എല്ലാ ബിസിനസ്സും ശക്തമായ അടിത്തറയിൽ നിന്നാണ് ആരംഭിക്കുന്നതും വികസിക്കുന്നതും പിന്നീട് പ്രവർത്തിപ്പിക്കുന്നതും. ഫൗണ്ടറിൽ തുടങ്ങി സ്ഥാപനത്തിലെ ഓരോ ജീവനക്കാരിൽ നിന്നും തുല്യ പരിശ്രമം ഒരു സംരംഭവിജയത്തിന് ആവശ്യമാണ്. പുതിയ ആശയങ്ങളും നൈപുണ്യവും നടപ്പിലാക്കുകയും ഒരു രാജ്യത്തിന്റെ പുരോഗതിക്കായി ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്യുന്നതാണ് സംരംഭകത്വം.
15-ാം വയസ്സിൽ ട്രാഫിക് പാറ്റേണുകൾ നിരീക്ഷിക്കാൻ വികസിപ്പിച്ച കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചെടുത്ത ബിൽ ഗേറ്റ്‌സ് മുതൽ ജെഫ് ബെസോസ് വരെ ചെറുപ്പം മുതലേ തന്നെ ബിസിനസ്സ് മാനേജ്മെന്റിന്റെ റെക്കോർഡ് ബുക്കുകളിൽ ഇടം നേടിയ നിരവധി മികച്ച സംരംഭകർ ലോകത്തിലുണ്ട്. ഒരു വെർച്വൽ പുസ്തകശാലയായി തന്റെ ബിസിനസ്സ് ആരംഭിച്ച ബെസോസ്, പിന്നീട് അത് തന്റെ വന്യമായ ദർശനങ്ങളേക്കാൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോയി. അത്തരം എല്ലാ ഇതിഹാസ സംരംഭകരുടെയും പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും പങ്കാളികൾക്കിടയിൽ സംരംഭകത്വം, സൃഷ്ടി, നേതൃത്വം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോക സംരംഭക ദിനം ആഘോഷിക്കുന്നത്. സംരംഭകത്വത്തിന് ചില അടിസ്ഥാന പാഠങ്ങളുണ്ട്.
1. ധൈര്യമായിരിക്കുക: എന്തെങ്കിലുമൊക്കെ നേടിയെടുക്കുന്ന ഏതൊരാൾക്കും ഒരു വലിയ സ്വപ്നമുണ്ടായിരിക്കും. ആ സ്വപ്‌നങ്ങളിൽ പലതും തുടക്കത്തിലേ പലരും പരിഹസിക്കുകയും ചിരിച്ചു തളളുകയും ചെയ്തതായിരിക്കും. എന്നാൽ നിങ്ങൾ വിശാലമായി ചിന്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സ്വപ്നവും ദർശനവും നടത്തിയെടുക്കാൻ തക്ക ശക്തിയോടെ പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾക്ക് അവസരമില്ല. ഇതാണ് സംരംഭകത്വത്തിന്റെ പ്രത്യേകത. അതിനാൽ മറ്റേതൊരു ജോലി നേടുന്ന ആളെക്കാളും ഉപരിയായി ഒരു സംരംഭകൻ അസാമാന്യമായ ധൈര്യത്തിന് ഉടമയായിരിക്കണം. എങ്കിൽ മാത്രമേ റിസ്കുകൾ സക്സസ് ആക്കി മാറ്റാൻ കഴിയുകയുളളു.
2. ബന്ധിപ്പിക്കുക: ഓട്ടോമേഷന്റെയും മുഖമില്ലാത്ത സാങ്കേതികവിദ്യയുടെയും യുഗത്തിൽ, യഥാർത്ഥ ആളുകൾക്ക് കണക്റ്റുചെയ്യാൻ കഴിയുന്ന ഒരാളായിരിക്കുക എന്നത് വളരെ പ്രധാനമാണ്. Mass customisation എന്നത് ഇപ്പോൾ ഒരു പൊതു ആശയമാണ്. വൻതോതിലുള്ള ഉൽപ്പാദനത്തിലൂടെ മികച്ച രീതിയിൽ സ്കെയിൽ ചെയ്യാനാകുന്ന സംരംഭങ്ങൾക്കാണ് നിലനിൽപ്പുള്ളത്. എന്നാൽ ഓരോ ഉപഭോക്താവിന്റെയും അല്ലെങ്കിൽ ഉപയോക്താവിന്റെയും എക്സ്പീരിയൻസ് അവർക്ക് യുണീക്കാണ്. അവർ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാക്കുന്നതിലൂടെ ഓരോ സംരംഭവവും ഉപയോക്താവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഒരു ബിസിനസിലെ ഏറ്റവും മികച്ച മൂല്യമെന്നത് തങ്ങളുടെ ഉപഭോക്താവിനെ തിരിച്ചറിയുക അവരുമായി മികച്ച ബന്ധം സ്ഥാപിക്കുക എന്നതാണ്.
3. ഫോക്കസ് ചെയ്യുക: വിജയിച്ച സംരംഭകരുടെ ഏറ്റവും സാധാരണമായ സവിശേഷത, അവർ ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ കഴിവാണ്. ഇലോൺ മസ്കും ജെഫ് ബെസോസും ബിൽ ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സും എല്ലാം അവരുടെ വിജയത്തിന്റെ പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കുന്നത് ഫോക്കസ് ആണ്. കൃത്യമായ ലക്ഷ്യബോധം ബിസിനസ്സ് പ്രകടനം വർധിക്കുന്നതിന് തീർച്ചയായും ആവശ്യമാണ്. ദിശാബോധം ഇല്ലാതെ ചെയ്യുന്ന ഏത് കാര്യവും പരാജയത്തിലേക്ക് മാത്രമായിരിക്കും നയിക്കപ്പെടുക.