ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് ലോകമെമ്പാടും മണിക്കൂറുകളോളം പ്രവർത്തനരഹിതമായി.
ആഗോളതലത്തിൽ എക്കാലത്തെയും ദൈർഘ്യമേറിയ outage ആണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉച്ചയ്ക്ക് ശേഷം ഇൻസ്റ്റന്റ് മെസേജിംഗ് സേവനം പ്രവർത്തിക്കുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും ഉച്ചയ്ക്ക് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തനതടസ്സം നേരിടുന്നു. ഏകദേശം 30,000-ത്തോളം റിപ്പോർട്ടുകൾ ഓൺലൈനിൽ ഡൗൺഡിറ്റക്റ്റർ റിപ്പോർട്ട് ചെയ്യുന്നു. Downdetector ലൈവ് ഔട്ടേജ് മാപ്പിൽ, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ലഖ്നൗ എന്നിവയുൾപ്പെടെ മിക്ക മെട്രോ നഗരങ്ങളും ഹോട്ട്സ്പോട്ടുകളായി രേഖപ്പെടുത്തി.
കൂടുതൽ എവിടെയൊക്കെയാണ് പ്രശ്നമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതേയുളളു.
സന്ദേശങ്ങൾ അയക്കുന്നതിലും സ്വീകരിക്കുന്നതിലും പ്രശ്നം നേരിടുകയും ആപ്പ് ക്രാഷ് ആകുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യപ്പെട്ടു. സന്ദേശങ്ങൾ ഡെലിവറി ചെയ്യുമ്പോൾ പോലും, ഡെലിവറി സ്റ്റാറ്റസ് ഹൈലൈറ്റ് ചെയ്യുന്നതിൽ ആപ്പ് പരാജയപ്പെടുന്നു. യുകെയിലുടനീളമുള്ള ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്ക്കാൻ കഴിയാത്തതിനെ കുറിച്ച് പോസ്റ്റുചെയ്തു. ചില ആളുകൾക്ക് നിലവിൽ സന്ദേശങ്ങൾ അയയ്ക്കുന്നതിൽ പ്രശ്നമുണ്ടെന്ന് ഞങ്ങൾക്കറിയാം, കഴിയുന്നത്ര വേഗത്തിൽ എല്ലാവർക്കും വാട്ട്സ്ആപ്പ് പുനഃസ്ഥാപിക്കാൻ ആണ് ശ്രമിക്കുന്നത്, വാട്ട്സ്ആപ്പിന്റെ ഉടമസ്ഥ കമ്പനിയായ മെറ്റയുടെ വക്താവ് പറഞ്ഞു. ട്വിറ്ററിലും മറ്റ് പ്ലാറ്റ്ഫോമുകളിലും #WhatsAppDown എന്ന ഹാഷ്ടാഗോടുകൂടിയ ഒരു meme പ്രചരിക്കുകയാണ്. തങ്ങളുടെ ഇന്റർനെറ്റ് സേവനമാണ് പ്രശ്നമെന്ന് ആദ്യം കരുതിയതായി പല ഉപയോക്താക്കളും ട്വീറ്റ് ചെയ്തു.