മലയാളിയായ ഡോ.ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ഹെൽത്ത് കെയർ പ്രൊവൈഡറായ Burjeel Holdings അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ (ADX) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. 11% ഓഹരികളാണ് നിക്ഷേപകർക്കായി നീക്കി വയ്ക്കുന്നത്. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ (MENA) ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളിലൊന്നാണ് Burjeel Holdings. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 4 വരെയാണ് ഓഹരികൾ സബ്സ്ക്രൈബ് ചെയ്യാനുളള കാലയളവ്. ഒക്ടോബർ 10-നാണ് കമ്പനി ADX-ൽ ലിസ്റ്റ് ചെയ്യുന്നത്. 550.7 ദശലക്ഷം ഷെയറുകളാണ് കമ്പനി ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. ഇതിൽ 350.3 ദശലക്ഷം ഷെയറുകൾ VPS Healthcare Holdings കൈവശം വച്ചിട്ടുളളതാണ്. ബുർജീൽ ഹോൾഡിംഗ്സിൽ 79.8 ശതമാനം ഷെയറുകൾ കയ്യാളുന്നത് VPS Healthcare Holdings ആണ്. ഓഫർ ചെയ്യുന്ന മൊത്തം ഓഹരികളിൽ ആദ്യവിഹിതത്തിൽ 10 ശതമാനവും രണ്ടാം വിഹിതത്തിൽ 90ശതമാനവും എന്നിങ്ങനെയാണ് വിഭജനം.
ഈ വർഷം യുഎഇയിൽ പബ്ലിക് ലിസ്റ്റിംഗിനൊരുങ്ങുന്ന ആദ്യ സ്വകാര്യസ്ഥാപനമാണ് Burjeel Holdings. യുഎഇയിലും ഒമാനിലുമായി 61 ഓളം സ്ഥാപനങ്ങൾ ബുർജീൽ ഹോൾഡിംഗ്സിന് കീഴിലുണ്ട്. ബുർജീൽ മെഡിക്കൽ സിറ്റി ഉൾപ്പെടെ 16 ഹോസ്പിറ്റലുകൾ, 23 മെഡിക്കൽ സെന്ററുകൾ, 15 ഫാർമസികൾ, അനുബന്ധ സേവനങ്ങൾക്കായി 7 സ്ഥാപനങ്ങൾ എന്നിവ ഈ ശൃംഖലയുടെ ഭാഗമാണ്. ഇൻപേഷ്യന്റ്സ് വിഭാഗത്തിൽ ഏകദേശം 17 ശതമാനവും ഔട്ട് പേഷ്യന്റ്സ് വിഭാഗത്തിൽ ഏകദേശം 12 ശതമാനവും വിപണി വിഹിതമാണ് ബുർജീൽ ഹോൾഡിംഗ്സിനുളളത്.
2007-ൽ സ്ഥാപിതമായ ബുർജീൽ ഹോൾഡിംഗ്സ് സംയുക്ത സംരംഭങ്ങളിലൂടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും 2030-ഓടെ സൗദി അറേബ്യയിൽ $1 ബില്യൺ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.