രാജ്യത്ത് വൻ നിക്ഷേപപദ്ധതികളുമായി മാരുതി സുസുക്കി. രാജ്യത്ത് 40 വർഷം തികച്ച വേളയിലാണ് മാരുതി സുസുക്കിയുടെ നിക്ഷേപ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ഹൻസാൽപൂരിൽ സുസുക്കി ഇവി ബാറ്ററി പ്ലാന്റിന്റെയും ഹരിയാനയിലെ ഖാർഖോഡയിലെ വെഹിക്കിൾ മാനുഫാക്ചറിംഗ് പ്ലാന്റിന്റെയും ശിലാസ്ഥാപനം നിർവഹിച്ചു. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതിന് സുസുക്കിയുടെ നേതൃത്വത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മറ്റ് പല ജാപ്പനീസ് കമ്പനികളും ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തെ പ്രശംസിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാരുതി സുസുക്കിയുടെ ഇന്ത്യയിലെ വിജയത്തിന് ജനങ്ങളും കേന്ദ്ര സർക്കാരും കാരണമാണെന്നും പറഞ്ഞു.
ഹൻസാൽപൂരിലെ ഫാക്ടറി 2026ഓടെ നിർമാണം പൂർത്തിയാകും. 10,400 കോടിയുടെ നിക്ഷേപമാണ് ഇവിടെ നടത്തുന്നത്. തോഷിബ,ഡെൻസു,സുസുക്കി ഇവയുടെ സംയുക്തപങ്കാളിത്തത്തിൽ സ്ഥാപിക്കുന്ന സെൽ പ്ലാന്റിൽ നിന്ന് കയറ്റുമതിക്കായും മാരുതിയുടെയും ടയോട്ടയുടെയും ഇന്ത്യയിൽ നിർമിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾക്കായും ബാറ്ററി നിർമിക്കും. പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റ് ശേഷി പ്രതീക്ഷിക്കുന്ന പ്ലാന്റാണ് ഹരിയാനയിൽ നിർമിക്കുന്നത്. 20,000 കോടി രൂപ ചിലവിൽ നിർമിക്കുന്ന പ്ലാന്റിൽ ഇവികളും പെട്രോൾ മോഡലുകളുമാകും നിർമിക്കുക.
മാരുതി ഉദ്യോഗും സുസുക്കി മോട്ടോർ കോർപറേഷനും തമ്മിൽ 1982 ഒക്ടോബറിലായിരുന്നു സംയുക്തസംരംഭത്തിന് കരാറിലേർപ്പെട്ടത്.