കംപ്ലീറ്റ് ക്ലീനിംഗ് സൊലൂഷൻസ്, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Wipe 24 എന്ന സ്റ്റാർട്ടപ്പിനെ ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ ചുരുക്കാം. സഹപാഠികളായ കിരണും അധീശും സഹോദരൻ അധുനും ചേർന്ന് തുടങ്ങിയ സംരംഭം. കാർ വാഷ് മുതൽ ഹോം ക്ലീനിംഗ് വരെ, വൈപ്പ് നൽകുന്ന സേവനങ്ങൾ ചെറുതല്ല. കോവിഡൊക്കെ കേരളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപൊരു ദിവസം കാറൊന്നു കഴുകാൻ പോയതാണ് കിരണും അധീശും. അവിടെനിന്നാണ് കാർ വാഷ് ബുക്ക് ചെയ്യാൻ ഒരു ആപ്ലിക്കേഷൻ എന്ന ആശയം തോന്നിയത്. Wipe 24ന്റെ യാത്ര തുടങ്ങുന്നത് അവിടം തൊട്ടാണ്.
വീടുകളിൽ നേരിട്ടെത്തി വസ്ത്രങ്ങൾ ശേഖരിച്ച് അവ കഴുകി ഇസ്തിരിയിട്ടു നൽകുന്ന ലോൺട്രി വാഷ് സേവനം, വീട് വൃത്തിയാക്കി കൊടുക്കുന്ന ഹോം കെയർ ആപ്ലിക്കേഷൻ തുടങ്ങിയവയും വൈപ്പിന്റെ ഭാഗമായി ഇവർ ആരംഭിച്ചു. പുനരുപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ WIPE 24 വഴി ഡൊണേറ്റ് ചെയ്യാൻ കഴിയുന്ന Donate Clothes എന്ന മറ്റൊരു ഓപ്ഷനും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധീശ് തലേക്കരയാണ് കമ്പനി സിഇഒയുടെ ചുമതല വഹിക്കുന്നത്. കിരൺ പരമേശ്വരൻ മാർക്കറ്റിംഗ് വിഭാഗവും അധുൻ തലേക്കര ചീഫ് ടെക്നിക്കൽ ഓഫീസറായും പ്രവർത്തിക്കുന്നു. കൊച്ചി പോലൊരു തിരക്കിട്ട നഗരത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സൊല്യൂഷൻ കണ്ടെത്തുന്നിടത്താണ് WIPE 24ന്റെ വിജയം. സ്വന്തമായി ഒരു ഡെലിവറി വാഹനം, ഇലക്ടിക് മെഷീനുകൾ, ഗ്രീൻ എനർജി സർവീസുകൾ എന്നിവയാണ് WIPE 24ന്റെ പദ്ധതികൾ.