ഈ വർഷം സ്മാർട്ട്‌ഫോൺ വിപണി വളർച്ചയെ 5G നയിക്കും; 5G ഹാൻഡ്‌സെറ്റ് വോളിയം 2022 ൽ 40% കവിയുമെന്ന് പ്രതീക്ഷ

5G ഹാൻഡ്‌സെറ്റുകൾ തരംഗമാകും
5G വഴിയുണ്ടാകുന്ന പ്രീമിയംവൽക്കരണവും ഉയർന്ന പ്രൈസ് ബാൻഡുകളിലേക്കുള്ള മാറ്റവും 2022-ൽ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിലെ വളർച്ചക്ക് വഴി തെളിക്കുമെന്ന് പ്രതീക്ഷ. 2021ൽ 5G ഹാൻഡ്‌സെറ്റുകളുടെ സംഭാവന വോളിയം അനുസരിച്ച് 12 ശതമാനമായിരുന്നു. 5G ഹാൻഡ്‌സെറ്റ് വോളിയം സംഭാവന 2022-ൽ 40 ശതമാനം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൺസ്യൂമർ ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ GfK പറയുന്നു.

പ്രീമിയംവൽക്കരണം ഗുണം ചെയ്യും
2020-ലെ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായതിന് ശേഷം, മുൻവർഷത്തെ ഒന്നും രണ്ടും പാദങ്ങളെ അപേക്ഷിച്ച്, ഓഫ്‌ലൈനിലും ഓൺലൈനിലുമായി സ്മാർട്ട്ഫോൺ വിപണി 37.5 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. 2021 ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വ്യവസായത്തിന് ഒരു നല്ല തുടക്കം നല‍്കി. വർഷത്തിന്റെ രണ്ടാം പകുതിയിൽ വരുമാനത്തിൽ 8.8 ശതമാനം വർധനവുണ്ടായി.

മാറി മറിയുന്ന വളർച്ചാ ഗ്രാഫ്
ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ മൊത്തത്തിലുള്ള വരുമാന വളർച്ചയോടെ 2021 അവസാനിച്ചെങ്കിലും, വർഷത്തിന്റെ രണ്ടാം പകുതിയിലെ വളർച്ച ആദ്യ പകുതിയേക്കാൾ വളരെ കുറവാണെന്നും ഉപഭോക്തൃ വാങ്ങലിന്റെ രീതിയും വ്യത്യസ്തമായെന്നും GfK- ഇന്ത്യ, സ്ട്രാറ്റജിക് അക്കൗണ്ട്സ് ഡയറക്ടർ കാർത്തിക് വാസുദേവൻ വിശദീകരിച്ചു. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഓഫ്‌ലൈൻ ചാനൽ 2.3 ശതമാനം ഇടിഞ്ഞപ്പോൾ ഓൺലൈനിൽ 28.7 ശതമാനം വളർച്ചയുണ്ടായെന്നും കാർത്തിക് വാസുദേവൻ കൂട്ടിച്ചേർത്തു. ഉപഭോക്തൃ വാങ്ങൽ മുൻഗണനകളിലെ മാറ്റം, ഉയർന്ന വില, സെമികണ്ടക്ടർ ഷോർട്ടേജ് എന്നിവയാണ് വളർച്ചയെ പിന്നോട്ട് നയിക്കുന്ന കാരണങ്ങളിൽ ചിലത്,കാർത്തിക് വാസുദേവൻ പറഞ്ഞു.

