കേരളത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് 500 കോടി രൂപ ചെലവഴിക്കാൻ Aster DM Healthcare പദ്ധതിയിടുന്നു. തിരുവനന്തപുരം ജില്ലയിൽ 550 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. കാർഡിയാക് സയൻസസ്, ഓർഗൻ ട്രാൻസ്പ്ലാൻറ്, ന്യൂറോ സയൻസസ്, ഓർത്തോപീഡിക്‌സ്, ഓങ്കോളജി തുടങ്ങിയ വിവിധ വിഭാഗങ്ങൾ സജ്ജീകരിക്കും. കൂടാതെ, ഉയർന്ന ഡിപൻഡൻസി യൂണിറ്റുകൾ, ട്രാൻസ്പ്ലാൻറ് ICU എന്നിവയുൾപ്പെടെ ഡേ-കെയർ സപ്പോർട്ട്, 24 മണിക്കൂർ പ്രവർത്തിക്കുന്ന ട്രോമ, എമർജൻസി റെസ്‌പോൺസ് സേവനങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
ആദ്യഘട്ടമെന്ന നിലയിൽ 350 കിടക്കകളുമായി സ്ഥാപനം 2026ഓടെ പ്രവർത്തനക്ഷമമാകുമെന്ന് Aster DM Healthcare റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഇതോടെ രാജ്യത്തുടനീളം 4,500 കിടക്കകളുള്ള വിപുലമായ ആരോഗ്യസംവിധാനമായി ആസ്റ്റർ മാറുമെന്ന് സ്ഥാപക ചെയർമാനും എംഡിയുമായ ആസാദ് മൂപ്പൻ വ്യക്തമാക്കി. ഭാവിയിൽ റോബോട്ടിക്സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന ആരോഗ്യ സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിൽ, കേരളം, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ 5 സംസ്ഥാനങ്ങളിലായി മൊത്തം 15 ആശുപത്രികൾ, 11 ക്ലിനിക്കുകൾ, 131 ഫാർമസികൾ, 114 ലാബുകൾ എന്നിവയാണ് നിലവിൽ ആസ്റ്ററിനുള്ളത്.