വളരെ നിശബ്ദമായി വീണ്ടുമൊരു കുതിപ്പിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.
നികുതിയ്ക്ക് മുൻപുള്ള ലാഭം 20 ശതമാനമുയർത്തികാട്ടുകയാണ് ഗൗതം അദാനി കുടുംബത്തിന്റെ ലക്‌ഷ്യം. അങ്ങനെ 2-3 വർഷത്തിനുള്ളിൽ 90,000 കോടി രൂപയുടെ നികുതിയ്ക്ക് മുൻപുള്ള ലാഭം (EBITA -Earnings Before Interest, Taxes, and Amortization ) ആണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങൾ മുതൽ ഊർജ്ജം വരെയുള്ള ബിസിനസുകൾ തകർച്ച- ആരോപണ പ്രതിബന്ധങ്ങളെ മറികടന്നു വീണ്ടും ശക്തമായ വളർച്ച പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് അനുമാനം.
ഇടക്കാല വില്ലനായി അദാനി ഗ്രൂപ്പിലേക്ക് കടന്നു വന്നത് ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയ ആരോപണങ്ങളായിരുന്നു. പ്രതീക്ഷിക്കാതെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് ഒന്ന് ആടി ഉലഞ്ഞുവെന്നത് സത്യം. ഓഹരി വില കൃത്രിമം, കോർപ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയതോടെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ഏകദേശം 150 ബില്യൺ ഡോളർ ചോർന്നു. അവിടെ നിന്നുമാണ് ഇപ്പോളത്തെ കുതിപ്പ്.
അദാനി ഗ്രൂപ്പിലെ ഇപ്പോളത്തെ ചില പ്രധാന സംഭവവികാസങ്ങൾ ഇവയാണ്.
- നികുതിയ്ക്ക് മുൻപുള്ള ലാഭം 2-3 വർഷത്തിനുള്ളിൽ 90,000 കോടി രൂപയാക്കും
- വിമാനത്താവളങ്ങൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജം തുടങ്ങിയ മേഖലകളിൽ വൻ കുതിച്ചു കയറ്റം
- അദാനി ഓഹരികളിൽ ഒരു ബില്യൺ ഡോളർ മൂന്നാംഘട്ട നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായ GQG പാർട്‌ണേഴ്‌സ്.
- ഇക്വിറ്റി ഓഹരികള്‍ വിതരണം ചെയ്ത് 8500 കോടി സമാഹരിക്കാൻ ഓഹരിയുടമകള്‍ അദാനി ട്രാന്‍സ്മിഷന് അനുമതി നൽകി
- ഡാറ്റാ സെന്റര്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടി അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നും 213 മില്യണ്‍ ഡോളര്‍ വായ്പ എടുത്ത് AdaniConneX
- 120% ഓഹരി ലാഭവിഹിത വിതരണം പ്രഖ്യാപിച്ചു അദാനി എന്റർപ്രൈസസ്
- 25% ലാഭവിഹിതം നിശ്ചയിച്ചു അദാനി ടോട്ടൽ ഗ്യാസ്
അദാനി സംരംഭങ്ങൾ മുന്നോട്ട്
വിപുലീകരണത്തിനും വളര്‍ച്ച കൈവരിക്കുന്നതിനുമുള്ള മൂലധനത്തിനായി വിവിധ മാര്‍ഗങ്ങള്‍ തേടുന്ന അദാനി ട്രാന്‍സ്മിഷന്‍ 8500 കോടി സമാഹരിക്കുകയാണ്. QIP (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ്) അടിസ്ഥാനത്തില്‍ ഇക്വിറ്റി ഓഹരികള്‍ വിതരണം ചെയ്താണ് ഫണ്ട് സ്വരൂപിക്കുക. ഇതിനുള്ള അനുമതി കമ്പനിയ്ക്ക് ഓഹരിയുടമകള്‍ നല്‍കി.
നിര്‍മ്മാണത്തിലിരിക്കുന്ന ഡാറ്റാ സെന്റര്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടി അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നും 213 മില്യണ്‍ ഡോളര്‍ വായ്പ എടുത്തിരിക്കെയാണ് അദാനികോണെക്‌സ്. ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ വിപ്ലവം സൃഷ്ടിക്കുന്ന സംരംഭമാണ് ഡാറ്റ സെന്റർ.
INV ബാങ്ക്, മിസുഹോ ബാങ്ക്, MUFG ബാങ്ക്, നാറ്റിക്‌സിസ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ എന്നിവയാണ് വായ്പ നല്‍കിയത്.
AEL ഉം (അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്), എഡ്ജ്‌കോണെക്‌സും തമ്മിലുള്ള സംയുക്ത സംരഭമാണ് അദാനി കോണെക്‌സ്. ചെന്നൈയിലും നോയിഡയിലുമായി 67 മെഗാവാട്ടിന്റെ മൊത്തം ശേഷിയുള്ള രണ്ട് ഡാറ്റാ സെന്ററുകളാണ് കമ്പനി തുടങ്ങുന്നത്.
വിമാനത്താവളങ്ങൾ, സിമന്റ്, പുനരുപയോഗിക്കാവുന്ന ഊർജ്ജം, സോളാർ പാനലുകൾ, ഗതാഗതം, ലോജിസ്റ്റിക്സ്, ഊർജ്ജം, ട്രാൻസ്മിഷൻ തുടങ്ങിയ മേഖലകളിൽ ശക്തമായ വളർച്ചയാണ് തുറമുഖ-ഊർജ്ജ കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ നിക്ഷേപം നടത്തിയതിൽ ഏറിയ പങ്കും തുറമുഖ മേഖലയിലാണ്. ഊർജ്ജം,ഗതാഗതം, തുറമുഖങ്ങൾ എന്നിവയിലുടനീളം സുപ്രധാന പദ്ധതികൾ പൂർത്തിയാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഒന്നാം ഘട്ടം അടുത്ത വർഷം മെയിൽ കമ്മീഷൻ ചെയ്യാമെന്ന അവസ്ഥയിലാണ്.
പിന്നിലെ ശക്തിയായി GQG Partners
ഹിൻഡൻബർഗ് ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ അടിപതറിപ്പോയ അദാനി സാമ്രാജ്യത്തെ സധൈര്യം സഹായിക്കാൻ വന്നത് ആഗോള നിക്ഷേപകനായ രാജീവ് ജെയിന്റെ GQG പാർട്‌ണേഴ്‌സ് മാത്രമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നല്ല രണ്ടു തവണ അവരും സഹ നിക്ഷേപകരും ചേർന്ന് വിവിധ അദാനി ബിസിനസുകളിൽ നിക്ഷേപം നടത്തി. മാർച്ചിലാണ് GQG പാർട്ണേഴ്സ് നിക്ഷേപം തുടങ്ങിയത്. അന്ന് നാല് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ 2 ബില്യൺ ഡോളർ നിക്ഷേപിച്ചു. ഇതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് വിപണിയിൽ തിരികെ കയറിത്തുടങ്ങി. നാല്മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ജിക്യുജി പാർട്ണേഴ്സ് എൽഎൽസി, അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്നത്. അദാനി ഗ്രൂപ്പ് കമ്പനിയിലെ പങ്കാളിത്തം മെയ് 23 ന് ഇവർ 10 ശതമാനമായി ഉയർത്തിയിരുന്നു. ഇപ്പോളിതാ അദാനി ഓഹരികളിൽ മൂന്നാംഘട്ട നിക്ഷേപം നടത്തിയിരിക്കയാണ് യുഎസ് ആസ്ഥാനമായ ജിക്യുജി പാർട്‌ണേഴ്‌സ്. ജിക്യുജിയും മറ്റ് നിക്ഷേപകരും ബുധനാഴ്ച്ച ഒരു ബില്യൺ ഡോളർ മൂല്യമുള്ള അദാനി ഓഹരികൾ വാങ്ങി. അദാനി എന്റർപ്രൈസസിന്റെ 18 ദശലക്ഷം അഥവാ 1.6 ശതമാനം ഓഹരികളും അദാനി ഗ്രീൻ എനർജിയുടെ 35.2 ദശലക്ഷം അഥവാ 2.2 ശതമാനവും ഇവർ വാങ്ങിയതിൽ പെടുന്നു.
ബ്ലോക്ക് ഇടപാടിനെ തുടർന്ന് അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 5.5 ശതമാനം ഉയർന്ന് 2,405 രൂപയിലെത്തി
ലാഭവിഹിതത്തിലും ഞെട്ടിച്ചു അദാനി ഗ്രൂപ്പ്
120% ലാഭവിഹിത വിതരണം ജൂലൈ 7 നു നൽകാൻ നിശ്ചയിച്ചിരിക്കയാണ് അദാനി എന്റർപ്രൈസസ്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.20 രൂപ ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനി ഓഹരി 3 മാസത്തിൽ 33 ശതമാനം നേട്ടമുണ്ടാക്കി. 2023 ൽ മാത്രം 40 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. അതേസമയം 2 വർഷത്തിൽ 51 ശതമാനവും 3 വർഷത്തിൽ 1318 ശതമാനവും വളർച്ച കൈവരിച്ചു.
1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 25 പൈസ അഥവാ 25 ശതമാനമാണ് അദാനി ടോട്ടൽ ഗ്യാസ് ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്.
98 കോടി രൂപയാണ് നാലാംപാദത്തിൽ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. കഴിഞ്ഞവർഷം ഇതേ പാദത്തേക്കാൾ 21 ശതമാനം അധികം വരുമാനം, 10.2 ശതമാനം ഉയർത്തി 1114.8 കോടി രൂപയാക്കി.