കൊച്ചുകുട്ടികൾ അവരുടെ ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തുന്ന പരിപാടികളാണ് സാഹിതിവാണിയുടെ ഉള്ളടക്കം. കണ്ടന്റ് തയ്യാറാക്കുന്നതും കുട്ടികൾ തന്നെ. 2020 നവംബർ 20 ലോകശിശുദിനത്തിനാണ് സാഹിതിവാണിയെന്ന കുട്ടികളുടെ റേഡിയോ എയർ ചെയ്യുന്നത്.
ഇൻറർനെറ്റും, ടെലിവിഷനും മാത്രം ശീലമുള്ള പുതിയ തലമുറയ്ക്ക് പഴയ റേഡിയോ കാലം തിരിച്ചു കൊടുക്കുക എന്ന ആശയവുമായാണ് സാഹിതിവാണി പ്രവർത്തിക്കുന്നത്. കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുള്ള കുട്ടികളും, അവർക്ക് സഹായമായി കുറച്ച് അധ്യാപകരുമാണ് സാഹിതിവാണിയുടെ അണിയറയിൽ ഉള്ളത്. സാഹിതിവാണി 1.14 എന്ന പേരിലും പ്രത്യേകതയുണ്ട്. ഒരു റേഡിയോ സ്റ്റേഷൻ ആയതുകൊണ്ട് കേൾക്കുന്നവർ ഒരു ഫ്രീക്വൻസി നമ്പറായി കരുമെങ്കിലും തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പതിനാല് ജില്ലകളിലെ വാഹന രജിസ്ട്രേഷൻ നമ്പറാണ് ഇത്.
നിരവധി അംഗീകാരങ്ങളും സാഹിതിവാണിയെന്ന കുട്ടികളുടെ റേഡിയോ കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിൽ ആദ്യമായി കുട്ടികൾ നിയന്ത്രിക്കുന്ന ഇൻറർനെറ്റ് റേഡിയോ എന്ന ടൈറ്റിൽ നേടിയെടുത്ത സാഹിതിവാണി മികച്ച ക്വാളിറ്റി പ്രോഗ്രാമുകൾ എയർ ചെയ്യുന്നതിലൂടെ ഐഎസ്എസ്ഒ ഇൻക്രെഡിബിൾ ബുക്ക്സ് റെക്കോഡ്സിലും ഇടംപിടിച്ചു. സിബിഎസ്സിയും,തിങ്ക് സ്റ്റാർട്ടപ്പും സംയുക്തമായി സംഘടിപ്പിച്ച ‘യൂത്ത് ഐഡിയാതോൺ’ എന്ന എൻട്രപ്രണർ മൽസരത്തിൽ മികച്ച വിദ്യാഭ്യാസ ആശയത്തിനുള്ള പുരസ്കാരവും സാഹിതിവാണിയ്ക്ക് ലഭിച്ചു. സക്സസ് കേരളാ ബിസിനസ് കോൺക്ളേവിൽ നിന്നും , റോട്ടറി ഇൻറർനാഷണലിൽ നിന്നും ലോകത്തിലെ പ്രായം കുറഞ്ഞ മീഡിയാ ഓൻട്രപ്രനർ പുരസ്കാരം സാഹിതിവാണിയുടെ സ്റ്റേഷൻ ഡയറക്ടറായ ആലുവിനും ലഭിച്ചു.
ഒരു ഇൻർനെറ്റ് റേഡിയോ ആയതുകൊണ്ട് തന്നെ സാഹിതിവാണിക്ക് ഒരു സ്റ്റേഷൻറെ ആവശ്യമില്ല.ഓരോ കുട്ടികളുടെയും വീട് തന്നെയാണ് സ്റ്റേഷൻ. കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്നതും കുട്ടികൾ തന്നെയാണ്. അധ്യാപകരുടെ മേൽ നോട്ടത്തിൽ മൂന്ന് റൗണ്ട് ഫിൽട്ടറിങ്ങിന് ശേഷം എഡിറ്റിങ്ങിന് പോകും. പ്രോഗ്രാം എഡിറ്റ് ചെയ്യുന്നതും കുട്ടികൾ തന്നെയാണ് അതിനുശേഷമാണ് എയർചെയ്യുന്നത്.