Hurun global: കോടീശ്വരന്മാരുടെ ലിസ്റ്റ് ഇതാ
കോവിഡ് കാലം ലോകമെമ്പാടും മനുഷ്യർ ജീവിതത്തിന് പുതിയ വഴികൾ തേടിയ സമയമാണ്. ബിസിനസ്സിലെ വൈവിദ്ധ്യവത്കരണം മൂലം ശതകോടീശ്വരൻമാരുടെ സമ്പത്ത് മേല്ക്കുമേൽ ഉയർന്ന സമയവും. സമ്പത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയെ വെല്ലാൻ ഇന്ത്യയിലെന്നല്ല ഏഷ്യയിലും ആരുമില്ലെന്നാണ് Hurun global റിച്ച് ലിസ്റ്റ് 2022 പറയുന്നത്. ഈ പട്ടിക പ്രകാരം ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 103 ബില്യൺ ഡോളറിന്റെ ആസ്തിയുമായി അംബാനി ഒന്നാം സ്ഥാനത്തും 81 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനി രണ്ടാമതുമാണ്. റിപ്പോർട്ട് പ്രകാരം മുകേഷ് അംബാനിയുടെ സമ്പത്ത് 24 ശതമാനം നിരക്കിൽ വളർന്നു. രാജ്യത്ത് നിരവധി കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ഉള്ളപ്പോൾ, മുകേഷ് അംബാനി മാത്രമാണ് ലോക ടോപ്പ് 10-ൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ. അംബാനി തന്റെ പാരമ്പര്യ സ്വത്ത് 10 ബില്യൺ ഡോളറിൽ നിന്ന് 20 വർഷത്തിനുള്ളിൽ 10 മടങ്ങ് വർദ്ധിപ്പിച്ചു. Richest Telecom Entrepreneur എന്ന ടൈറ്റിലും അംബാനിക്ക് തന്നെയാണ്. മറുവശത്ത്, ഗൗതം അദാനിയുടെ സ്വത്തിൽ 153 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ അദ്ദേഹം 12-ാം സ്ഥാനത്താണ്. Richest Energy Entrepreneur എന്ന ടൈറ്റിലിന് ഗൗതം അദാനി അർഹനായി. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് നേടിയ അദാനി 49 ബില്യൺ ഡോളറാണ് തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. 28 ബില്യൺ ഡോളർ ആസ്തിയുള്ള HCLന്റെ ശിവ് നാടാറും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. 26 ബില്യൺ ഡോളറുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഫൗണ്ടർ സൈറസ് പൂനവാല നാലാമതും 25 ബില്യൺ ഡോളറുമായി ലക്ഷ്മി മിത്തൽ അഞ്ചാമതുമാണ്.
ലോകത്തിലെ ആദ്യ മൂന്ന് ശതകോടീശ്വരന്മാർ സ്‌പേസ് എക്‌സ്-ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്, ആമസോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ ജെഫ് ബെസോസ്, LVMH, CEO ബെർണാഡ് അർനോൾട്ട് എന്നിവരാണ്. ലോകത്തിലെ മികച്ച 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ കോടീശ്വരൻമാർ പുതുതായി ഇടം പിടിച്ചിട്ടുണ്ട്. 26 ബില്യൺ ഡോളർ ആസ്തിയുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് പൂനവാല 55-ാം സ്ഥാനത്താണ്, ആർസലർ മിത്തൽ എക്സിക്യൂട്ടീവ് ചെയർമാൻ ലക്ഷ്മി മിത്തൽ 60-ാം സ്ഥാനത്താണ് 25 ബില്യൺ ഡോളറാണ് ആസ്തി. ഡി-മാർട്ട് ഫൗണ്ടർ ആർകെ ദമാനി 23 ബില്യൺ ഡോളറിന്റെ ആസ്തിയുമായി 67-ാം സ്ഥാനത്താണ്. Nykaa- ഫൗണ്ടറായ Falguni Nayar, 2022- Hurun Global Rich ലിസ്റ്റിൽ 7.6 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഉൾപ്പെട്ടിട്ടുണ്ട്. Kotak Mahindra Bank, CEO ഉദയ് കോട്ടക്, 16 ബില്യൺ ഡോളർ സമ്പത്തുമായി ലോകത്തിലെ മൂന്നാമത്തെ ധനികനായ ബാങ്കർ പട്ടം നേടി.
28 ബില്യൺ ഡോളർ ആസ്തിയുള്ള എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ശിവ് നാടാർ ആഗോള സമ്പന്നരുടെ പട്ടികയിൽ 46-ാം സ്ഥാനത്താണ്. ആഗോളതലത്തിൽ ഏറ്റവും സമ്പന്നരായ മൂന്നാമത്തെ സോഫ്റ്റ്‌വെയർ സർവീസസ് ബില്യണയർ കൂടിയാണ് അദ്ദേഹം.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഫൗണ്ടർ സൈറസ് എസ് പൂനാവാലയുടെ സമ്പത്തിൽ 41 ശതമാനം വർധിച്ച് 26 ബില്യൺ ഡോളറിലെത്തി. 55-ാം റാങ്കിലുള്ള പൂനവാലക്ക് ലോകത്തിലെ ‘Richest Healthcare Billionaire” എന്ന പദവിയും ലഭിച്ചു.എഡ്ടെക് ഡെക്കാക്കോൺ ബൈജൂസിന്റെ ഫൗണ്ടർ ബൈജു രവീന്ദ്രൻ – എജ്യുക്കേഷൻ സെക്ടറിൽ നിന്നുള്ള ലോകത്തിലെ മൂന്നാമത്തെ ധനികനാണ്. 2 വർഷം മുമ്പ് മാത്രമാണ് ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് ബൈജു രവീന്ദ്രൻ എത്തിയത്. 3.3 ബില്യൺ ഡോളറാണ് ആസ്തി.
ലിസ്റ്റിലെ ചില കൗതുകങ്ങൾ ഇവയാണ്. 215 ബില്യണയർമാരുളള ഇന്ത്യയിൽ 58 പേരാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. ലോകത്തിന് ഏറ്റവും വലിയ ശതകോടീശ്വരന്മാരെ സംഭാവന ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ തുടരുന്നു. വ്യോമയാന മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയിലാണ്. 72 ശതകോടീശ്വരൻമാർ പാർക്കുന്ന മുംബൈയാണ് ഇന്ത്യയിലെ ബില്യണയർ ക്യാപിറ്റൽ. 51 പേരുമായി തൊട്ടുപിന്നിൽ ഡൽഹിയും 28 പേരുമായി ബെംഗളൂരുവുമുണ്ട്. റിയൽറ്റി സ്ഥാപനമായ M3M മായി സഹകരിച്ചാണ് 2022-ലെ ഗ്ലോബൽ റിച്ച് ലിസ്റ്റ് ഹുറൂൺ പ്രസിദ്ധീകരിച്ചത്