പരമ്പരാഗത വ്യവസായങ്ങളുടെ നിലനില്‍പ്പിന് ഡിജിറ്റലൈസേഷന് അനിവാര്യമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിച്ച റൂറല്‍ ഇന്ത്യ ബിസിനസ് കോൺക്ലേവ്. കെഎസ്യുഎമ്മും സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (CPCRI) സംയുക്തമായി കാസർഗോഡ് സംഘടിപ്പിച്ച ദ്വിദിന ഉച്ചകോടി ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ് സംരംഭ സ്ഥാപകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സാങ്കേതികതയെ എങ്ങനെ പ്രയോജനപ്പെടുത്താം’ എന്ന പ്രമേയത്തില്‍ നടന്ന കോൺക്ലേവ് രാജ്യത്തെ സ്റ്റാര്‍ട്ടപ് രംഗത്തെ നാല്‍പ്പതോളം പ്രമുഖർ അഭിസംബോധന ചെയ്തു.
കാസര്‍കോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താൻ റൂറല്‍ ഇന്ത്യ ബിസിനസ് കോൺക്ലേവ് രണ്ടാം എഡിഷൻ ഉദ്ഘാടനം ചെയ്തു. കൊച്ചി മാതൃകയില്‍ കാസര്‍കോട്ടും ടെക്നോളജി ഇനോവേഷന്‍ സോണ്‍ സ്ഥാപിക്കുന്ന കാര്യം സജീവപരിഗണനയിലാണെന്ന് ഉദ്ഘാടനച്ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.
30 മണിക്കൂര്‍ നീണ്ട റൂറൽ അഗ്രി-ടെക് ഹാക്കത്തോൺ ഉച്ചകോടിക്കു മുന്നോടിയായി നടന്നു. കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, എക്സിബിഷന് എന്നിവയ്ക്കും കോൺക്ലേവ് വേദിയായി.
സാമൂഹികമായി സ്വാധീനം ചെലുത്തുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേരളത്തില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്കാന് ബംഗളുരു ആസ്ഥാനമായുള്ള ഇന്‍കുബേറ്ററായ സോഷ്യല്‍ ആല്‍ഫ നടത്തിയ പിച്ചിംഗിനും കോൺക്ലേവ് സാക്ഷ്യം വഹിച്ചു. സ്റ്റാർട്ടപ്പ് അനുഭവങ്ങൾ പങ്കുവച്ച ഫൗണ്ടേഴ്സ് ടോക്കിൽ പ്രമുഖ സംരംഭകർ സംസാരിച്ചു
ടെക്നോളജി ഇൻകുബേഷനായി സഹകരണം ശക്തിപ്പെടുത്താൻ ഐസിഎആർ-സിപിസിആർഐയിലെ ശാസ്ത്രജ്ഞരുമായി KSUM ആശയവിനിമയവും നടത്തി. ‘ഫിനാന്‍സിംഗ് സ്റ്റാര്‍ട്ടപ്പുകളും സൂക്ഷ്മ-ചെറുകിട സംരംഭങ്ങളും’ എന്ന വിഷയത്തിലും ചര്‍ച്ച നടന്നു.
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രമുള്പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉള്ള സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിപണിസാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയ ഡ്രീം ബിഗ് കൽപയും കോൺക്ലേവിനോട് അനബന്ധിച്ചുണ്ടായിരുന്നു.
പരമ്പരാഗത വ്യവസായങ്ങളുടെ അതിജീവനത്തിന് ഡിജിറ്റല്‍ പരിവര്‍ത്തനം’ എന്ന വിഷയത്തില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സജി ഗോപിനാഥ് പ്രഭാഷണം നടത്തി. പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ഒരു വ്യവസായ മാതൃക ബെംഗളൂരു ജനറല്‍ എയറോനോട്ടിക്സ് സ്ഥാപകനും സിഇഒയുമായ അഭിഷേക് ബര്മന് അവതരിപ്പിച്ചു.
ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരായ സോഷ്യല്‍ ആല്‍ഫ, സ്റ്റാര്‍ട്ടപ് ഇന്ത്യ, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് എന്നിവയുടെ പിന്തുണയോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.