പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളടങ്ങിയ ഒരു സൂപ്പർ ഫുഡ്ഡാണ് തിന അഥവാ മില്ലെറ്റ്. കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മില്ലറ്റുകളുടെ ഉത്പാദനം 2016ൽ 14.52 ദശലക്ഷം ടണ്ണായിരുന്നത് 2021 ആയപ്പോഴേയ്ക്ക് 17.96 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. ഈ മികച്ച സാദ്ധ്യത ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പുണ്ട് പേര് Troogood. തിനയുപയോഗിച്ച് പരാത്ത, മില്ലറ്റ് ചിക്കി, പീനട്ട് ചിക്കി തുടങ്ങിയ ലഘുഭക്ഷണങ്ങൾ Troogood നൽകുന്നു. ഇവയെല്ലാം തന്നെ ലേയ്‌സ്, കുർകുറെ എന്നിവയുടെ അതേ വിലയിൽ ലഭ്യമാക്കുകയും ചെയ്യുന്നുവെന്നതാണ് Troogoodന്റെ ഏറ്റവും വലിയ സവിശേഷത.
2019ൽ പ്രതിദിനം 1,000 ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് ബിസിനസ്സ് ആരംഭിച്ച കമ്പനി, മൂന്ന് വർഷത്തിനുള്ളിൽ, പ്രതിദിനം 2 ദശലക്ഷം പ്രോഡക്റ്റ് വിൽക്കുന്നു. കുറഞ്ഞ വിലയിൽ വൈവിധ്യമാർന്നതും രുചികരവുമായ ലഘുഭക്ഷണങ്ങളാണ് Troogood ലഭ്യമാക്കുന്നത്. ഇതിൽ 1.5 ലക്ഷത്തിലധികം മില്ലറ്റ് ചിക്കികളുടേയും പ്രധാന ആവശ്യക്കാർ ഗർഭിണികളാണ്. ആന്ധ്രാപ്രദേശിലെ ആയിരക്കണക്കിന് സർക്കാർ സ്ക്കൂളുകളിൽ പ്രഭാതഭക്ഷണമായി ട്രൂഗുഡിന്റെ മില്ലറ്റ് ചിക്കികൾ നൽകുന്നു. രാജ്യത്തുടനീളമുള്ള 100 ദശലക്ഷം കുട്ടികളിലേക്ക് ഇത് എത്തിക്കാൻ കഴിയുമെന്നാണ് Troogood പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്കാരുടെ ലഘുഭക്ഷണ ശീലങ്ങൾ ജങ്ക് ഫുഡിൽ നിന്ന് ആരോഗ്യകരമായ ഓപ്ഷനുകളിലേക്ക് മാറ്റുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ 4 ബില്ല്യണിലധികം ആളുകൾ ഗോതമ്പും അരിയും ഉപയോഗിക്കുന്നു, ഉപഭോഗത്തിന്റെ കാര്യത്തിൽ ആ ധാന്യങ്ങൾ തിനയെക്കാൾ ഉയർന്ന് നിൽക്കുകയും ചെയ്യുന്നു. എന്നാൽ പോഷകാഹാരത്തിന്റെ കാര്യത്തിൽ അവയെയെല്ലാം മറികടക്കുന്നതാണ് തിനയെന്ന് Troogood ഫൗണ്ടർ രാജു ഭൂപതി പറയുന്നു. പ്രതിമാസം 700 മുതൽ 1000 ടൺ വരെ മില്ലറ്റുകളാണ് Troogood പ്രോസസ്സ് ചെയ്യുന്നത്. നിലവിൽ ട്രൂഗുഡ് ഉൽപ്പന്നങ്ങൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. വരും വർഷങ്ങളിൽ യൂറോപ്പ്, ഓസ്‌ട്രേലിയ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു കൂടി വിപണി വ്യാപിപ്പിക്കാനും ട്രൂഗുഡ്ഡിന് പദ്ധതിയുണ്ട്.