ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളെ നിയന്ത്രിക്കുന്നതിനുള്ള ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരട് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനാഭിപ്രായത്തിനായി നൽകാൻ സാധ്യത.
23 വർഷം പഴക്കമുള്ള ഐടി നിയമത്തിന്റെ നിയമഭേദഗതിക്ക് പകരം ഉറപ്പായ ഇന്റർനെറ്റ് സുരക്ഷയാണ് ഡിജിറ്റൽ ഇന്ത്യ നിയമം ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ എല്ലാത്തരം ജനവിഭാഗങ്ങളെയും സ്വാധീനിക്കുന്ന Twitter, Meta, Instagram തുടങ്ങിയ സമൂഹമാധ്യമങ്ങൾ അടക്കം ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ നിരീക്ഷണപരിധിയിൽ വരും. മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഗൂഗിൾ ഉടമസ്ഥരായ ആൽഫബെറ്റ്,ആപ്പിൾ എന്നിവയുൾപ്പെടെയുള്ള ബിഗ് ടെക് കമ്പനികളെ തടയാൻ നിയന്ത്രണങ്ങൾ ഉറപ്പായും ഉണ്ടാകും.
ഉപയോക്താക്കളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതെങ്ങനെയെന്ന് കമ്പനികൾ ജനങ്ങളെ അറിയിക്കാൻ ആവശ്യപ്പെടുന്ന വ്യവസ്ഥകളും നിർദ്ദിഷ്ട നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടേക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി കൂടുതൽ വിപുലമായ ചട്ടക്കൂട് ആവശ്യമാണ് എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതു.
കരട് ഈ മാസം ആദ്യം പുറത്തിറക്കാനിരിക്കുകയായിരുന്നു, ബംഗളൂരു, മുംബൈ എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ വിദഗ്ധരുമായി ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) പ്രതിനിധികൾ ചർച്ചകൾ നടത്തി സാധ്യതകൾ തേടിയിരുന്നു. നിയമ, വ്യവസായ പ്രമുഖരുമായി വീണ്ടും കൂടിയാലോചനകൾ നടത്തിക്കൊണ്ടിരിക്കുകയാണ് മന്ത്രാലയം.
നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
AI-യും മെഷീൻ ലേണിംഗും ഉപയോഗിക്കുന്ന ഐ ടി അധിഷ്ഠിത കമ്പനികൾക്കും ഇന്റർനെറ്റ് ഇടനിലക്കാർക്കും കർശനമായ ‘നോ-ഗോ ഏരിയകൾ’ നിർദ്ദേശിച്ചേക്കാം. അനന്തരഫലങ്ങൾ മനസ്സിലാക്കാതെ ഒരു ഉപയോക്താവ് അവരുടെ ഡാറ്റ പ്രോസസ്സിംഗിന് അശ്രദ്ധമായി സമ്മതം നൽകുന്നതുൾപ്പെടെ, ഉപയോക്താക്കൾക്ക് ഹാനികരമായേക്കാവുന്ന വശങ്ങൾ ‘നോ-ഗോ ഏരിയകളിൽ’ ഉൾപ്പെടും.
കമ്പനികൾ ഉപയോക്താക്കളെ അവരുടെ ഡാറ്റ അവരുടെ ഉടമസ്ഥതയിലുള്ള അൽഗോരിതം ഉപയോഗിച്ച് എങ്ങനെ ഉപയോഗിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നുവെന്ന് അറിയിക്കേണ്ടതുണ്ട്. നിയമത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനത്തിന് ഏറ്റവും കഠിനമായ ശിക്ഷകൾ കരട് വിഭാവനം ചെയ്തേക്കാം. ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഐടി ആക്റ്റ്, 2000-ൽ ഉണ്ടായിരുന്ന ചില വ്യവസ്ഥകൾ പുതിയ ഭേദഗതികളോടെ കർശനമായി കരടിൽ ഉണ്ടാകും.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡുകളുടെ അനുചിതവും അനധികൃതവുമായ ഡിജിറ്റൽ ഉപയോഗം, തെറ്റായ വിവരങ്ങൾ എന്നിവ പോലുള്ള പുതിയ കാലത്തെ കുറ്റകൃത്യങ്ങൾക്കുള്ള വസ്തുനിഷ്ഠമായ ശിക്ഷയും, ഏതൊക്കെയാകും അത്തരം കുറ്റകൃത്യങ്ങളിൽ ഉൾപെടുകയെന്നും വ്യക്തമായ നിർവ്വചനങ്ങൾ ഉൾപ്പെട്ടേക്കാം.
18 വയസ്സിന് താഴെയുള്ള ഒരു ഉപയോക്താവ് ഇത്തരം ഐ ടി കുറ്റകൃത്യങ്ങളിൽ ഉൾപെട്ടാൽ സാങ്കേതിക തലത്തിൽ കടുത്ത നടപടിക്ക് നിലവിൽ വ്യവസ്ഥകളൊന്നുമില്ല. ഇത്തരത്തിലുള്ള കേസുകൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളതായിരിക്കാം ബില്ലിന്റെ ചട്ടക്കൂട്.
ഐടി മന്ത്രാലയത്തിന്റെ മൂന്നാമത്തെ സുപ്രധാന നിയമ ഭേദഗതിയുടെ ഫലമായിരിക്കും ഡിജിറ്റൽ ഇന്ത്യ നിയമം. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ എന്ന് പേരിട്ടിരിക്കുന്ന പിൻവലിച്ച ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ ഒരു പുതിയ പതിപ്പ് 2022 നവംബറിൽ പൊതുജനോപദേശത്തിനായി MeitY പുറത്തിറക്കിയിരുന്നു. ഈ വർഷം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഈ ബില്ല് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതോടൊപ്പം ഡിജിറ്റൽ ഇന്ത്യ നിയമം കൊണ്ടുവരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.