സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ ലാഭത്തിൽ നാലിരട്ടി വർദ്ധന. 2021-22-ൽ 13.20 കോടി രൂപയായിരുന്ന ലാഭം, 2022-23 ൽ 50.19 കോടി രൂപയായി ഉയർന്നു. വായ്പാ ആസ്‌തി 4750.71 കോടി രൂപയിൽ നിന്നും 6529.40 കോടി രൂപയായി ഉയർന്നു. ചരിത്രത്തിൽ ഇത് ആദ്യമായാണ് കെ.എഫ്.സി.യുടെ വായ്പാ ആസ്‌തി 5000 കോടി രൂപ കടക്കുന്നത്.
കെ.എഫ്.സി.യുടെ പലിശ വരുമാനത്തിൽ 38.46% വളർച്ച രേഖപ്പെടുത്തി 543.64 കോടി രൂപയായി വർദ്ധിച്ചു. മൊത്തവരുമാനം 518.17 കോടി രൂപയിൽ നിന്നും 2023 മാർച്ച് 31 – ൽ 694.38 കോടി രൂപയായി. നിഷ്ക്രിയ ആസ്തി ഗണ്യമായി കുറക്കാൻ കഴിഞ്ഞു. മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.27 ശതമാനത്തിൽ നിന്ന് 3.11 ശതമാനമായി കുറഞ്ഞു. കൂടാതെ അറ്റ നിഷ്ക്രിയ ആസ്തി 1.28 ശതമാനത്തിൽ നിന്ന് 0.74 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞവർഷം, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കുമായി കെ.എഫ്.സി. 3207.22 കോടി രൂപ വായ്പ അനുവദിച്ചു. 2022-23 സാമ്പത്തിക വർഷം രജിസ്റ്റർ ചെയ്തത് 1.5 ലക്ഷം എംഎസ്എംഇകൾ .
സംരംഭകത്വ വർഷം മികച്ചതെന്ന് കെ.എഫ്.സി സിഎംഡി സഞ്ജയ് കൗൾ:
മൊത്തം വായ്പ വിതരണം 3555.95 കോടി രൂപയാണ്. 49 സ്റ്റാർട്ടപ്പുകൾക്ക് ‘സ്റ്റാർട്ടപ്പ് കേരള’പദ്ധതിയിൽ 59.91 കോടി രൂപ വായ്പ നൽകി. ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ പ്രകാരം 2404 സംരഭങ്ങൾക്കു 5% വാർഷിക പലിശ നിരക്കിൽ മൊത്തം 472 കോടി രൂപ വായ്പ നൽകി. ഈ പദ്ധതികൾക്കെല്ലാം സർക്കാർ 3 ശതമാനം പലിശ സബ്സിഡി നല്‍കിവരുന്നു. സ്പെഷ്യൽ റിക്കവറി വഴി 59.49 കോടി രൂപ സമാഹരിച്ചു.
സംസ്ഥാന സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചതോടെ, കെ.എഫ്.സി.യുടെ മൂലധന പര്യാപ്തത അനുപാതം (CRAR) കഴിഞ്ഞ വർഷത്തെ 22.41% ൽ നിന്ന് 25.58% ആയി മെച്ചപ്പെട്ടു. ഓഡിറ്റ് ചെയ്ത കണക്കുകൾ എല്ലാ വർഷവും ആദ്യം പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി.
“കഴിഞ്ഞ വർഷം, എംഎസ്എംഇകൾക്ക് 8% മുതൽ പലിശ നിരക്കിൽ കെ.എഫ്.സി. വായ്പ അനുവദിച്ചിരുന്നു. ആർബിഐ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് ഉയർത്തിയിട്ടും അടിസ്ഥാന നിരക്ക് ഉയർത്താതെ തന്നെ കെ.എഫ്.സി.ക്ക് മികച്ച പ്രകടനം നേടാനായത് ശ്രദ്ധേയമാണ്.
ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ:
“കോവിഡിന് ശേഷം സംസ്ഥാനത്തെ സാമ്പത്തികരംഗം ശക്തമായി തിരിച്ചുവരുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണാവുന്നതാണ്. ടൂറിസവും വ്യവസായവുമുൾപ്പെടെയുള്ള മേഖലകളിൽ ഉണർവുണ്ടായിരിക്കുന്നു. 70 വർഷത്തെ ചരിത്രത്തിലെ മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷം കെ.എഫ്.സി. രേഖപ്പെടുത്തിയത്. കെ.എഫ്.സി.യുടെ വായ്പാ തുക പതിനായിരം കോടി രൂപയായി ഉയർത്താനും കെ.എഫ്.സി.യെ രാജ്യത്തെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനമാക്കി മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.”
Kerala Financial Corporation, a state-owned financial institution, saw its profit quadruple. In 2022-23, the profit surged to Rs 50.19 crore from Rs 13.20 crore in 2021-22. Loan assets also increased significantly, reaching Rs 6529.40 crore compared to Rs 4750.71 crore. This is the first time in history that KFC’s loan assets have crossed Rs 5000 crore.