ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് (IIBX) ഗാന്ധിനഗറിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്ക് സിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. CDSL, India INX, NSDL, NSE, MCX തുടങ്ങിയ ആഗോള നിക്ഷേപകരുടെ ശക്തമായ പിന്തുണ യോടെയാണ് അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് പ്രവർത്തനം തുടങ്ങുന്നത്.
ഇന്ത്യയിലെ സ്വർണത്തിന്റെ സാമ്പത്തികവൽക്കരണത്തിന് ഊർജ്ജം പകരുന്നതിനൊപ്പം ഗുണനിലവാരം ഉറപ്പുനൽകിക്കൊണ്ടുള്ള വില നിർണ്ണയത്തിന് എക്സ്ചേഞ്ച് സഹായകമാകുമെന്ന് IFSC അതോറിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. കൂടുതൽ ജ്വല്ലറികൾക്ക് വിലയേറിയ ലോഹം ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഒരു റീജിയണൽ ബുള്ളിയൻ ഹബ് സൃഷ്ടിക്കുകയാണ് എക്സ്ചേഞ്ച് ലക്ഷ്യമിടുന്നത്. ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച് ഡീലർമാരെയും റിഫൈനറികളെയും വിദേശ ബാങ്കുകളെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി IIBX ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശോക് ഗൗതം പറഞ്ഞു. 2020-21 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ IFSCയിൽ IIBX സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.