രാജ്യത്ത് കാൻസർ മരുന്നുകളുടെ വിലയിൽ വൻ കുറവ് വരുത്തി കേന്ദ്ര സർക്കാർ. 137 ജീവൻരക്ഷാ കാൻസർ മരുന്നുകളുടെ വ്യാപാര ലാഭത്തിൽ (ട്രേഡ് മാർജിൻ) നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (NPPA) നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന്, 1,364 മരുന്ന് മിശ്രിതങ്ങളുടെ (formulations) പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതിലൂടെ രാജ്യത്തെ രോഗികൾക്ക് പ്രതിവർഷം 3,540.38 കോടി രൂപയുടെ സാമ്പത്തിക ആശ്വാസമുണ്ടാകുമെന്നാണ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം വിലയിരുത്തുന്നത്.

വിവിധ കമ്പനികളുടെ 679 ബ്രാൻഡ് മരുന്നുകൾക്ക് 50 ശതമാനത്തിലധികം വിലക്കുറവുണ്ടായിട്ടുണ്ട്. ചില മരുന്നുകൾക്ക് പരമാവധി 96.45 ശതമാനം വരെയാണ് വില കുറഞ്ഞിരിക്കുന്നത്. സ്തനാർബുദം, പ്രോസ്റ്റേറ്റ്, ഗർഭാശയ കാൻസർ മരുന്നുകൾക്കും ഇമ്മ്യൂണോതെറാപ്പി മരുന്നുകൾക്കും നിരക്കിളവ് ബാധകമാണ്. ആശുപത്രി ഫാർമസികളോ കെമിസ്റ്റുകളോ പുതുക്കിയ എം.ആർ.പി (MRP) നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കാൻ പാടില്ലെന്നും, അമിതവില ഈടാക്കിയാൽ ‘ഫാർമ ജൻ സമാധാൻ’ പോർട്ടൽ വഴിയോ 1800-111-255 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ പരാതിപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.
NPPA’s trade margin controls reduce prices of 1,364 cancer drug formulations, offering patients estimated annual savings of ₹3,540 crore.
