ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡൽഹി-മുംബൈ അതിവേഗ പാതയുടെ ആദ്യ ഘട്ടം തുറന്നുകൊടുത്തു
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡൽഹി-മുംബൈ അതിവേഗ പാതയുടെ ഭാഗമായ രാജസ്ഥാനിലെ സോഹ്ന – ദൗസ – ലാൽസോട്ട് പാത (246 കി.മീ.) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ ഡൽഹി-ജയ്പൂർ യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.1,386 കിലോമീറ്ററുള്ള, അലൈൻമെന്റ് ഒപ്റ്റിമൈസേഷനോടെ നിർമ്മിക്കുന്ന 8 ലൈൻ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ പൂർത്തിയാകുന്നതോടെ മുംബൈ-ഡൽഹി യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയും.
അതിവേഗം ബഹുദൂരം
21 മീറ്റർ മീഡിയനിൽ വികസിപ്പിച്ച ആദ്യ എക്സ്പ്രസ് വേയാണിത്. അതിവേഗ പാതയ്ക്ക് ഒരു അത്യാധുനിക ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനവുമുണ്ട്. പാത കടന്ന് പോകുന്ന രൺതമ്പോർ വന്യജീവി സങ്കേതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി വന്യജീവി സൗഹൃദമായ അനിമൽ ഓവർ പാസുകളും അണ്ടർപാസുകളും അതിർത്തിയിൽ മതിലുകളും ഉൾക്കൊള്ളിച്ച ഏഷ്യയിലെ തന്നെ ആദ്യ എക്സ്പ്രസ് വേയാണിത്.
ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ, ഡിജിറ്റൽ ബന്ധിപ്പിക്കൽ, വീടുകളുടെയും കോളേജുകളുടെയും നിർമ്മാണം എന്നിവയിൽ നിക്ഷേപം നടത്തുമ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ശാക്തീകരിക്കപ്പെടും.
എക്സ്പ്രസ് ഹൈവേയിൽ പ്രാദേശിക കർഷകരെയും കരകൗശല തൊഴിലാളികളെയും സഹായിക്കാൻ ’ഗ്രാമീൺ ഹാട്ടുകൾ’ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
എക്സ്പ്രസ് വേയിൽ വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക പാതകൾ, വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ, ട്രോമാ സെന്ററുകൾ, ഓരോ രണ്ട് കി.മീറ്ററിലും സഹായ കേന്ദ്രങ്ങൾ. യാത്രാനുഭവം മെച്ചപ്പെടുത്താനായി നിരവധി സൗകര്യങ്ങളുള്ള 94 വഴിയോര കേന്ദ്രങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
നിർമ്മാണത്തിന് 12 ലക്ഷം ടൺ സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. അതായതു 50 ഹൗറ പാലം നിർമ്മിക്കുന്നതിന് തുല്യമായ സ്റ്റീൽ ആണ് എക്സ്പ്രസ് ഹൈവേയ്ക്കായി ഉപയോഗിക്കുന്നത്.
വികസനമാണ് ലക്ഷ്യം
ലോകത്തിലെ ഏറ്റവും നൂതനമായ അതിവേഗപാത, വികസന ഇന്ത്യയുടെ ഒരു മഹത്തായ ചിത്രമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജസ്ഥാനിൽ 5940 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന 247 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതാ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.
ആധുനിക റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ പാതകൾ, മെട്രോ, വിമാനത്താവളങ്ങൾ എന്നിവയിലൂടെ രാജ്യത്തിന്റെ വികസനവും ചലിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
9 വർഷമായി അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്ര സർക്കാർ വൻ നിക്ഷേപം നടത്തുന്നു. പുതിയ ബഡ്ജറ്റിൽ 10 ലക്ഷം കോടി രൂപ വകയിരുത്തി. അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപങ്ങൾ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കുകയും കൂടുതൽ തൊഴിൽ നല്കുകയും ചെയ്യുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര സഹമന്ത്രി വി.കെ.സിംഗ്, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും വീഡിയോ ലിങ്ക് വഴി ചേർന്നു.
അതിവേഗ പാതയുടെ ആദ്യഘട്ടമായ സോഹ്ന – ദൗസ – ലാൽസോട്ട് പാതയുടെ നിർമ്മാണ ചെലവ് 12,150 കോടിയാണ്. ഭാവിയിൽ 12 ലൈനുകളായി വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണം തുടരുകയാണ്.
പദ്ധതി പൂർത്തിയാകുമ്പോൾ 4,000 സിവിൽ എൻജിനിയർമാർക്ക് ഉൾപ്പെടെ സൃഷ്ടിക്കപ്പെടുന്നത് 10 കോടി തൊഴിൽ ദിനങ്ങളാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
- മുംബയ്-ഡൽഹി അതിവേഗ പാതയുടെ ആകെ നീളം: 1,386 കിലോമീറ്റർ ആണ്
- പാത യാഥാർഥ്യമാകുന്നതോടെ നിലവിലെ മുംബയ്-ഡൽഹി ദൂരം 1,424 കി.മീറ്ററിൽ നിന്ന് 1,242 കി.മീറ്ററായും യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായും കുറയും
- പ്രതിവർഷം ഏകദേശം 30000 കോടി ലിറ്റർ ഇന്ധനം ഇങ്ങനെ ലഭിക്കാമെന്നാണ് കണക്ക്
- 80000 കിലോഗ്രാം കാർബൺ മലിനീകരണം കുറയും
- 500 മീറ്റർ ഇടവേളയിൽ മഴവെള്ള സംഭരണത്തിന്റെ 2,000 ലധികം റീചാർജ് പോയിന്റുകൾ സ്ഥാപിക്കുന്നു
- ഹരിയാനയിലെ ഗുരുഗ്രാം, സോഹ്ന, നൂഹ്, മേവാത്ത്, രാജസ്ഥാനിലെ അൽവാർ, ദൗസ എന്നിവയെ ബന്ധിപ്പിക്കും
93 പി.എം ഗതി ശക്തി ഇക്കണോമിക് നോഡുകൾ, 13 തുറമുഖങ്ങൾ, എട്ട് പ്രധാന വിമാനത്താവളങ്ങൾ, എട്ട് മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്കുകൾ, ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളായ ജെവാർ എയർപോർട്ട്, നവി മുംബയ് എയർപോർട്ട്, ജെ.എൻ.പി.ടി പോർട്ട് , എന്നിവയുമായും ബന്ധിപ്പിക്കുന്നു. പ്രധാന നഗരങ്ങളായ ജയ്പൂർ,കോട്ട, ഇൻഡോർ, ഭോപ്പാൽ, വഡോദര, സൂറത്ത് എന്നിവിടങ്ങളിലേക്ക് കണക്ടിവിറ്റി നല്കുന്ന 40ലധികം പ്രധാന ഇന്റർചേഞ്ചുകളുമുണ്ട്.
Prime Minister Narendra Modi inaugurated the Sohna – Dausa – Lalsot stretch (246 km) in Rajasthan, part of the longest Delhi-Mumbai Expressway in India. With this, Delhi-Jaipur travel time will be reduced from five hours to three-and-a-half hours. With the completion of the 1,386-km, 8-lane Greenfield Expressway, which will be constructed with alignment optimization, the Mumbai-Delhi travel time will be reduced from 24 hours to 12 hours.