ജനസംഖ്യയില്‍ ഇന്ത്യ ചെെനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തായിരിക്കുകയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കാനുള്ള ഒരു പ്രധാന കാരണവും അത് തന്നെ എന്നാണ് UN കണ്ടെത്തൽ. യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ (2023) പ്രകാരം ചെെനയുടെ ജനസംഖ്യ 142.57 കോടിയും ഇന്ത്യയുടേത് 142.86 കോടിയുമാണ്. ലോകജനസംഖ്യയാകട്ടെ 804.5 കോടിയും.
ഇന്ത്യ മുന്നോട്ട്
ജനസംഖ്യാ വളര്‍ച്ചാനിരക്ക് ഇന്ത്യക്ക് നേട്ടമാണെന്നാണ് യുഎന്‍ പ്രതിനിധി ആന്‍ഡ്രിയ പോജ്നര്‍ നിരീക്ഷിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും അധ്വാനിക്കാനാവുന്ന പ്രായത്തിലാണ്. നിലവില്‍ ഇന്ത്യയിലെ ആകെ ജനങ്ങളുടെ 68 ശതമാനം 15 മുതല്‍ 64 വരെ വയസുള്ളവരാണ്. 14 വയസുവരെയുള്ളവര്‍ 25 ശതമാനവും 64 വയസിന് മുകളിലുള്ളവര്‍ ഏഴ് ശതമാനവുമാണ്. അധ്വാനശേഷിയുള്ളവര്‍ കൂടുതലായിരിക്കുന്ന ഈ അവസ്ഥയില്‍ ജനസംഖ്യയില്‍ 50 ശതമാനവും മുപ്പതിന് താഴെ പ്രായമുള്ളവരായതിനാലാണ് ഇന്ത്യ വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള കാരണമെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതിലുമുണ്ട് സമയവും കാലവും
അതേസമയം ഇന്ത്യയുടെ ജനസംഖ്യാ നേട്ടം 2036 വരെയൊക്കെയേ നിലനില്‍ക്കാന്‍ സാധ്യതയുള്ളുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 2036ല്‍ അധ്വാന വിഭാഗത്തിന്റെ തോത് 64.9 ശതമാനമായിരിക്കുമ്പോള്‍ വൃദ്ധജനം 14.9 ശതമാനവും 14 വയസുവരെയുള്ളവര്‍ 20.1 ശതമാനവുമായിരിക്കും. ക്രമേണ അധ്വാന വിഭാഗത്തിന്റെ തോത് കുറയുവാനും ആശ്രിത ജനസംഖ്യ കൂടുകയും ചെയ്യുന്നതോടെ രാജ്യത്തിന്റെ വളര്‍ച്ചാതോതിനെ അത് ബാധിച്ചുതുടങ്ങും. അതിനെ മറികടക്കാനുള്ള മാനവ വിഭവ ശേഷി കൂട്ടുന്ന നടപടികളാണ് ഇന്ത്യൻ സർക്കാർ ചെയ്‌യേണ്ടതെന്നു അഭിപ്രായമുയരുന്നുണ്ട്. 2036 ഓടെ ജനസംഖ്യ നിരക്ക് കുറയുന്നത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് വേണ്ടത്.
ചൈന പിന്നോട്ട്
ചെെന ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അധ്വാന ശേഷിക്കാരുടെ കുറവാണ്. അവരുടെ ജനസംഖ്യയില്‍ 64 വയസിന് മുകളിലുള്ളവര്‍ 20 മുതല്‍ 30 വരെ ശതമാനം വര്‍ധിച്ചതിനാല്‍ ആശ്രിതരുടെ എണ്ണം കൂടുകയും അധ്വാന ശേഷിയുള്ളവര്‍ കുറയുകയുമാണെന്നതാണ്. ചെെന സാമ്പത്തിക കുതിപ്പിന് ശേഷം പിന്നാക്കം പോകാനുള്ള കാരണം യുവതയുടെയും 14 വയസുവരെയുള്ളവരുടെയും എണ്ണത്തിലെ കുറവാണ്. യുവജനങ്ങളുടെ ചുരുക്കം ജിഡിപി വളര്‍ച്ചയില്‍ മാന്ദ്യവും മുരടിപ്പും പ്രത്യക്ഷമാക്കുന്നു. ഏതാണ്ട് ഇതേ അവസ്ഥയിലാണ് യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും ദക്ഷിണകൊറിയയും എന്ന് UN റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ കണക്ക് ജനന മരണ നിരക്ക് പ്രകാരം
ലോകരാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രവും ഘടനയും മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഇനി ഇന്ത്യ തന്നെയായിരിക്കും ജനസംഖ്യയില്‍ എന്നും ഒന്നാം സ്ഥാനത്തെന്നും നിരീക്ഷിക്കപ്പെടുന്നു. 2050ല്‍ ഇന്ത്യന്‍ ജനസംഖ്യ 166.8 കോടിയും ചെെനയുടേത് 131.7 കോടിയുമായി മാറുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
2011ലായിരുന്നു ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. 2021ലെ സെന്‍സസ് കോവിഡ് കാരണങ്ങളാലും പൗരത്വപ്രക്ഷോഭം തുടങ്ങിയ സമരങ്ങള്‍മൂലവും മുടങ്ങുകയായിരുന്നു. അപ്പോള്‍ ഈ ഒന്നാംസ്ഥാനം ഏതുകണക്കനുസരിച്ചാണെന്ന ചോദ്യമുയരുന്നുണ്ട്. ജനനനിരക്ക് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് അടിസ്ഥാനമാക്കിയാണ് ജനസംഖ്യ നിര്‍ണയിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്.
പ്രസവ നിരക്ക് കുറയുന്ന ഇന്ത്യ
2023ലെ യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിൽ ഒരു സ്ത്രീ പ്രസവിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണം 2 മാത്രമാണ്. അങ്ങനെ വരുമ്പോൾ 2047 ആകുമ്പോള്‍ ജനസംഖ്യയില്‍ പ്രകടമായ രീതിയില്‍ ഇന്ത്യയില്‍ കുറവ് സംഭവിക്കുമെന്നാണ് UN പ്രവചനം. എന്നാല്‍ ആശ്രിത ജനസംഖ്യ കൂടുന്നതും അധ്വാനശേഷിയുള്ളവർ കുറയുന്നതും വെല്ലുവിളിയാകും.
സമീപ ഭാവിയിൽ ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നം സ്ഥലവും കാലവുമായി പൊരുത്തപ്പെടാത്ത അമിത ജനസംഖ്യ തന്നെയാകും. ഇത്രയും ജനങ്ങള്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ സാധ്യതകളും ജീവിതനിലവാരവും സമത്വവും ഉറപ്പാക്കുന്നതില്‍ രാജ്യം എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം, വലിയൊരു വിഭാഗത്തിന് കുടിവെള്ളം, ശുചിമുറികള്‍ എന്നിവയുടെ അപ്രാപ്യത തുടങ്ങിയ കാര്യങ്ങള്‍ ഇനിയും പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു. ആഗോള വിശപ്പ് സൂചിക (ജിഎച്ച്ഐ) പ്രകാരം കുട്ടികളുടെ പോഷകാഹാരക്കുറവ് ലോകത്ത് ഏറ്റവും രൂക്ഷമായി തുടരുന്നതും ഇന്ത്യയിലാണ്- 19.3 ശതമാനം. ഇന്ത്യയിലെ 22.4 കോടി ആളുകള്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നുമില്ല.
ഇന്ത്യക്കു വേണം 7 % വളർച്ചാ നിരക്ക്
നിലവിലെ 6 % കടന്ന ഇന്ത്യയുടെ വളർച്ചാ നിരക്ക് ഇനി കുറയുവാൻ പാടില്ലെന്നാണ് നിഗമനങ്ങൾ. അത് 7 % എന്ന തോതിലേക്കെത്തിച്ചു നിലനിർത്തണം. അല്ലെങ്കിൽ ലോകം ഭീതിയോടെ കാത്തിരിക്കുന്ന ദാരിദ്യം ഇന്ത്യയെയും വരിഞ്ഞു മുറുക്കിയെക്കാം. കോവിഡാനന്തരം ആഗോള ഭക്ഷ്യസുരക്ഷ മെച്ചപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് ഐക്യരാഷ്ട്ര സംഘടന ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമിന മുഹമ്മദ് വ്യക്തമാക്കിയിരുന്നു. 2030ഓടെ ലോകത്ത് 67 കോടി ജനത പട്ടിണിയിലാകുമെന്നും അതിദാരിദ്ര്യം നേരിടുന്ന ആളുകളില്‍ മൂന്നിലൊന്നും കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാകുമെന്നും അമിന സൂചിപ്പിക്കുന്നു.
എന്നാല്‍ ഇന്ത്യ ഈ ഭീഷണിയുടെ പരിധിയില്‍പ്പെടുന്നില്ല. അരിയുടെയും ഗോതമ്പിന്റെയും പഞ്ചസാരയുടെയും ഉല്പാദനത്തില്‍ ഇന്ത്യ ഇപ്പോള്‍ത്തന്നെ രണ്ടാം സ്ഥാനത്താണ്. മറിച്ച് ഭക്ഷ്യ എണ്ണയുടെയും ക്രൂഡ് ഓയിലിന്റെയും ഇറക്കുമതിയില്‍ മുന്‍നിരയിലുമാണ്. രാജ്യത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ഏഴ് ശതമാനം വളര്‍ച്ച നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം തൊഴിലില്ലായ്മ രൂക്ഷമാവും. 2030ന് മുമ്പ് 90 ദശലക്ഷം തൊഴിലവസരങ്ങള്‍ ജനസംഖ്യാനുപാതികമായി രാജ്യത്ത് സൃഷ്ടിക്കേണ്ടിയിരിക്കുന്നു.