വർണവിവേചനം കാരണം, എല്ലായിടത്തും തഴയപ്പെട്ടു,16-ാം വയസ്സിൽ ഹൈസ്കൂൾ പഠനം നിർത്തി, 20-ാം വയസ്സിൽ ഒരു കുഞ്ഞിന്റെ പിതാവായി. ജീവിതം ഇതോടെ കൂടുതൽ ദുഷ്‌കരമായി. എന്നിട്ടും ശുഭാപ്തിവിശ്വാസം കൊണ്ട് മികച്ച സ്റ്റാർട്ടപ് പടുത്തുയർത്തിയ ജോഷ് ഫാബിയാനെ അറിയുമോ.
ഹൈസ്കൂൾ ഡ്രോപ്പ് ഔട്ടിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പ് ഫൗണ്ടറായി വളർന്ന അമേരിക്കയിലെ ജോഷ്ഫാബിയൻ, പിറ്റ്‌സ്‌ബർഗ് ആസ്ഥാനമായ ഓൺലൈൻ പ്ലാറ്റ്‌ഫോം Metafyയുടെ കോഫൗണ്ടറും സിഇഒയുമാണ്. 105 മില്യൺ ഡോളർ മൂല്യമുളള ഒരു വീഡിയോ ഗെയിമിംഗ് സ്റ്റാർട്ടപ്പ് ഫൗണ്ടറായി മാറിയ ജോഷ് ഫാബിയന്റെ ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല.
സ്വന്തമായി കോഡിംഗ് പഠിച്ച് കോഡറായ ജോഷ് ഫാബിയൻ, ഒരു ജോലിക്ക് 100 ഡോളർ എന്ന നിരക്കിൽ ചെറിയ വെബ്‌സൈറ്റുകൾ രൂപകല്പന ചെയ്തുകൊണ്ടാണ് തന്റെ കരിയർ ആരംഭിച്ചത്. ഒടുവിൽ 2012-ൽ സോഷ്യൽ മാർക്കറ്റ് പ്ലേസ് സ്റ്റാർട്ടപ്പായ ഒബാസിൽ ഒരു വെബ് ഡിസൈനറുടെ ജോലിയിൽ പ്രവേശിച്ചു. ശമ്പളത്തിന് പുറമേ, ഫാബിയനും കമ്പനിയിൽ ഇക്വിറ്റി ലഭിച്ചു. മറ്റൊരു കമ്പനിയായ Groupon ഒബാസിനെ സ്വന്തമാക്കിയപ്പോൾ ജോഷ് സാമ്പത്തികമായി കൂടുതൽ സ്ഥിരത കൈവരിച്ചു. ഗ്രൂപ്പോണിൽ മൂന്ന് വർഷം ചെലവഴിച്ചതിന് ശേഷം, ജോഷ് ഗെയിമിംഗിലേക്ക് ശ്രദ്ധ മാറ്റി.
ജോഷ് പതിവായി തന്റെ ഗെയിമുകൾ ലൈവ്-സ്ട്രീം ചെയ്യുകയും വീഡിയോകൾ YouTube-ൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒടുവിൽ, ആളുകൾ കോച്ചിംഗ് സെഷനുകൾ ആവശ്യപ്പെട്ടു തുടങ്ങി. മണിക്കൂറിന് 100 ഡോളർ എന്ന ഫീസിൽ കോച്ചിംഗ് ക്ലാസുകൾ നൽകി. ആറ് മാസത്തെ പരിശീലനക്ലാസിലൂടെ 40,000 ഡോളർ സമ്പാദിച്ചതായി ജോഷ് ഫാബിയൻ പറയുന്നു. പിന്നീട് 2020-ലെ പാൻഡമിക് സമയത്താണ് Metafy യുടെ തുടക്കം. 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കമ്പനിയുടെ മൂല്യം 105 മില്യൺ ഡോളറായിരുന്നു. Metafyക്ക് ഇന്ന് 50,000-ത്തിലധികം ഉപയോക്താക്കളും ആയിരക്കണക്കിന് കോച്ചുകളുമുണ്ട്. സ്വയം വിശ്വസിക്കുകയും ഒരിക്കലും ലക്ഷ്യം കൈവിടാതിരിക്കുകയും ചെയ്താൽ കാലം എങ്ങനെ നിങ്ങളെ മാറ്റിയെടുക്കും എന്നതിന്റെ തെളിവാണ് 32 കാരനായ ജോഷ് ഫാബിയന്റെ ജീവിതം.