേമുഖ് വൈൽഡ് ലൈഫ് ഡിവിഷനിൽ തന്നെ പരീക്ഷിച്ചു. ഉദ്യോഗസ്ഥരിൽ നിന്നുളള ഫീഡ്ബാക്ക് എടുത്തു. കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്ഡൗൺ സമയത്ത് VidhYug 4.0 രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തു.ഏഴോ എട്ടോ മാസങ്ങൾക്കുള്ളിൽ, ഉൽപ്പന്നം പൂർണ്ണമായും പ്രവർത്തനക്ഷമവും ഉപയോഗത്തിനും തയ്യാറായി.
ഹെഡ്ലൈറ്റ് ടോർച്ചുമാകും
ഹെഡ്ലൈറ്റിൽ ഒരു ഇൻ-ബിൽറ്റ് ബാറ്ററിയുണ്ട്, അത് ഇ-ബൈക്കിന്റെ ബിൽറ്റ്-ഇൻ ബാറ്ററിയിൽ നിന്ന് ചാർജ് സ്വീകരിക്കുന്നു. ഒരു സാധാരണ ബൈക്ക് ഹെഡ്ലൈറ്റ് പോലെ കാണപ്പെടുന്ന അത് നീക്കം ചെയ്ത് അൺപ്ലഗ് ചെയ്താൽ ഒരു ടോർച്ച് അല്ലെങ്കിൽ സെർച്ച്ലൈറ്റ് പോലെ പ്രവർത്തിക്കുന്നു. രണ്ട് 12V ചാർജിംഗ് പോർട്ടുകൾ ഉളള യൂട്ടിലിറ്റി ബോക്സും ചേർത്തിട്ടുണ്ട്. ഒന്ന് വാക്കി-ടോക്കി സിസ്റ്റത്തിനും മറ്റൊന്ന് ജിപിഎസ് സിസ്റ്റത്തിനോ മൊബൈൽ ഫോണിനോ വേണ്ടിയും ഉപയോഗിക്കാം. ഇ-ബൈക്കിന് പിന്നിൽ ഒരു പാനിയർ ബോക്സും ഉണ്ട്. അരുവികളിൽ നിന്ന് ക്യാമ്പുകളിലേക്കോ വാച്ച് ടവറുകളിലേക്കോ ശുദ്ധജലം കൊണ്ടുപോകുന്ന ഒരു ജെറി ക്യാൻ സജ്ജീകരിച്ചിരിക്കുന്നു. മറുവശത്ത് കുറച്ച് ഭക്ഷണമോ ലോഗ് ബുക്കോ സൂക്ഷിക്കാൻ കഴിയുന്ന ഒരു വാട്ടർപ്രൂഫ് കമ്പാർട്ടുമെന്റുമുണ്ട്.
ചെളിയും പരുക്കനും നിറഞ്ഞ റോഡിന് അനുയോജ്യം
2kW BLDC മോട്ടോറും 72 വോൾട്ട്, 33 AH ലിഥിയം അയൺ ബാറ്ററിയും ഉപയോഗിച്ചാണ് VidhYug 4.0 പ്രവർത്തിക്കുന്നത്. കുദ്രേമുഖ് കുത്തനെയുള്ള ചെളിയും പരുക്കനും നിറഞ്ഞ ഭൂപ്രദേശത്തിന് പേരുകേട്ടതാണ്,ഇ-ബൈക്കിന്റെ ടോപ് സ്പീഡ് ഏകദേശം 70-80 കിലോമീറ്ററാണ്.ഇപ്പോൾ 3-4 മണിക്കൂർ ഒറ്റ ചാർജിൽ ബാറ്ററി റേഞ്ച് ശരാശരി 70 കിലോമീറ്ററാണ്. 63 NM ടോർക്ക് വാഗ്ദാനം ചെയ്യുന്നു. സോളാർ ചാർജിംഗ് സജ്ജീകരണത്തിൽ രണ്ട് 400 വാട്ട് മോണോ ക്രിസ്റ്റലിൻ സോളാർ പാനലുകളും ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള 1.5 കിലോവാട്ട് യുപിഎസ് യൂണിറ്റും ഉൾപ്പെടുന്നു. നാലോ അഞ്ചോ ദിവസം സൂര്യപ്രകാശം ഇല്ലെങ്കിലും ചാർജിംഗ് സിസ്റ്റം നന്നായി പ്രവർത്തിപ്പിക്കാൻ കഴിയും. ഇ-ബൈക്കിനൊപ്പം ഒരു സാധാരണ 230V ചാർജിംഗ് സംവിധാനവും നൽകിയിട്ടുണ്ട്.
വൈകാതെ വിപണിയിലും എത്തിയേക്കാം
ഉപയോഗക്ഷമതയുടെയും വിശ്വാസ്യതയുടെയും കാര്യത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇ-ബൈക്ക് മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി Kudremukh വൈൽഡ് ലൈഫ് ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ നിരീക്ഷണത്തിനായി ബൈക്ക് ഉപയോഗിക്കുന്നില്ല. ബൈക്ക് വാങ്ങാനുള്ള തീരുമാനം സർക്കാരിന്റേതാണെന്നും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. VidhYug 4.0 ന് വേണ്ടി ഇൻഡസ്ട്രിയിൽ നിന്ന് ഇതുവരെ നിരവധി അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ ഒരു അക്കാദമിക് സ്ഥാപനം എന്ന നിലയിൽ NITK ന് ഒരു ഉൽപ്പന്നവും വിൽക്കാൻ കഴിയില്ല. എന്നാൽ ഏതെങ്കിലും സ്റ്റാർട്ടപ്പിന് സാങ്കേതികവിദ്യ കൈമാറാനാകുമെന്ന് പ്രഫസർ വ്യക്തമാക്കി. അതിനാൽ തന്നെ VidhYug 4.0 വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തുന്ന കാലം വിദൂരമല്ലെന്ന് പ്രതീക്ഷിക്കാം.