ഭക്ഷ്യസുരക്ഷ, ക്ലീൻ എനർജി സംരംഭങ്ങൾ എന്നിവയിൽ സംയുക്ത സഹകരണം ചർച്ച ചെയ്യാൻ I2U2 ഗ്രൂപ്പ് യോഗം ചേർന്നു. ഇന്ത്യ, ഇസ്രായേൽ, യുഎസ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് I2U2 ഗ്രൂപ്പ്. ജലം, ഊർജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, എന്നീ മേഖലകളിലെ സംയുക്ത നിക്ഷേപങ്ങളിലും പുതിയ സംരംഭങ്ങളിലും I2U2 ഗ്രൂപ്പ് പ്രത്യേക ശ്രദ്ധ നൽകും. മാലിന്യ സംസ്‌കരണത്തിന് പുതിയ പരിഹാരങ്ങൾ ആവിഷ്‌കരിക്കുക, അതത് രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളെ I2U2 നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു.
സംയുക്ത ധനസഹായത്തിനുള്ള മേഖലകൾ കണ്ടെത്തുക, ഹരിത സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയും കർമപദ്ധതിയിലുണ്ട്. ക്ലീൻ എനർജി മേഖലയിൽ ഇന്ത്യയുമായും യു എ ഇയുമായും ഇസ്രായേലും യുഎസും സഹകരിക്കും. ഇന്ത്യയിൽ ഉടനീളം ഇന്റഗ്രേറ്റഡ് ഫുഡ് പാർക്കുകളുടെ ഒരു ശ്രേണി വികസിപ്പിക്കുന്നതിന് യുഎഇ 2 ബില്യൺ ഡോളർ നിക്ഷേപിക്കും. 330 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു ഹൈബ്രിഡ് പുനരുപയോഗ ഊർജ പദ്ധതി ഗുജറാത്തിൽ I2U2 നടപ്പാക്കും.