ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. കാർബൺ എമിഷൻ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളിലെ വാഹനങ്ങൾ ഇലക്ട്രിക് ആക്കാൻ സൈന്യം പദ്ധതിയിടുന്നത്. 25 ശതമാനം ലൈറ്റ് വെഹിക്കിളുകളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോർസൈക്കിളുകളുമാണ് ഇലക്ട്രിക് ആക്കി മാറ്റുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത്. ഇതിനായി ഫാസ്റ്റ് ചാർജറുകളും സ്ലോ ചാർജറുകളും അടങ്ങിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ആർമി വൃത്തങ്ങൾ അറിയിച്ചു. സോളാർ പാനലുകൾ സ്ഥാപിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ 60 ബസുകൾക്കും 24 ഫാസ്റ്റ് ചാർജറുകൾക്കുമുള്ള ടെൻഡറുകൾ ഉടൻ വിളിക്കുമെന്നും ആർമി പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനായി, കഴിയുന്നത്ര ഇടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനുള്ള റോഡ് മാപ്പ് തയ്യാറാക്കുകയാണ് സൈന്യം. പൊതുജനങ്ങൾക്കുളള ട്രാൻസ്പോർട്ടിന്റെ ഭാഗമായി സൈന്യം ഇവികൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഡൽഹി കന്റോൺമെന്റ് പോലുള്ള സ്റ്റേഷനുകളിൽ ഇവികൾ വാടകയ്ക്കെടുക്കുന്നതിനോ അല്ലെങ്കിൽ ഇൻഡക്ടുചെയ്യുന്നതിനോ ആയി ഇതിനകം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ചാർജിംഗ് സ്റ്റേഷനുകളും സാധാരണക്കാർക്കായി തുറന്നിട്ടുണ്ടെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
Indian Army to replace light vehicles, buses and motorcycles with EVs.