സസ്യതുകൽ മുതൽ സിലിക്കൺ വരെ കേരളമുണ്ടാക്കും, വണ്‍വീക്ക് വണ്‍ ലാബ് തിരുവനന്തപുരത്ത്
കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍- സാങ്കേതികവിദ്യാ കൈമാറ്റത്തിന് ധാരണാപത്രം ഒപ്പിട്ട് CSIR-NIIST
കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ മൂന്ന് ധാരണാപത്രം ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CSIT-NIIST (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി). ഒരാഴ്ച നീണ്ടു നില്ക്കുന്ന വണ്‍വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO അടക്കമുള്ള പങ്കാളികളുമായി ധാരണാപത്രം ഒപ്പിട്ടത്.
ആശുപത്രി മലിന്യങ്ങള്‍ ജൈവവളമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ, ബയോ-ഇലക്ട്രോകെമിക്കല്‍ റിയാക്ടര്‍, നാളികേര മാലിന്യം കാര്‍ഷികാവശിഷ്ടം എന്നിവയില്‍ നിന്ന് സ്പൂണ്‍ പോലുള്ള ഉത്പന്നങ്ങള്‍, നൈെപുണ്യവികസനം തുടങ്ങിയ മേഖലകളിലും CSIR-NIISTവിവിധ പൊതു-സ്വകാര്യ പങ്കാളികളുമായി ധാരണാപത്രം ഒപ്പു വച്ചു.
പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (NIIST) കാമ്പസില്‍ ‘വണ്‍ വീക്ക് വണ്‍ ലാബ്‘ ഉദ്ഘാടന വേളയില്‍ CSIR ഡയറക്ടര്‍ ജനറലും DSIR സെക്രട്ടറിയുമായ ഡോ. എന്‍. കലൈസെല്‍വി, NIIST ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, CSIR-NIIST റിസര്‍ച്ച് കൗണ്‍സില്‍ ചെയര്മാന് പ്രൊഫ. ജാവേദ് ഇക്ബാല്‍, സിഎസ്ഐആര്‍- എന്‍.ഐ.ഐ.എസ്.ടി ചീഫ് സയന്റിസ്റ്റ് ഡോ.പി.നിഷി തുടങ്ങിയവര്‍ കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിച്ച തുകല്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി മെഡിക്കല്‍ മാലിന്യങ്ങളില്‍ നിന്ന് ജൈവവളവും കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് തുകല്‍ ഉത്പന്നങ്ങളും നിര്‍മ്മിച്ചത് എന്‍.ഐ.ഐ.എസ്.ടിയുടെ മികച്ച നേട്ടമാണ്. ഈ മാതൃകയില്‍ പുതിയ പദ്ധതികളും തന്ത്രങ്ങളും ആവിഷ്കരിക്കണമെന്നും കലൈസെല്‍വി പറഞ്ഞു.
വണ്‍ വീക്ക് വണ്‍ ലാബിന്റെ ഭാഗമായുള്ള മില്ലറ്റ് ഫെസ്റ്റിവെലിന്റെ ഉദ്ഘാടനവും കലൈസെല്‍വി നിര്‍വ്വഹിച്ചു.
മുംബൈയിലെ സ്ത്രീകായ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് തുകൽ നിർമാണത്തിന് NIIST ധാരണാപത്രം ഒപ്പിട്ടത്.
കൃത്രിമമായോ മൃഗങ്ങളില്‍ നിന്നോ തുകല്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയകളില്‍ അപകടകരമായ രാസവസ്തുക്കളും, ധാരാളം മലിനജലം ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജ ഉപഭോഗപ്രക്രിയകളും ഉള്‍പ്പെടുന്നു. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് വിവിധ കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും ഉപോല്‍പ്പന്നങ്ങളില്‍ നിന്നും സസ്യജന്യമായ തുകല്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സിഎസ്ഐആര്‍-നിസ്റ്റ് ശാസ്ത്രജ്ഞര്‍ ഏറ്റെടുത്തത്.
മാമ്പഴത്തോല്‍, വാഴത്തണ്ട്, കൈതച്ചക്കയുടെ അവശിഷ്ടം, കള്ളിച്ചെടി, കുളവാഴ, നെല്ലുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍, മറ്റ് കാര്‍ഷികാവശിഷ്ടങ്ങള്‍, ഉപോല്‍പ്പന്നങ്ങള്‍ തുടങ്ങിയ അസംസ്കൃതവസ്തുക്കളില്‍ നിന്ന് വികസിപ്പിച്ചെടുത്ത തുകലില്‍, 50 ശതമാനം വരെ കൃത്രിമ രാസവസ്തുക്കള്‍ കുറവാണ്. മാത്രമല്ല ചെലവും പകുതിയേ ആകുന്നുള്ളൂ.
കാര്‍ഷിക-മാലിന്യത്തിന്റെ തരം അടിസ്ഥാനമാക്കി വ്യത്യസ്ത നടപടിക്രമങ്ങള്‍ അനുസരിച്ചാണ് സസ്യജന്യ തുകല്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ നിസ്റ്റിലെ ശാസ്ത്രജ്ഞര്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ജനങ്ങളുടെയും സര്‍ക്കാരിന്റെയും മികച്ച പിന്തുണയുള്ളതിനാല്‍ ഈ സാങ്കേതിക വിദ്യയ്ക്ക് വിപണിയില്‍ മികച്ച സ്ഥാനം നേടിയെടുക്കാനാകും. മൃഗജന്യ തുകലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ടെന്‍സൈല്‍ ശക്തി, ഫിനിഷിംഗ്, ജലപ്രതിരോധശേഷി, താപപ്രതിരോധശേഷി, സ്ഥിരത തുടങ്ങിയവ ഇതിനുണ്ട്. .ഉല്‍പ്പന്നത്തിന്റെ ആയുസ്സ് മൂന്ന് വര്‍ഷത്തിലധികമാണ്.
DRDOയുമായി ചേർന്ന് അലുമിനിയം സിലിക്കൺ കാര്‍ബൈഡ് കോമ്പോസിറ്റ്
വിമാനങ്ങളിലെ നിയന്ത്രണ സംവിധാനത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം സിലിക്കൺ കാര്‍ബൈഡ് കോമ്പോസിറ്റാണ് എയ്റോനോട്ടിക്കല്‍ ഡെവലപ്മന്റ് എസ്റ്റാബ്ലിഷ്മന്റ്(എഡിഇ)-ഡിആര്‍ഡിഒയും സിഎസ്ഐആര്‍-നിസ്റ്റും ചേര്‍ന്ന് വികസിപ്പിച്ചെടുത്തത്. ഈ വിഭാഗത്തില്‍ ഇറക്കുമതി ചെയ്യുന്ന ഘടകത്തേക്കാള്‍ ഏറെ മികച്ച് നില്‍ക്കുന്നതാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ഉത്പന്നം. ആത്മനിര്‍ഭര്‍ ഭാരത് നയത്തിലൂടെ രാജ്യത്തിന്റെ തന്ത്രപ്രധാനപ്രതിരോധ മേഖലയ്ക്ക് ഈ ഉത്പന്നം പുത്തനുണര്‍വ് നല്‍കും.സിഎസ്ഐആര്‍-നിസ്റ്റ് വികസിപ്പിച്ചെടുത്ത ഈ ഉത്പന്നം ഡോ. എന്‍ കലൈസെല്‍വി എഡിഇ ഡിആര്‍ഡിഒയ്ക്ക് കൈമാറി.
- ദുര്‍ഗന്ധം വമിക്കുന്ന ആശുപത്രി മാലിന്യങ്ങളെ വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ സിഎസ്ഐആര്‍-നിസ്റ്റ് പങ്ക് വയ്ക്കുന്നത് അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പായ ബയോ വസ്തും സൊല്യൂഷന്സുമായാണ്. ഡ്യുവല്‍ ഡിസ് ഇന്ഫെക്ഷന് സോളിഡിഫിക്കേഷന്‍ എന്ന സാങ്കേതികവിദ്യയാണ് നിസ്റ്റ് വികസിപ്പിച്ചെടുത്തത്. ഇതു വഴി രക്തം, കഫം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍, ദന്തമാലിന്യങ്ങള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മാലിന്യങ്ങള്‍, കോട്ടണ്‍ ബാന്‍ഡേജ്, ലാബ് മാലിന്യങ്ങള്‍ എന്നിവ വളരെ പെട്ടന്ന് തന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും.
രാജ്യത്തെ 37 CSIR-NIIST ലബോറട്ടറികളില്‍ ഒരാഴ്ചത്തെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് എന്‍ഐഐഎസ്ടിയില്‍ സമ്മേളനം നടക്കുന്നത്. എന്‍ഐഐഎസ്ടി ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും പൈതൃകത്തിന്റെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദര്‍ശനത്തിന് 18 വരെ നടക്കുന്ന സമ്മേളനം സാക്ഷ്യം വഹിക്കും.
റബ്ബര്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: ഡോ. എന്‍. കലൈസെല്‍വി
റബ്ബര്‍ ഉത്പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന ആഗോള ആവശ്യം പരിഗണിച്ച് എന്‍.ഐ.ഐ.എസ്.ടി ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലും ഡിഎസ്ഐആര്‍ സെക്രട്ടറിയുമായ ഡോ. എന്‍. കലൈസെല്‍വി ആവശ്യപ്പെട്ടു.
നിലവില്‍ റബ്ബര്‍ ഉത്പന്നങ്ങള്‍ക്കായി ഇന്ത്യ വലിയ തോതില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണെന്നും രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും റബ്ബര്‍ കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ഇത് മറികടക്കാനാകുമെന്നും കലൈസെല്‍വി പറഞ്ഞു.
- ആത്മനിര്‍ഭര്‍ ഭാരത്, മേയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന വേളയില്‍ തന്നെ റബ്ബറില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യണം. ഏതു കാലാവസ്ഥയിലും ഏതു പ്രദേശത്തും വളരാനുള്ള റബ്ബറിന്റെ ശേഷി പ്രയോജനപ്പെടുത്താനാകണം. കേരളത്തിലെ റബ്ബര്‍ കൃഷിയുടെ വളര്‍ച്ച, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, ഇതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍, റബ്ബര്‍ കര്‍ഷകര്‍ക്കുള്ള സഹായം, കര്‍ഷകര്‍ക്ക് വിപണി കണ്ടെത്തല്‍ എന്നിവയില്‍ എന്‍.ഐ.ഐ.എസ്.ടിക്ക് വലിയ പങ്ക് വഹിക്കാനാകും.
- റബ്ബര്‍ പോലെ തന്നെ കയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വളര്‍ച്ചയിലും വ്യാപനത്തിലും എന്‍.ഐ.ഐ.എസ്.ടിക്ക് വ്യാവസായിക ഇടപെടല്‍ നടത്താനാകുമെന്നും കലൈസെല്‍വി കൂട്ടിച്ചേര്‍ത്തു.
Central government institution CSIT-NIIST (National Institute for Interdisciplinary Science and Technology) has signed three MoUs including technology to produce plant-based leather from agricultural residues. The memorandum of understanding was signed with partners including Defense Research Organization DRDO as part of the One Week One Lab programme.